ഹൂസ്റ്റൺ സെന്‍റ് ജയിംസ് ക്നാനായ പള്ളിയിൽ വലിയ പെരുന്നാൾ ആഘോഷിച്ചു
Tuesday, June 18, 2019 9:44 PM IST
ഹൂസ്റ്റൺ: സെന്‍റ് ജയിംസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ ആഘോഷങ്ങൾ ജൂൺ 15,16 തീയതികളിൽ സമുചിതമായി കൊണ്ടാടി. ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരവും ദേവാലയ പ്രദക്ഷിണവും നടത്തി.സന്ധ്യാ നമസ്കാരത്തോടനുമ്പന്ധിച്ച് ഫാ. ബിജോ മാത്യു തിരുവചന പ്രഘോഷണം നടത്തി. ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കപ്പെട്ടു. ക്നാനായ സമുദായ മുൻ വികാരി ജനറൽ റവ. ഫാ. പ്രസാദ് കുരുവിള കോർ എപ്പിസ്കോപ്പ, ഫാ. ബിജോ മാത്യു, ഫാ. ജെക്കു സഖറിയ ചരിവുപറമ്പിൽ എന്നിവർ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു.

തുടർന്നു ആഘോഷമായി പെരുന്നാൾ റാസയും വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തക്സ എഴുന്നള്ളിപ്പും നടന്നു. ഇടവകയിൽ ഈ വർഷം ഹൈസ്കൂൾ ഗ്രാഡുവേഷൻ കഴിഞ്ഞവരെ ആദരിച്ചു.' ഫാദേഴ്‌സ്‌ ഡേ' യോടനുമ്പന്ധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ഇടവകയിലെ എല്ലാ പിതാക്കന്മാർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്നേഹവിരുന്നോടു കൂടി പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.

ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്തു നടത്തിയ ഇടവക കമ്മിറ്റിയംഗങ്ങൾക്കും പള്ളി നിർമാണ കമ്മിറ്റിയംഗങ്ങൾക്കും വികാരി ഫാ. ജെക്കു സഖറിയ ചരിവുപറമ്പിൽ നന്ദി പറഞ്ഞു. അടുത്ത വർഷത്തെ പെരുന്നാൾ തെന്നശേരിൽ കുടുംബം ഏറ്റെടുത്തു നടത്തുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി