സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക്
Monday, June 17, 2019 11:27 AM IST
കുട്ടികള്‍ക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സംഘടനയായ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ജൂലൈ 13നു ലോകത്തെ പ്രധാന നഗരങ്ങളില്‍ മൊത്തം 5000 കിലോമീറ്റര്‍ ഓടുകയോ നടക്കുകയോ ചെയ്യും. സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് 2019 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം കുട്ടികള്‍ക്ക് വേണ്ടിയുള്ള പാലിയേറ്റീവ് കെയറിനെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുകയും അതിനുവേണ്ട സഹായങ്ങള്‍ സ്വരൂപിക്കലുമാണ്.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 13നു അവരുടെ ഓട്ടമോ നടത്തമോ സൊളസിനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. അന്നു പൂത്തിയാക്കിയ ദൂരം ഓണ്‍ലൈന്‍ ആയി ചേര്‍ക്കാം https:// tinyurl.com/solacerun2019. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും ഉണ്ട്. https:// tinyurl.com/solacerun-whatsapp.

ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഇന്ത്യയിലെ വിവിധ നഗരങ്ങള്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുക്കും. ശരിക്കും ഉദയസൂര്യനെ പിന്തുടര്‍ന്നുള്ള ഒരു പരിപാടി തന്നെയായിരിക്കും ഇത്. കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയിലെ ബേലാന്‍ഡ്‌സ് പാര്‍ക്കില്‍ വച്ച് നടക്കുന്ന സൊളസ് 5കെ/10കെ റണ്‍/വാക്ക് ആണ് ഇതിന് പരിസമാപ്തി കുറിക്കുന്ന പരിപാടി. ജൂലൈ 13നു രാവിലെ ഒമ്പതിനു ഓട്ടം ആരംഭിക്കും. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക. സിന്ധു നായര്‍ 4085152969, മനോജ് തെക്കേടത്ത് 4085718798. ഇമെയില്‍: [email protected]

പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തക ഷീബ അമീറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കിയാണ് സൊളസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സൊളസിന് അഞ്ചു സെന്ററുകള്‍ ഉണ്ട്. സൊളസിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സൊളസ് ചാരിറ്റീസ് എന്ന നോണ്‍പ്രൊഫിറ്റ് അമേരിക്കയില്‍ 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം