ഇന്ത്യൻ അമേരിക്കൻ അറ്റോർണി ജഗൻ നിക്കോളാസ് രഞ്ജന് സെനറ്റിന്‍റെ അംഗീകാരം
Saturday, July 13, 2019 5:06 PM IST
വാഷിംഗ്ടൺ ഡിസി: പെൻസിൽവാനിയ വെസ്റ്റേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നോമിനേറ്റ് ചെയ്ത ഇന്ത്യൻ അമേരിക്കൻ അറ്റോർണി ജഗൻ നിക്കോളാസ് രഞ്ജന് സെനറ്റിന്‍റെ അംഗീകാരം.

ജൂലായ് 10 ന് സെനറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ 80 പേർ നിയമനത്തെ അനുകൂലിച്ചപ്പോൾ 14 പേർ എതിർത്തു വോട്ടു ചെയ്തു. 2016 മുതൽ ഒഴിഞ്ഞു കിടന്നിരുന്ന ഈ സ്ഥാനത്തേക്ക് 41 കാരനായ രഞ്ജനെ 2018 ജൂലൈ 24 നാണ് പ്രസിഡന്‍റ് നോമിനേറ്റ് ചെയ്തത്. 2019 ഓഗസ്റ്റിൽ രഞ്ജൻ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.

അമേരിക്കൻ ബാർ അസോസിയേഷനിലെ പ്രമുഖ അറ്റോർണിയും പെൻസിൽവാനിയ കെആൻഡ്എൽ ഗേറ്റ്സ് പാർട്ണറും കൂടിയാണ് അറ്റോർണി രജ്ജൻ. ഒഹായൊവിലെ ലങ്കാസ്റ്ററിലാണ് ജനനം. ഗ്രോവ് സിറ്റി കോളജിൽ നിന്നും 2000 ൽ ബിരുദമെടുത്തു. തുടർന്നു മിഷിഗൺ യൂണിവേഴ്സിറ്റി ലോ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഒഹായൊ സോളിസിറ്റർ ജനറൽ ഓഫീസിൽ കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക നിക്കോളാസ് രജ്ഞന്‍റെ നിയമനത്തെ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ