സാമൂഹ്യ അകലം പാലിക്കാതിരുന്ന യുവതിയെ ആക്രമിച്ച ഡോക്ടർ അറസ്റ്റിൽ
Thursday, April 9, 2020 6:26 PM IST
കെന്‍റുക്കി: കോവിഡ് രോഗബാധ തടയുന്നതിന് സാമൂഹ്യ അകലം പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടും അതു പാലിക്കാതിരുന്ന യുവതിയെ ഡോക്ടർ മർദ്ദിച്ചവശയാക്കി.

കെന്‍റുക്കിയിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു സംഭവം.ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡോക്ടറുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ഇവരുടെ വീഡിയോ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഇതുകണ്ട നാലു പെൺകുട്ടികളിൽ ഒരാൾ ഞങ്ങൾ പിരിഞ്ഞു പോകുകയാണെന്ന് അറിയിച്ചു.ഈ സമയത്താണ് ഡോക്ടർ പെൺകുട്ടികളുടെ നേർക്ക് അക്രമണം അഴിച്ചുവിട്ടത്. ഒരു പെൺകുട്ടിയെ നിലത്തു തള്ളിയിട്ടു കഴുത്തു ഞെരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായി. ഇതിനെതുടർന്നു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.

സംഭവത്തിന് ഇരയായതു 18 വയസുള്ള ഹിസ്പാനിക്ക് യുവതിയാണെന്നും പോലീസ് വെളിപ്പെടുത്തി. സാമൂഹ്യ അകലം പാലിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെങ്കിലും നിയമം കൈയിലെടുക്കുന്നതിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വില്ലി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഡോക്ടറെ പിന്നീട് ജാമ്യത്തിൽ വിട്ടു. മേയ് 8 ന് കോടതിയിൽ ഹാജരാകണം.

റിപ്പോർട്ട്: പി.പി. ചെറിയാൻ