മദ്യലഹരിയിൽ ട്രക്കുമായി ഡ്രൈവറുടെ മരണപാച്ചിൽ; മൂന്നുപേർ കൊല്ലപ്പെട്ടു
Tuesday, September 16, 2025 12:25 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച ട്രക്ക് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കുമിടെയിലേക്ക് ഇടിച്ചു കയറി മൂന്നുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇൻഡോറിലെ എയർപോർട്ട് റോഡിലെ ശിക്ഷക് നഗറിലാണ് സംഭവം.
"ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. ആദ്യം രാമചന്ദ്ര നഗറിൽ വച്ച് രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി. ഈ വാഹനങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി, തുടർന്ന് ബഡാ ഗണപതി പ്രദേശത്തേക്ക് അപകടമായ രീതിയിൽ വാഹനം ഓടിച്ചുകൊണ്ടുപോയി. ഡ്രൈവറെ പിടികൂടി മൽഹർഗഞ്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി'.- ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണ ലാൽചന്ദാനി പറഞ്ഞു.
മൃതദേഹങ്ങളിൽ പലതും റോഡിൽ ചിതറിക്കിടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശവാസികളും വഴിയാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചത്.
അപകടമുണ്ടാക്കിയ ട്രക്കിന് തീപിടിച്ചിരുന്നു. രോഷാകുലരായ നാട്ടുകാർ വാഹനം കത്തിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആദ്യ അപകടത്തിന് പിന്നാലെ ട്രക്കിനടിയിൽ കുടുങ്ങിയ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.