ഗുഡ്‌വിന്‍ ഫ്രാന്‍സീസിനും ഷെറില്‍ വള്ളിക്കളത്തിനും പ്രതിഭാ പുരസ്‌കാരം
Thursday, June 27, 2019 2:38 PM IST
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ സ്ഥാപിച്ചിട്ടുള്ള 2018ലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ പുരസ്‌കാരത്തിന് ഗുഡ്‌വിന്‍ ഫ്രാന്‍സീസും ഷെറില്‍ വള്ളക്കളവും അര്‍ഹരായി.

ജൂണ്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7.30-നു ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. പുരസ്‌കാര ജേതാക്കളായ ഗുഡ്‌വിനും ഷെറിലിനും സമ്മാനങ്ങള്‍ നല്‍കിയത് ചടങ്ങിലെ മുഖ്യാതിഥിയും ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനുമായ മാര്‍ തോമസ് തറിയിലാണ്.

ഹൈസ്‌കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരമാണിത്. പുരസ്‌കാര നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ജിപിഎ, എ.സി.റ്റി അഥവാ എസ്എറ്റിയുടെ സ്‌കോറുകള്‍, പാഠ്യേതര വിഷയങ്ങളിലെ മികവുകള്‍ എന്നിവയാണ്.

ഗുഡ്‌വിന്‍ ഫ്രാന്‍സീസിന്റെ പ്രാര്‍ത്ഥനാഗാനത്തോടുകൂടി പുരസ്‌കാരദാന ചടങ്ങ് ആരംഭിച്ചു. എസ്ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി പ്രസിഡന്റ് ഷാജി കൈലാത്ത് അധ്യക്ഷത വഹിച്ചു. തോമസ് മൂലയില്‍, എബി തുരുത്തിയില്‍, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന മാര്‍ തോമസ് തറയില്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ നന്മതിന്മകളെ വിവേകിച്ചറിയാനും, ചെയ്യേണ്ടതും ചെയ്യരുതാത്തതും ഏതൊക്കെയാണെന്ന തിരിച്ചറിവുകൂടി നേടുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ സമഗ്രതയില്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നത് എന്നു പറഞ്ഞു.



വാച്ചാപറമ്പില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഒന്നാമത്തെ പുരസ്‌കാരമായ മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്‌കാരം ഗുഡ്‌വിന്‍ കരസ്ഥമാക്കി. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ ജൂബിലി സ്മാരക പുരസ്‌കാരം ഷെറില്‍ നേടി. ഗുഡ്‌വിനും ഷെറിലും ആന്റണി ഫ്രാന്‍സീസ് ഷീബാ ഫ്രാന്‍സീസ്, സണ്ണി വള്ളിക്കളം ടെസി വള്ളിക്കളം എന്നീ ദമ്പതികളുടെ മക്കളാണ്. ഗുഡ്‌വിന്‍ വൈദീക പരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്നു കോളജ് വിദ്യാഭ്യാസം തുടരുന്നു. ഷെറില്‍ മെഡിസിനുവേണ്ടി കോളജ് പഠനം തുടരുന്നു.

പുരസ്‌കാര ജേതാക്കളായ ഇരുവരേയും സദസിനു പരിചയപ്പെടുത്തിക്കൊണ്ട് പുരസ്‌കാര പ്രഖ്യാപനം നടത്തിയത് ജോജോ വെങ്ങാന്തറയും ജോളി കുഞ്ചെറിയയുമാണ്.

അനീഷാ ഷാബു ഗാനം ആലപിച്ചു. ഡോ. മനോജ് നേരിയാംപറമ്പില്‍ അവതാരകനായിരുന്നു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് ഏവര്‍ക്കും നന്ദി പറഞ്ഞു.

പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സ്റ്റേജ് ഡെക്കറേഷന്‍, സൗണ്ട്, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് ആന്റണി ഫ്രാന്‍സീസ് നേതൃത്വം നല്‍കി. മോനിച്ചന്‍ നടയ്ക്കപ്പാടം, ഷിബു അഗസ്റ്റിന്‍, ബോബന്‍ കളത്തില്‍ എന്നിവര്‍ ഫുഡ് കമ്മിറ്റിക്ക് നേതൃത്വം കൊടുത്തു. ബിജി കൊല്ലാപുരം ഫലകങ്ങള്‍ ക്രമീകരിച്ചു. ഫോട്ടോ എടുക്കുന്നതിന് പ്രതീഷ് തോമസ് സഹായിച്ചു. സൗണ്ട് ക്രമീകരിച്ചത് ജെ.ബി സൗണ്ട്‌സ് ആന്‍ഡ് ഡെക്കറേഷന്റെ മനീഷ് ആണ്. ഡിന്നറോടുകൂടി വൈകുന്നേരം 9.30നു യോഗം പര്യവസാനിച്ചു.
ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം