അമേരിക്കൻ യുദ്ധ കപ്പലിനു മുകളിൽ പറന്ന ഇറാന്‍റെ ഡ്രോൺ വെടിവച്ചിട്ടതായി ട്രംപ്
Friday, July 19, 2019 10:04 PM IST
വാഷിംഗ്ടൺ ഡിസി: ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന അമേരിക്കൻ യുദ്ധ കപ്പലിന് ഭീഷിണിയുയർത്തി ആയിരംഅടി അകലത്തിൽ പറന്ന ഇറാന്‍റെ ഡ്രോൺ വെടിവച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടു.

ബോംബുകളും റോക്കറ്റുകളും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കഴിവുള്ളതാണ് ഈ ഡ്രോണുകൾ. നിരന്തര മുന്നറിയിപ്പുകൾ നൽകിയിട്ടും അതെല്ലാം അവഗണിച്ച് യുദ്ധകപ്പലിനു നേരെ പറന്ന ഡ്രോൺ സുരക്ഷയെ ഭയന്നാണ് വെടിവച്ചിട്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് ബോക്സർ യുദ്ധ കപ്പലാണ് ഡ്രോൺ തകർത്തത്. 2000 നാവിക സേനാംഗങ്ങളെ വഹിച്ചുകൊണ്ട് നീങ്ങുന്നതായിരുന്നു ബോക്സർ യുദ്ധകപ്പൽ.

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടിരുന്നു. ഇറാന്‍റെ തുടർച്ചയായ പ്രകോപനങ്ങൾ ശക്തമായ മറുപടി നൽകാൻ യുഎസ് തയാറാകുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടതിന് പ്രതികാരമായിട്ടല്ല ഈ നടപടിയെന്നും സ്വയംരക്ഷാ നടപടിയുടെ ഭാഗമാണിതെന്നും ട്രംപ് പറഞ്ഞു.അമേരിക്കയുടെ പ്രതിരോധ ശക്തി ഇറാൻ മനസിലാക്കണമെന്നും ട്രംപ് ഓർമിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ