പിഞ്ചു കുഞ്ഞിന്‍റെ മരണം; ഇന്ത്യൻ ഡേ കെയർ ഉടമയ്ക്ക് 15 വർഷം തടവ്
Thursday, May 16, 2019 5:00 PM IST
മാസ്ച്യൂസെറ്റ്‌സ്: ആറുമാസം പ്രായമായ റിധിമ ധക്കര്‍ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ജ്യൂറി വിസ്താരത്തിനൊടുവിലാണ് പല്ലവിയുടെ ശിക്ഷ മേയ് 13 ന് വിധിച്ചത്.

2014 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന പല്ലവി അമേരിക്കയില്‍ എത്തിയതിനുശേഷം സ്വന്തം വീട്ടില്‍ ഡെ കെയര്‍ നടത്തി വരികയായിരുന്നു.ബര്‍ലിംഗ്ടണിലുള്ള ഇവരുടെ ഡെ കെയര്‍ സംരക്ഷണയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടിയെ പല്ലവി പിടിച്ചുയര്‍ത്തി ശക്തമായി കുലുക്കിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്ത സ്രാവം ഉണ്ടാകുകയും ചര്‍ദ്ദച്ചു അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കുട്ടിയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണമടഞ്ഞു.

പ്രോസിക്യൂഷന്‍റെ വാദം തള്ളിയ പല്ലവിയുടെ അറ്റോര്‍ണി, ആപ്പിള്‍ സോസ് കഴിക്കുന്നതിനിടയില്‍ കുട്ടി ചര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നാണ് കോടതിയില്‍ ബോധിപ്പിച്ചത്.

ഇന്ത്യയില്‍ ഡോക്ടറായിരുന്ന പല്ലവി കുട്ടിയുടെ ഗുരുതരാവസ്ഥ കണ്ട് 911 വിളിക്കുന്നതിനു പകരം മാതാവിനെ വിളിച്ചു വിവരം അറിയിച്ചത് ഗുരുതര വീഴ്ചയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മിനിട്ടുകള്‍ക്കുശേഷം എത്തിച്ചേര്‍ന്ന മാതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.പ്രോസിക്യൂഷന്‍റെ വാദം ഒട്ടോപ്‌സി നടത്തിയ എക്‌സാമിനര്‍ നിഷേധിച്ചു. കുട്ടി ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്ന് പല്ലവി പിന്നീട് സമ്മതിച്ചു. ലൈസന്‍സ് ഇല്ലാതെ ഡെ കെയര്‍ നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

റിപ്പോർട്ട്:പി.പി. ചെറിയാൻ