മിലന്റെ ആഭിമുഖ്യത്തില്‍ ഡിട്രോയിറ്റില്‍ അവധിക്കാല സാഹിത്യ പരിശീലന കളരി
Tuesday, May 21, 2019 12:45 PM IST
ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളി ലിറ്റററി അാോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവപ്രതിഭകള്‍ക്കു എഴുത്തുപരിശീലനം നല്‍കുന്ന ഒരു പഠന കളരി വരുന്ന അവധിക്കാലത്തു സംഘടിപ്പിക്കുവാന്‍ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയില്‍ കൂടിയ മിലന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.

വിശ്വസാഹിത്യത്തിലെ വിഖ്യാത കവികളുടെ രചനാ രീതികളും അനുയോജ്യമായ ചേരുവകളും പദവിന്യാസങ്ങളും പരിചിതമാക്കുന്ന പഠന കളരിയുടെ നേതൃത്വം ഓക്ള്‍ലന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അന്തര്‍ദേശീയ പഠന വിഭാഗം അധ്യാപിക ഡോ. ശാലിനി ജയപ്രകാശിനാണ്.

മലയാള സാഹിത്യത്തിന്റെ പരിപോഷണത്തിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈ സാഹിത്യ കൂട്ടായ്മ മലയാളി വിദ്യാര്‍ഥികളില്‍ മാതൃഭാഷ ബോധം വളര്‍ത്തുന്നതോടൊപ്പം ആംഗലേയ സാഹിത്യലോകത്തേക്കു പ്രവേശിക്കാനുള്ള അവസരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പഠന ക്ലാസിലൂടെ ലക്ഷ്യമിടുന്നത്.

സര്‍ഗസംവാദത്തിന്റെ ഭാഗമായി നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി. പദ്മനാഭന്റെ കഥനകാന്തി എന്ന വിഷയം സുരേന്ദ്രന്‍ നായര്‍ അവതരിപ്പിച്ചു. കഴിഞ്ഞ എഴുപതു വര്‍ഷമായി മലയാള ചെറുകഥാ ശാഖയെ ലോകോത്തരമാക്കിയ അദ്ദേഹത്തിന്റെ മഖന്‍സിങ്ങിന്റെ മരണം എന്ന പ്രശസ്തമായ കഥ സദസില്‍ വായിക്കുകയും, അമേരിക്കയിലെ എഴുത്തുകാരന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളം, മനോജ് വാരിയര്‍, ശാലിനി ജയപ്രകാശ്, വിനോദ് കോണ്ടൂര്‍, സതീഷ് മാടമ്പത്ത്, ആന്റണി മണലേല്‍, രാധാകൃഷ്ണന്‍ എന്നിവര്‍ തങ്ങളുടെ ആസ്വാദനാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം