ഒരേ മനസും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മേയ് 25ന്
Thursday, May 16, 2019 6:56 PM IST
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ മേയ് 25ന് (ശനി) രാവിലെ 7 മുതല്‍ നടക്കും (Location: Colonial Park, 156 Mettlers Road, Somerset, NJ 08873).

സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 300 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറും നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മേയ് 20ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. പുരുഷ/സ്ത്രീ വിഭാഗത്തില്‍ നടക്കുന്ന മത്സരവിജയികള്‍ക്ക് ഓരോ ഇനത്തിനും ഒന്നും,രണ്ടും,മൂന്നും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. 5കെ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി ഷര്‍ട്ടും രുചികരമായ "ബാര്‍ബിക്യൂ'വും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സഘാടകര്‍ അറിയിക്കുന്നു. ഇതിലൂടെ സ്വരൂപിക്കുന്ന പണം യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് ഇത്തവണത്തെ 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിന് യുവാക്കളെ വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അഭിനന്ദിച്ചു.

5കെ സീറോ റണ്‍/ വാക്ക് ന്‍റെ ഗോള്‍ഡ് സ്‌പോണ്‍സര്‍ റിയ ട്രാവല്‍സ് & മാസ്സ് മ്യൂച്ചല്‍ ട്രൈ സ്‌റ്റേറ്റ് എന്നിവരാണ്.

വിവരങ്ങൾക്കും രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പിനും ഡാനി ജോസഫ് (908) 9384513, സാബിന്‍ മാത്യു (848) 3918461, ലോറേല്‍ പ്രൈമ് (806), (806) 333 8800, കോളിന്‍ മോര്‍സ് (732)789 4774, വെബ്: https://syrorun5k.wordpress.com

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം