ഫിലഡൽഫിയ അതിരൂപത കൾച്ചറൽ ഹെറിറ്റേജ് മാസ് മാർച്ച് 23 ന്
Saturday, March 23, 2019 3:33 PM IST
ഫിലഡൽഫിയ: ഫിലഡൽഫിയ അതിരൂപത സംഘടിപ്പിക്കുന്ന കൾച്ചറൽ മാസ് മാർച്ച് 23 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതൽ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്‍റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിലാണ് (18th Street & Benjamin Franklin Parkway) വിശുദ്ധ കുർബാനയും സാംസ്കാരിക ഘോഷയാത്രയും ക്രമീകരിച്ചിക്കുന്നത്. ഫിലഡൽഫിയ ആർച്ചുബിഷപ് ചാൾസ് ഷപ്യു ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും

അതിരൂപതയുടെ അജപാലന പരിധിയിൽ വരുന്ന മൈഗ്രന്‍റ് കാത്തലിക് കമ്യൂണിറ്റികളൂടെ സ്പിരിച്വൽ ഡയറക്ടർമാർ ദിവ്യബലിയിൽ സഹകാർമികരാവും. കേരളീയ കത്തോലിക്കാ പൈതൃകം കാത്തുസൂക്ഷിക്കുന്ന പള്ളികളെയും പ്രവാസി സമൂഹങ്ങളെയും പ്രതിനിധീകരിച്ച് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളി വികാരി ഫാ. വിനോദ് മഠത്തിപറന്പിൽ, സെന്‍റ് ജോണ്‍ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ, സെന്‍റ് ജൂഡ് സീറോ മലങ്കര ഇടവകവികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ഷാജി സിൽവ എന്നിവരും മറ്റു മൈഗ്രന്‍റ് കമ്യൂണിറ്റി വൈദികർക്കൊപ്പം സമൂഹബലിയിൽ കാർമികരാവും.

ദിവ്യബലിമധ്യേയുള്ള വിവിധ കർമ്മങ്ങളിലും പ്രാർഥനകളിലും, ഗാനശുശ്രൂഷകളിലും വിവിധ രാജ്യങ്ങളിൽനിìള്ള പ്രവാസി കത്തോലിക്കാ വിശ്വാസികൾ ഭാഗഭാക്കുകളാവും. ദിവ്യബലിക്കു മുൻപുള്ള പ്രവേശനപ്രാർത്ഥനാഗീതം, ബൈബിൾ പാരായണം, കാഴ്ച്ചവയ്പ് പ്രദക്ഷിണം, ബലിവസ്തു സമർപ്പണം, കാഴ്ച്ചവയ്പ് ഗാനങ്ങൾ, കുർബാന സ്വീകരണത്തിനുശേഷമുള്ള ഗാനങ്ങൾ, അഷേഴ്സ്, അൾത്താരശുശ്രൂഷകർ എന്നിങ്ങനെ വിവിധ റോളുകൾ വിവിധ രാജ്യക്കാർ കൈകാര്യം ചെയ്യും.

ദിവ്യബലിക്കുമുൻപായി അരങ്ങേറുന്ന സാസ്കാരിക ഘോഷയാത്ര ഓരോ രാജ്യക്കാരുടെയും മഹത്തായ പൈതൃകവും വേഷവിധാനങ്ങളും വിളിച്ചോതും. പരന്പരാഗതവേഷങ്ങൾ അണിഞ്ഞ് ഓരോ രാജ്യക്കാരും അവരവരുടെ ചർച്ച് ബാനറുകൾക്കു പിന്നിലായി പ്രദക്ഷിണത്തിൽ അണിനിരക്കും. "ഒ വിശ്വാസം, പല ആചാരങ്ങൾ, ഒ കുടുംബം' എന്നതാണ് ഈ വർഷത്തെ കൾച്ചറൽ ഹെറിറ്റേജ് മാസിന്‍റെ ചിന്താവിഷയം.

അതിരൂപതയുടെ ഓഫീസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്‍റ്സ് ആൻഡ് റഫ്യൂജീസ് ഡിപ്പാർട്ട്മെന്‍റ് ആണു കൾച്ചറൽ ഹെറിറ്റേജ് പ്രോസഷനും, ദിവ്യബലിയും സ്പോണ്‍സർ ചെയ്യുന്നത്. ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, കരീബിയൻ, ബ്രസീലിയൻ എന്നീ പ്രവാസി കത്തോലിക്കരെ കൂടാതെ നേറ്റീവ് അമേരിക്കൻ ഇന്ത്യൻ കത്തോലിക്കരും ക്നാനായ, സീറോമലബാർ, സീറോമലങ്കര, ലത്തീൻ എന്നീ ഭാരതീയ കത്തോലിക്കരും പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങൾക്ക് അനുഭവവേദ്യമാക്കും.

മൈഗ്രന്‍റ് സമൂഹങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിനും പരസ്പര സ്നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെടുന്നതിനും ഓരോ കുടിയേറ്റസമൂഹത്തിന്‍റെയും മഹത്തായ പൈതൃകം മറ്റുള്ളവർക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഇതിലൂടെ അതിരൂപത ലക്ഷ്യമിടുന്നത്.

പ്രവാസി കത്തോലിക്കരുടെ സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി സെന്‍റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയിൽനിന്നും സെന്‍റ് തോമസ് സീറോ മലബാർ പള്ളിയിൽനിന്നും പ്രത്യേക ബസുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാതു പള്ളി വികാരിമാരുമായി ബന്ധപ്പെടുക. പൊതുവായ വിവരങ്ങൾക്ക് അതിരൂപതയുടെ ഓഫീസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്‍റ്സ് ആന്‍റ് റഫ്യൂജീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ വെബ്സൈറ്റ് നോക്കുക.

ഫോണ്‍: 215 587 3540

www.migrantsandrefugeesphilly.org
www.facebook.com/pcmrphilly

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ