ഇന്ത്യയിലെ ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ ഡാളസിൽ പ്രതിഷേധ യോഗം
Saturday, July 13, 2019 4:45 PM IST
ഡാളസ്: ഇന്ത്യയിലെ ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ ഡാളസിൽ പ്രതിഷേധ യോഗം നടത്തുന്നു. ജൂലൈ 14 ന് (ഞായർ) ഉച്ചകഴിഞ്ഞു 2 ന് ഡാളസ് മെയിൻ സ്ട്രീറ്റിലുള്ള ഡീലി പ്ലാസായിലാണ് യോഗം ചേരുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യയിൽ ജാതിയുടേയും മതത്തിന്‍റേയും സദാചാരത്തിന്‍റേയും മൃഗത്തിന്‍റേയും പേരിൽ വ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രൂരമായ ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനും ജാർഖണ്ഡിൽ കഴിഞ്ഞ വാരം മോട്ടോർ സൈക്കിൾ മോഷ്ടിച്ചു എന്നാരോപിച്ചു 24 കാരനായ അൻസാരിയെ മരത്തിൽ കെട്ടിയിട്ടു മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ഇന്ത്യൻ അമേരിക്കൻ മുസ്‍ലിം കൗൺസിലിന്‍റെ ആഭിമുഖ്യത്തിലാണ് സമ്മേളനം.

ഇന്ത്യയിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്നും എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.

സ്ഥലം: DEALEY PLAZA, 400 Main Street, Dallas, TX- 75201

റിപ്പോർട്ട്: പി.പി. ചെറിയാൻ