ഫാ. ജോൺ പിച്ചാപ്പിള്ളിയുടെ പുസ്തകം പ്രകാശനം ചെയ്തു
Saturday, June 22, 2019 8:48 PM IST
നോവ സ്കോട്ടിയ, കാനഡ: ഫാ. ജോൺ പിച്ചാപ്പിള്ളിയുടെ ‘ദി 7 ലാസ്റ്റ് വേഡ്സ് ഓഫ് ജീസസ് ഫ്രം ദി ക്രോസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാനഡയിലെ ഈസ്റ്റേൺപാസേജ് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെന്‍റ് ജോൺസ് ആർച്ച് ബിഷപ് റവ മാർട്ടിൻ കറി സംസ്ഥാന മന്ത്രി കീത്ത് കോൾവെല്ലിനു നൽകി പുസ്തകം പ്രകാശനം ചെയ്തു. നിയമസഭാഗം ബാർബര ആദംസ്, സിറ്റി കൗൺസിലർ സ്റ്റീവ് ക്രെയ്ഗ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ ഈ പുസ്തകത്തിന്‍റെ അകത്താളുകളിൽ യേശുവിന്‍റെ കുരിശിൽ നിന്നുള്ള അവസാനത്തെ ഏഴു സന്ദേശങ്ങളുടെ ഉൾക്കാഴ്ച നൽകുന്ന വിശകലനം അടങ്ങിയിരിക്കുന്നു. പുസ്തകത്തിന്‍റെ പ്രസാധകർ മുംബൈ സെന്‍റ് പോൾസ് ആണ്. ദി ടേബിൾ ഓഫ് ദി വേഡ്, ലിവ് ഇൻസ്പയേഡ് ഓൾവേയ്സ്, ഇഗ്നൈറ്റ് യുവർ സ്പിരിറ്റ്, കിൻഡിൽ യുവർ സ്പിരിറ്റ് എന്നിവയാണ് പിച്ചാപ്പിള്ളിയുടെ മറ്റു പുസ്തകങ്ങൾ. ഇവ ഇന്ത്യയിലെയും വിദേശത്തെയും സെന്‍റ് പോൾസ് പുസ്തകശാലകളിൽ ലഭ്യമാണ്.

യേശുദാസ് പാടിയ ‘തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, അത്മധ്യാനം, ആത്മദീപ്തി, കുരിശിലെ വചനങ്ങൾ എന്നീ അൽബങ്ങളടക്കം നിരവധി ക്രിസ്തീയ ആൽബങ്ങളുടെ രചയിതാവായ ഫാ. പിച്ചാപ്പിള്ളി ഇടുക്കി ജില്ലയിലെ തോക്കുപാറ സ്വദേശിയാണ്.

റിപ്പോർട്ട്:ബിനോയ് സെബാസ്റ്റ്യൻ