പ്രവാസ നാട്ടിലെ മികവിന് അംഗീകാരമായി കേരള സെന്‍റർ പുരസ്കാര നിശ
Tuesday, November 5, 2019 9:36 PM IST
ന്യൂയോര്‍ക്ക് : കേരള സെന്‍ററിന്‍റെ 27–ാമത് പുരസ്‌കാര നിശ ശ്രദ്ധേയമായി. എല്‍മോണ്ടിലെ സെന്‍റര്‍ ആസ്ഥാനത്തായിരുന്നു പരിപാടി. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം സമര്‍പ്പിച്ചത്.

ബിസിനസ് മാനേജ്‌മെന്റ്, വിദ്യാഭ്യാസ മേഖലയില്‍ നിന്നും പ്രഫ.കെ. സുധീര്‍, സാമൂഹ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് ഡോ. തോമസ് മാത്യു, രാഷ്ട്രീയ മുന്നേറ്റത്തിന് സെനറ്റര്‍ കെവിന്‍ തോമസ്, സാഹിത്യരംഗത്തിനു നല്‍കിയ സംഭാവനകള്‍ക്ക് എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, പത്രപ്രവര്‍ത്തന മികവിന് ജോസ് കാടാപുറം എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

നവംബര്‍ രണ്ടിന് കേരള സെന്‍റര്‍ ആസ്ഥാനത്തു നടന്ന ചടങ്ങ് ഇന്ത്യന്‍, അമേരിക്കന്‍ ദേശീയ ഗാനത്തോടെ ആരംഭിച്ചു. ഡപ്യൂട്ടി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശത്രുഘ്‌നന്‍ സിന്‍ഹ മുഖ്യാതിഥിയായിരുന്നു. പുരസ്‌കാര ചടങ്ങിന് കേരള സെന്‍ററിലെത്തുമ്പോള്‍ ഒരു ന്യൂയോര്‍ക്കറെന്ന പ്രതീതിയാണ് തനിക്കുണ്ടാവുന്നതെന്ന് കോണ്‍സല്‍ ജനറല്‍ സിന്‍ഹ പറഞ്ഞു. പ്രവാസി നാട്ടില്‍ വിജയം കൈവരിച്ച മലയാളി സമൂഹം തന്നില്‍ ആദരവ് വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് ജേതാവ് പ്രഫ.കെ. സുധീറാണ് മുഖ്യ പ്രഭാഷണം നടത്തി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും പരിരക്ഷയിലും സർക്കാരുകൾ പരാജയെപ്പട്ടാല്‍ അത് സാമ്പത്തിക വളച്ചയുടെ ഗ്രാഫില്‍ വിപരീത ഫലം ഉണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സെന്‍റ്ര്‍ ട്രസ്റ്റിയും ഫൗണ്ടിംഗ് ബെനിഫാക്ടറുമായ ഡോ. തോമസ് എബ്രഹാം സുധീറിനെ പരിചയപ്പെടുത്തി.

സാമൂഹ്യമേഖലയിലെ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയത് ഡോ. തോമസ് മാത്യുവാണ്. അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് (എകെഎംജി) മുന്‍ പ്രസിഡന്‍റാണ് ഇദ്ദേഹം. ജീവിക്കുന്ന സമൂഹത്തിന് നമ്മള്‍ നേടിയ അറിവും നേട്ടവും തിരിച്ചു നല്‍കേണ്ടതിന്റെ പ്രാധാന്യമാണ് ഡോ. തോമസ് മാത്യു പ്രസംഗത്തില്‍ വിവരിച്ചത്. കേരളത്തെ ബാധിച്ച പ്രളയ ദുരിതത്തിനും നേപ്പാള്‍ ഭൂകമ്പ ദുരന്തത്തിനും സമാശ്വാസമായി നല്ലൊരു തുക സമാഹരിച്ചു നല്‍കാന്‍ ഇദ്ദേഹത്തിനായിരുന്നു. ഡോ. ഉണ്ണി മൂപ്പന്‍ ഡോ. തോമസ് മാത്യുവിനെ പരിചയപ്പെടുത്തി. സബീന കോര്‍പ്പറേഷന്‍ സിഇഒ ജയശങ്കര്‍ നായര്‍ അവാര്‍ഡ് സമ്മാനിച്ചു.

ന്യൂയോര്‍ക്ക് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കനെന്ന ബഹു മതി നേടിയ കെവിന്‍ തോമസാണ് രാഷ്ട്രീയ രംഗത്ത മുന്നേറ്റത്തിന് അവാര്‍ഡ് സ്വീകരിച്ചത്. സെനറ്ററെന്ന നിലയില്‍ സുപ്രധാനമായ പല തീരുമാനങ്ങള്‍ക്കു പിന്നിലും താന്‍ പ്രവര്‍ത്തിച്ചുവെങ്കിലും മലയാളിയെന്ന പാരമ്പര്യമാണ് ഇവിടെ കൂടിയിരിക്കുന്നവര്‍ക്ക് എന്നെ പ്രിയങ്കരനാക്കുന്നതെന്ന് കെവിന്‍ തോമസ് അഭിപ്രായപ്പെട്ടു. അറ്റോര്‍ണി സനോജ് സ്റ്റീഫന്‍ കെവിന്‍ തോമസിനെ പരിചയപ്പെടുത്തി. അറ്റോര്‍ണിയായ അപ്പന്‍ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

എഴുത്തിന്‍റെ നാള്‍വഴികളില്‍ എക്കാലും തുണയായി നിന്ന ന്യൂയോര്‍ക്ക് മലയാളികളോടുള്ള നന്ദിയായാണെന്ന് സാഹിത്യ പുരസ്‌കാരം നേടിയ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ പ്രത്യേകിച്ച് ന്യൂയോര്‍ക്ക് മലയാളികൾ തന്റെ സര്‍ഗസപര്യയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കേരള സെന്‍ററില്‍ നടന്നു വരുന്ന സാഹിത്യ സംവാദങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അതിലൂടെ കിട്ടിയ അറിവുകള്‍ എന്റെ സാഹിത്യ വളര്‍ച്ചക്കും പ്രേരകമായിട്ടുണ്ടെന്നും എൽസി പറഞ്ഞു. പി.ടി.പൗലോസാണ് എല്‍സി യോഹന്നാനെ പരിചയപ്പെടുത്തിയത്. കേരള സെന്റര്‍ ഫൗണ്ടിംഗ് മെമ്പറും ട്രസ്റ്റിയുമായ ജി. മത്തായി അവാര്‍ഡ് സമ്മാനിച്ചു.

പത്രപ്രവര്‍ത്തനം എന്ന യാത്ര അമേരിക്കയില്‍ എത്തിയതിനെക്കുറിച്ചാണ് ജേര്‍ണലിസം അവാര്‍ഡ് നേടിയ കൈരളി ടിവി യുഎസ്എ ഡയറക്ടര്‍ ജോസ് കാടാപുറം പറഞ്ഞു തുടങ്ങിയത്. പ്രതിഫലം കിട്ടാതെ സേവനം എന്ന പോലെ ഞങ്ങളെപ്പോലുളളവര്‍ ഇവിടെ പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ ഇതിനു പിന്തുണയുമായി നില്‍ക്കുന്ന നഴ്‌സുമാരായ കുടുംബിനികളെ വിസ്മരിക്കരുതെന്ന് ജോസ് കാടാപുറം ഓര്‍മിപ്പിച്ചു. കേരള സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ മെമ്പര്‍ രാജു തോമസ് ജോസ് കാടാപുറത്തിനെ പരിചയപ്പെടുത്തി. ഫൗണ്ടിംഗ് ബെനിഫാക്ടര്‍ എബ്രഹാം ഫിലിപ്പ് സി.പി.എ അവാര്‍ഡ് സമ്മാനിച്ചു.

കേരള സെന്റര്‍ സാരഥി ഇ.എം.സ്റ്റീഫന്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ഡോ. ബെന്‍സി തോമസ് എംസിയായിരുന്നു. സെന്‍റര്‍ പ്രസിഡന്റ് തമ്പി തലപ്പളളില്‍ സ്വാഗതം പറഞ്ഞു. ഡോ. മധു ഭാസ്‌കരൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് എസ്തപ്പാന്‍ നടപടിക്രമങ്ങള്‍ വിവരിച്ചു. വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.