എഡ്യൂക്കേറ്റ് എ കിഡ് ക്രിക്കറ്റ്: കലിഫോർണിയ സൂപ്പർകിംഗ്സ്‌ ജേതാക്കൾ
Saturday, May 25, 2019 4:52 PM IST
ലോസ് ആഞ്ചലസ് : എഡ്യൂക്കേറ്റ് എ കിഡ് ട്രോഫിക്കുവേണ്ടിയുള്ള നാലാമതു ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്‍റിൽ കലിഫോർണിയ സൂപ്പർകിംഗ്സ്‌ ജേതാക്കളായി. മേയ് 18 ന് ഡയമണ്ട് ബാർ പണ്ടേര
പാർക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ സെറിറ്റോസ് തണ്ടേഴ്സിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റുചെയ്ത കലിഫോർണിയ സൂപ്പർകിംഗ്സ് 12 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 89
റൺസെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച സെറിറ്റോസ് തണ്ടറിന് പന്ത്രണ്ട്
ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. കലിഫോർണിയ സൂപ്പർകിംഗ്സിലെ മനോജ് സേനയും ശ്രീറാം ലക്ഷ്മി നരസിംഹനും യഥാക്രമം ബെസ്റ്റ് ബാറ്റ്സ് മാൻ, ബെസ്റ്റ് ഓൾ റൗണ്ടർ പുരസ്‌കാരങ്ങൾ നേടിയപ്പോൾ ബെസ്റ്റ് ബൗളറായി എൽ എ
അവഞ്ചേഴ്സിലെ സഞ്ജയ് ശർമ്മ തിരഞ്ഞെടുക്കപ്പെട്ടു. മലയാളി താരം
സുജിത് മേനോന്‍റെ നേതൃത്വത്തിൽ കളിക്കാനിറങ്ങിയ കഴിഞ്ഞ വർഷത്തെ
ജേതാക്കളായ എൽ.എ. അവഞ്ചേഴ്സ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

11, 12, 18 തീയതികളിലായി നടന്ന മത്സരങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 16
ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്. കാലത്തു എട്ടു മുതൽ രാത്രി ഒന്പതുവരെ നീണ്ട
മത്സരങ്ങൾ കാണാൻ നിരവധി ക്രിക്കറ്റ് പ്രേമികളെത്തിയിരുന്നു.

മൽസരങ്ങൾ ഇർവൈൻ കൗൺസിൽ വുമൺ ഫാറ ഖാനും എഡ്യൂക്കേറ്റഎ കിഡ് ചെയർ ശ്രീദേവി
വാര്യരും ചേർന്ന് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യപ്രയോജകനായ മാത്യു തോമസ് ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിച്ചു. സഞ്ജയ് ഇളയാട്ട്, മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ നിരവധി വോളന്‍റിർമാർ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനും
സുഗമമാക്കുന്നതിനും സഹായിച്ചു.

2016 മുതൽ നടന്നുവരുന്ന ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത് പ്രമുഖ മലയാളി അസോസിയേഷനായ "ഓം' ന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിർധനരും മിടുക്കരുമായ വിദ്യാർഥികളെ സാമ്പത്തികമായി സഹായിക്കുന്ന എഡ്യൂക്കേറ്റ എ കിഡ്; ആണ്. ടീം അംഗങ്ങൾക്കും ടൂർണമെന്‍റിന്‍റെ വിജയത്തിനായി പരിശ്രമിച്ചവർക്കും സ്പോൺസർമാരായ റിയൽ എസ്റ്റേറ്റർ മാത്യു തോമസ്, ഇന്ത്യൻ റസ്റ്ററന്‍റായ തണ്ടൂർ കുസിൻ ഓഫ് ഇന്ത്യ, നമസ്തേ പ്ലാസ ഇർവൈൻ, അന്നപൂർണ, പീകോക്ക് ഗാർഡൻ എന്നിവർക്കും ഓം പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, എഡ്യൂക്കേറ്റ എ കിഡ് ചെയർമാൻ ഡോ. ശ്രീദേവി വാര്യർ, ഡയറക്ടർ രവി വെള്ളത്തേരി എന്നിവർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാൻഡി പ്രസാദ്