നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ്; രജിസ്ട്രേഷൻ ജൂൺ രണ്ടിന് സമാപിക്കും
Thursday, May 16, 2019 4:50 PM IST
വാഷിംഗ്ടണ്‍ ഡിസി: കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്‌ട്രേഷന്‍ ജൂണ്‍ രണ്ടിന് അവസാനിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

കോണ്‍ഫറന്‍സിന് 60 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, കുറച്ചു ക്യാന്‍സലേഷന്‍ വന്നതിനാലും കുറച്ചു മുറികള്‍കൂടി ബാക്കിയുള്ളതിനാലുമാണ് ജൂണ്‍ രണ്ടുവരെ കുറഞ്ഞ നിരക്കോടുകൂടി രജിസ്‌ട്രേഷന്‍ നീട്ടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭദ്രാസനാംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ പറഞ്ഞു.

മേയ് 12ന് കമ്മിറ്റി അംഗങ്ങള്‍ ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ജോണ്‍ തോമസ് സ്വാഗതം ചെയ്തു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗം ജോണ്‍ താമരവേലില്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും രജിസ്‌ട്രേഷന്‍, സുവനീര്‍ എന്നിവയെക്കുറിച്ചും വിവരണങ്ങള്‍ നല്‍കി. രജിസ്‌ട്രേഷന്‍റേയും സുവനീറിന്‍റേയും കിക്ക്ഓഫ് എല്‍സിക്കുട്ടി മാത്യുവും, ഇടവക ട്രസ്റ്റി ഗീവര്‍ഗീസ് ജേക്കബും ചേര്‍ന്നു നിര്‍വഹിച്ചു.ഡീക്കന്‍ ബോബി വര്‍ഗീസ്, തോമസ് വര്‍ഗീസ്, ജോണ്‍ താമരവേലില്‍, ട്രസ്റ്റി ഗീവര്‍ഗീസ് ജേക്കബ്, എല്‍സിക്കുട്ടി മാത്യു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് നന്ദി പറഞ്ഞു.

റിപ്പോർട്ട്:യോഹന്നാൻ രാജൻ