എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാദിനവും മാര്‍ച്ച് 31-ന്
Sunday, March 24, 2019 2:48 PM IST
ന്യൂയോര്‍ക്ക്: എ.ഡി. 52-ല്‍ ക്രിസ്തു മതം ഭാരത മണ്ണില്‍ സ്ഥാപിച്ച വിശുദ്ധ തോമാ സ്ലീഹായുടെ നാമധേയത്തില്‍ രൂപീകൃതമായ ന്യൂയോര്‍ക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മ സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (സ്റ്റെഫ്‌ന) അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, ലോക പ്രാര്‍ത്ഥനാദിനവും ലോംഗ്‌ഐലന്റ് ഡിക്‌സ് ഹില്ലിലുള്ള ശാലേം മാര്‍ത്തോമാ പള്ളിയില്‍ മാര്‍ച്ച് 31 ഞായര്‍ ഉച്ചകഴിഞ്ഞ് 4.30 നു നടത്തപ്പെടുന്നു. അര്‍മേനിയന്‍ ചര്‍ച്ച് ഓഫ് യു. എസ്. എയുടെ ആര്‍ച്ച് ബിഷപ്പ് ഹിസ് ഗ്രേസ് അനുഷവന്‍ തനീലിയന്‍ യോഗത്തില്‍ മുഖ്യാതിഥി ആയിരിക്കും. 2006-ല്‍ അര്‍മേനിയന്‍ സഭയുടെ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ട് 2018-ല്‍ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ട അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ഡോ. അനുഷവന്‍ തനീലിയന്‍ ലബനോനിലെ ബെയ്‌റൂട്ട് സ്വദേശിയാണ്. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷമായി വൈദിക ശുശ്രൂഷയില്‍ ആയിരിക്കുന്ന അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് 1984 മുതല്‍ അമേരിക്കയില്‍ ഫിലഡല്‍ഫിയ, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ അര്‍മേനിയന്‍ സഭയിലെ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ക്യൂന്‍സ്-ലോംഗ്‌ഐലന്റ് ഭാഗത്തുള്ള വിവിധ ക്രിസ്തീയ പള്ളികളിലെ വൈദികരും വിശ്വാസികളും യോഗത്തില്‍ പങ്കെടുക്കും. നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ മാര്‍ത്തോമ്മാ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം ലോക പ്രാര്‍ത്ഥനാ ദിനവും ആചരിക്കും. ''വരിക, എല്ലാം ഒരുങ്ങിയിരിക്കുന്നു'' എന്ന മുഖ്യ വിഷയത്തില്‍ ഈ വര്‍ഷം യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയാക്കുവേണ്ടിയാണ് പ്രാര്‍ത്ഥനാ ദിനം കേന്ദ്രീകരിക്കുന്നത്. ലോക പ്രാര്‍ത്ഥനാ ദിനം കണ്‍വീനര്‍മാര്‍ സൂസന്‍ സജി, എല്‍സിക്കുട്ടി മാത്യു എന്നിവര്‍ പ്രാര്‍ത്ഥനാ യോഗത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിലും ലോക പ്രാര്‍ത്ഥനാ ദിന പരിപാടിയിലും വന്നു പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ്ബ്, സെക്രട്ടറി ലാജി തോമസ് എന്നിവര്‍ അറിയിച്ചു.

സ്ഥലം : ശാലേം മാര്‍ത്തോമ്മാ പള്ളി, 45 നോര്‍ത്ത് സര്‍വീസ് റോഡ്, ഡിക്‌സ് ഹില്‍സ്, ന്യൂയോര്‍ക്ക് 11746. വിശദ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് (516-746-4173), ലാജി തോമസ് (516-849-0368), ട്രഷറര്‍ പ്രേംസി ജോണ്‍ (516-761-3662).

റിപ്പോര്‍ട്ട്: മാത്യുക്കുട്ടി ഈശോ