ലോംഗ്‌ഐലന്റില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Saturday, January 18, 2020 11:03 AM IST
ലോംഗ്‌ഐലന്റ് (ന്യൂയോര്‍ക്ക്): മന്‍ഹാട്ടനില്‍ നിന്നും 42 മൈല്‍ അകലെ സൗത്ത് ഫാമിംഗ്‌ഡെയിലിലെ വസതിയില്‍ 27 വയസുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനി കെല്ലി ഓവന്‍സിനെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 16-നു വ്യാഴാഴ്ച വൈകിട്ട് 3.30-നാണ് പോലീസ് വീട്ടില്‍ മരിച്ചുകിടക്കുന്ന ഓവന്‍സിനെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ എട്ടോടെ ആറു വയസുള്ള മകളെ ഒരുക്കി ഓവന്‍സിന്റെ പിതാവിനൊപ്പം സ്‌കൂളിലേക്ക് അയച്ചതായി നാസു കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

വീടിനകത്തേക്ക് ആരും അതിക്രമിച്ചു കടന്നതായി കരുതുന്നില്ലെന്നും, മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു.

മാതാപിതാക്കളോടും സഹോദരനോടും ഒപ്പമാമ് ഓവന്‍സും മകളും ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. നഴ്‌സിംഗ് സ്‌കൂളില്‍ നിന്നും അവധിയെടുത്ത് വീട്ടില്‍ കഴിയുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍