കെസിആര്‍എംഎന്‍എ സമ്മേളനത്തിൽ "ചര്‍ച്ച് ആക്ട് ' ചർച്ചയാകും
Saturday, July 13, 2019 7:20 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ഓഗസ്റ്റ് 10-നു (ശനി) നടത്തപ്പെടുന്ന കേരള കാത്തലിക്ക് റിഫര്‍മേഷന്‍ മൂവ്‌മെന്‍റ് നോര്‍ത്ത് അമേരിക്കയുടെ മുഴുദിന സമ്മേളനത്തിലേയ്ക്ക് വടക്കെ അമേരിക്കയിലുള്ള ക്രിസ്തുമത വിശ്വാസികളേയും നവോത്ഥാന ആശയം ഉള്‍ക്കൊള്ളുന്ന ഇതര സമൂഹാംഗങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്തു

പ്രസിഡന്‍റ് ചാക്കോ കളരിക്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ഡോ. ജെയിംസ് കോട്ടൂര്‍, ഗ്രന്ഥകര്‍ത്താവും സഭാനവീകരണപ്രസ്ഥാനങ്ങളുടെ സുഹൃത്തുമായ എബ്രഹാം നെടുംങ്ങാട് എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. സമ്മേളനത്തിന്‍റെ സവിശേഷത "ചര്‍ച്ച് ആക്ട് ' ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വടക്കേ അമേരിക്കയിലെ പ്രഥമ സമ്മേളനങ്ങളില്‍ ഒന്നാകും എന്നതാണ്.

നിയമപണ്ഡിതനും മലയാളികളുടെ സ്വകാര്യ അഭിമാനവുമായിരുന്ന അന്തരിച്ച മുന്‍ സുപ്രീം കോടതി ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ തയാറാക്കി 2009ല്‍ കേരളാ ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതില്‍ മാറി മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ഥമായ സമീപനം സ്വീകരിച്ചിട്ടില്ല. ചര്‍ച്ച് ആക്ടിന്‍റെ അഭാവം ഒന്നുമാത്രമാണ് ഒട്ടുമിക്ക കേരള ക്രിസ്ത്യന്‍ സഭകളിലും നിലനില്‍ക്കുന്ന സഭാസ്വത്ത് തര്‍ക്കങ്ങളുടെയും വിഭാഗീയതയുടെയും അടിസ്ഥാനം. പുരോഹിതര്‍ക്കിടയിലും ഒരു വിഭാഗം വിശ്വാസികള്‍ക്കിടയിലും ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളും സന്ദേഹങ്ങള്‍ക്കും നിവാരണം നേടുവാനും ഈ സമ്മേളനത്തില്‍ അവസരമുണ്ടാകും.

ലഞ്ചിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മധ്യാഹ്ന സെഷനില്‍ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സൂവനീറിന്‍റെ പ്രകാശന കര്‍മവും നടത്തപ്പെടും. സമ്മേളനത്തിന്‍റെ സമാപനത്തെ തുടര്‍ന്ന് നടത്തപ്പെടുന്ന സൗഹൃദ സമ്മേളനത്തില്‍ ശാന്തി, ശോഭാ സഹോദരികളുടെ ഗാനവിരുന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൂക്കോസ് പാറേട്ട് (പ്രസിഡന്‍റ്കാനാ) കണ്‍വീനറായി, ടോമി മേത്തപ്പാറ, സണ്ണി ചിറയില്‍, ജോയി ഒറവണക്കുളം, ജോസ് കല്ലിടിക്കില്‍, ജെയിംസ് കുരീക്കാട്ടില്‍, ജോര്‍ജ് നെടുവേലില്‍, ജോര്‍ജ് തൈല, മേരി ജോസ് എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് സമ്മേളനത്തിന്‍റെ നടത്തിപ്പ് ചുമതല റജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം