വക്കച്ചന്‍ മറ്റത്തിലിനു ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
Saturday, June 22, 2019 12:49 PM IST
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഒഫ് കൊമേഴ്‌സ് ഓഫീസില്‍ വച്ചു ശനിയാഴ്ച വൈകുന്നേരം വക്കച്ചന്‍ മറ്റത്തിലിനു സ്വീകരണം നല്‍കി. സിനിമാ നിര്‍മ്മാതാവ് ജോയ് തോമസ് (ജൂബിലി) ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് സണ്ണി കാരിക്കലിന്റെ അധ്യക്ഷതയിലായിരുന്നു സ്വീകരണ സമ്മേളനം. ഫ്രാന്‍സിസ് ചെറുകര, ജയിംസ് വെട്ടിക്കനാല്‍ ,തോമസ് ചെറുകര തുടങ്ങി മലയാളി സംഘടനകളുടെ നിരവധി പ്രതിനിധികള്‍ ആശംസകളര്‍പ്പിച്ചു. ജോര്‍ജ് കൊളാച്ചേരില്‍ എംസിയായിരുന്നു.

വക്കച്ചന്‍ മറ്റത്തില്‍ സ്വീകരണത്തിനു നന്ദി പറഞ്ഞ് നടത്തിയ മറുപടി പ്രസംഗം അത്യന്തം ആകര്‍ഷകമായിരുന്നു. നാല്‍പ്പത്തഞ്ചു മിനിട്ട് നീണ്ട അദ്ദേഹത്തിന്റെ പ്രഭാഷണം ഹൃദ്യവും നര്‍മരസം നിറഞ്ഞതും ഉപകാരപ്രദവുമായി സദസൃര്‍ക്ക് അനുഭവപ്പെട്ടു. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയില്‍ പഠിക്കാനെത്തിയതും അന്നത്തെ സാഹചര്യങ്ങളും അദ്ദേഹം വിവരിച്ചത് ആ ജീവിതരേഖ തുറന്നു കാട്ടുന്നതായിരുന്നു. പ0ന ശേഷം പാലായിലെത്തി പിതാവിനോടൊപ്പം വ്യാപാര രംഗം കീഴടക്കിയ കഥയും സദസ്യര്‍ അത്ഭുതത്തോടെ കേട്ടിരുന്നു. അമേരിക്കയിലെ ആല്‍ബിനി സിയന്ന കോളേജിലായിരുന്നു വക്കച്ചന്‍ മറ്റത്തില്‍ പഠിച്ചത്. കോളജ് നല്‍കുന്ന അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനാണ് കാലങ്ങള്‍ക്കു ശേഷം അദ്ദേഹമിവിടെ എത്തിയത്. അനുഭവങ്ങള്‍ നിറച്ചു വച്ച സരസമായ വാക്കുകള്‍ക്ക് നിറഞ്ഞ സദസ് സാക്ഷിയായി.82 വയസിന്റെ നിറവിലും സുമുഖനായി നില്‍ക്കുന്ന വക്കച്ചന്‍ മറ്റത്തിലിനെ 'പാലായുടെ മമ്മൂട്ടി' എന്ന് സണ്ണി കാരിക്കല്‍ വിശേഷിപ്പിച്ചു.

പാലായുമായി ബന്ധപ്പെട്ട ഒട്ടനവധി പേര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് മലയാളി കൂട്ടായ്മയുടെ അന്തസുയര്‍ത്തി .ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചും ധാരാളം പേര്‍ പങ്കെടുത്ത പരിപാടി വലിയ വിജയമായിരുന്നുവെന്ന് ഹ്യൂസ്റ്റണ്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് സണ്ണി കാരിക്കലും ജനറല്‍ സെക്രട്ടറി രമേഷ് അതിയോടിയും പറഞ്ഞു.മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജൂബിലിയുടെ ജോയ് തോമസിനെയും സമ്മേളനത്തില്‍ ആദരിച്ചു.രമേശ് അതിയോടി നന്ദിയര്‍പ്പിച്ചു. വക്കച്ചന്‍ മറ്റത്തിലിന്റെ സ്വീകരണ പരിപാടി ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി.

റിപ്പോര്‍ട്ട്: ഡോ. ജോര്‍ജ് എം. കാക്കനാട്ട്