ഫിലഡൽഫിയയിൽ ഐഎസിഎ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് 26 ന്
Wednesday, October 23, 2019 7:15 PM IST
ഫിലഡൽഫിയ: വിശാലഫില ഡൽഫിയാ റീജണിലെ കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ (ഐഎസിഎ) ദേശീയതലത്തിൽ നടത്തുന്ന ഏകദിന ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് ഒക്ടോബർ 26 ന് (ശനി) ഉച്ചകഴിഞ്ഞു 2 മുതൽ രാത്രി 8 വരെ ഫിലഡൽഫിയ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിന്‍റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കും.


ഐഎസിഎ. ഡയറക്ടർ ബോർഡ് ചെയർമാൻ ഫാ. വിനോദ് മഠത്തിപ്പറന്പിൽ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. ഡയറക്ടർമാരായ റവ. ഡോ. സജി മുക്കൂട്ട്, ഫാ. റെന്നി കട്ടേൽ, ഫാ. ഷാജി സിൽവ എന്നിവരും ഐഎസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.

തുടർച്ചയായ മൂന്നാം വർഷമാണ് ഐഎസിഎ. നോർത്തീസ്റ്റ് റീജൺ കേന്ദ്രീകരിച്ച് ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ബാൾട്ടിമോർ, ന്യൂയോർക്ക്, ന്യൂജേഴ്സി, ഫിലഡൽഫിയ എന്നിവിടങ്ങളിൽ നിന്നായി 6 ടീമുകൾ ടൂർണമെന്‍റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽനിìള്ള സീറോ മലബാർ, സീറോ മലങ്കര, ഇന്ത്യൻ ലാറ്റിൻ, ക്നാനായ ടീമുകകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. ജേതാക്കൾക്ക് ഐഎസിഎ എവർ റോളിംഗ് ട്രോഫിയും റണ്ണർ അപ് ടീമിന് ഐഎസിഎ എവർ റോളിംഗ് ട്രോഫിയും വ്യക്തിഗത മികവു പുലർത്തുന്നവർക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച സ്വർണവ്യാപാരസ്ഥാപനമായ ജോയ് ആലൂക്കാസ് ടൂർണമെന്‍റിന്‍റെ മുഖ്യ സ്പോണ്‍സറും പ്രമുഖ ഇന്ത്യൻ ഗ്രോസറി സ്ഥാപനമായ കാഷ്മീർ ഗാർഡൻ കോസ്പോണ്‍സറും ആയിരിക്കും. ടൂർണമെന്‍റിന്‍റെ എംവിപി ആയി തിരഞ്ഞെടുക്കുന്ന കളിക്കാരന് ഫിലഡൽഫിയ ജോസഫ് ഓട്ടോ സ്പോണ്‍സർ ചെയ്യുന്ന വിശേഷാൽ ട്രോഫി ലഭിക്കും. എല്ലാ ടീമുകളും അവരവരുടെ ടീം ജേഴ്സിക്കു പകരം ഐഎസിഎയുടെ ഒരേപോലെയുള്ള ജേഴ്സിയണിഞ്ഞായിരിക്കും ടൂർണമെന്‍റിൽ പങ്കെടുക്കുക.

ഫിലഡൽഫിയ ഐഎസിഎ പ്രസിഡന്‍റ് ചാർലി ചിറയത്തിന്‍റെ നേതൃത്വത്തിൽ യുവജനങ്ങളെയും സ്പോർട്സ് സംഘാടകരെയും ഉൾപ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂർണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു. അനീഷ് ജയിംസ്, എം.സി. സേവ്യർ, തോമസുകുട്ടി സൈമണ്‍, ജോസഫ് മാണി, സണ്ണി പടയാറ്റിൽ, ഫിലിപ്പ് ജോണ്‍, മെർലിൻ അഗസ്റ്റിൻ, തോമസ് നെടുമാക്കൽ, ജോസഫ് സക്കറിയ, അലക്സ് ജോണ്‍, ഫിലിപ്പ് എടത്തിൽ, ടിനു ചാരാത്ത്, ജോസ് മാളേയ്ക്കൽ എന്നിവർ ടൂർണമെന്‍റ് കോർഡിനേഷൻ ടീമിൽ പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ചാർലി ചിറയത്ത് 215 791 0439, എം.സി. സേവ്യർ 215 840 3620, തോമസുകുട്ടി സൈമണ്‍ 267 244 3320.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ