കാന്‍ജിന് ബിഗ് സല്യൂട്ട്
Saturday, April 13, 2019 7:38 PM IST
ന്യൂജേഴ്സി: മലയാളി സമൂഹത്തെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു ഏപ്രില്‍ നാലിന് ഉണ്ടായത്. ന്യൂജേഴ്‌സിയിലെ ജീവിതസൗഭാഗ്യങ്ങള്‍ തേടി അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത മലയാളി കുടുംബത്തിന്റെ ചിറകുകള്‍ അരിഞ്ഞ് വിധി അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. രണ്ടും മൂന്നും വയസുള്ള രണ്ട് പൊന്നോമന മക്കളേയും, ജീവിതപങ്കാളിയായ അനുരൂപയോടും യാത്രാമൊഴിചൊല്ലാതെ ഐ.ടി എന്‍ജിനീയറും കുടുംബത്തിന്റെ അത്താണിയായ 34 കാരന്‍ രഞ്ജിത്ത് ജീവിതത്തിന്‍റെ നല്ല സ്വപ്നങ്ങള്‍ക്കെല്ലാം അവധി പറഞ്ഞ് ഇഹലോകത്തോട് യാത്രപറഞ്ഞത്.

സംഭവദിവസം ഏകദേശം നാലു മണിയോടുകൂടി ഐ.പി.സി.എന്‍.എ പ്രസിഡന്‍റ് മധു രാജന്റെ ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. "ജേഴ്‌സി മെഡിക്കല്‍ സെന്‍ററില്‍ തൊടുപുഴക്കാരനായ ഒരു ചെറുപ്പക്കാരന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹോസ്പിറ്റലില്‍ നിന്നും മാറ്റുന്നതിനു മുമ്പ് ഏതെങ്കിലും മലയാളി അച്ചന്മാരെ പ്രാര്‍ത്ഥനയ്ക്കായി ലഭ്യമാണോ'? എല്ലായിടത്തും എപ്പോഴും ഓടിയെത്താറുള്ള മലയാളി വൈദീകരായ ഫാ. പോള്‍ തെക്കാനത്ത്, ഫാ. ബാബു തെലാപ്പള്ളി എന്നിവരുടെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിന് നല്‍കി.

എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന അനുരൂപയുടെ അടുക്കലേക്ക് നല്ല സമരിയിക്കാരനായി രണ്ട് ഐ.ടി എന്‍ജിനീയര്‍മാര്‍ ആശ്വാസവാക്കുകളുമായി ഓടിയെത്തി. സഹായഹസ്തവുമായി ഓടിയെത്തിയത് കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (കാന്‍ജ്) പ്രസിഡന്‍റ് ജയന്‍ ജോസഫും സെക്രട്ടറി ബൈജു വര്‍ഗീസുമായിരുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ്, എയര്‍ലൈന്‍സ് തുടങ്ങി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള തയാറെടുപ്പുകള്‍ക്കായി നിരന്തര ടെലിഫോണ്‍ കോളുകള്‍ അവര്‍ നടത്തി.

ഏപ്രില്‍ 6 ന് രാവിലെ 11 മണിക്ക് കാന്‍ജിന്റെ അടിയന്തര എക്‌സിക്യൂട്ടീവ് മീറ്റിംഗ് കൂടി മരണാനന്തര യാത്രാചെലവുകള്‍ക്കും കുട്ടികളുടെ പഠനത്തിനുമായി ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയും ഗോ ഫണ്ട് മീയിലുടെയും 50,000 ഡോളര്‍ സമാഹരിക്കുവാനാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് 7 ന് കാന്‍ജിന്റെ മുന്‍ പ്രസിഡന്‍റുമാരുമായും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുമായും ടെലികോണ്‍ഫറന്‍സിലൂടെ "കാന്‍ജ് കെയറി'ലൂടെയും രഞ്ജിത്തിന്‍റെ കുടുംബത്തിനുവേണ്ടി ഫേസ്ബുക്കിലൂടെയും ഫണ്ട് റൈസിംഗ് നടത്തുവാനാണ് തീരുമാനം.

ജയന്‍ (പ്രസിഡന്റ്), ബൈജു (സെക്രട്ടറി), വിജേഷ് (ട്രഷറര്‍), ദീപ്തി (വൈസ് പ്രസിഡന്റ്), സഞ്ജീവ്, പീറ്റര്‍, അജിത്ത്, മനോജ്, പ്രീത, ടോം, പ്രിന്‍സി, ജെയിംസ് എന്നിവരടങ്ങുന്ന കാന്‍ജിന്റെ 2019 ഡ്രീം ടീം ഉറക്കമില്ലാതെ "കാന്‍ജ് കെയര്‍' എന്ന പ്രൊജക്ടിനു പിന്നില്‍ ഒന്നിച്ച് അണിനിരത്തി. ഒരു അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കുപോലും നേടാനാവാത്ത അത്യപൂർവമായ നേട്ടമാണ് കാന്‍ജിന് കൈവന്നത്.

വെറും 24 മണിക്കൂറിനുള്ളില്‍ 50,000 ഡോളര്‍ എന്ന ടാര്‍ജറ്റിനു മേല്‍ എത്തിയിരുന്നു. വടക്കേ അമേരിക്കയിലെ മലയാളി ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഗ്രഹപ്രകാരം 75,000 (48 മണിക്കൂറിനുള്ളില്‍ ടാര്‍ജെറ്റ് നേടിയെടുത്തു). പിന്നീട് 100,000 ഡോളറായും ഉയര്‍ത്തി വെള്ളിയാഴ്ച അഞ്ചുമണിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഗോ ഫണ്ട് മീ കാന്‍ജ് ക്ലോസ് ചെയ്ത് കാന്‍ജ് കെയറിലൂടെ നേടിയെടുത്ത മുഴുവന്‍ തുകയും 3 വയസുള്ള ഐറിന്റേയും 2 വയസുള്ള ടെസയുടേയും പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി രഞ്ജിത്തിന്റെ ഭാര്യ അനുരൂപയെ ഏല്‍പിക്കും. ഇതിനകം തന്നെ 86000 ലോളര്‍ രണ്ട് ഫണ്ടുകളിലായി എത്തിച്ചേര്‍ന്നു. കാന്‍ജിന്റെ നേതൃത്വത്തില്‍ ഇത്രയും പെട്ടെന്ന് വലിയൊരു തുക സമാഹരിച്ചതിനു പിന്നില്‍ വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളുടേയും, മലയാളി സമൂഹത്തിന്റേയും ഇന്ത്യന്‍ ഐ.ടി എന്‍ജിനീയര്‍മാരുടേയും നിര്‍ലോഭമായ സഹകരണമാണ്.

ഏപ്രില്‍ 11-ന് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ രഞ്ജിത്തിന്റെ സംസ്കാരം നടന്നു.

തീര്‍ച്ചയായും രഞ്ജിത്തിന്റെ ആത്മാവ് തന്റെ ഭാര്യ അനുരൂപയോടും, മക്കളോടും കാണിച്ച കാന്‍ജിന്റേയും മലയാളി സമൂഹത്തിന്റേയും കാരുണ്യത്തിനും സ്‌നേഹത്തിനും ഒരു ബിഗ് സല്യൂട്ട് നല്‍കിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം