കെഎം മാണി: ഭരണക്രമത്തിലെ മാജിക്കൽ റിയലിസത്തിന്‍റെ സവ്യസാചി
Thursday, April 9, 2020 8:02 PM IST
സവ്യസാചിയായ കെഎം മാണി സാർ. ഇടതു കൈകൊണ്ടും വലതു കൈകൊണ്ടും ശരം പ്രയോഗിക്കുന്ന അർജുനനാണ് സവ്യസാചി. പണ്ഡിതനെയും സവ്യസാചി എന്നാണ് വിളിക്കുക. കെഎം മാണി സാർ അതുല്യനായ സവ്യസാചിയായ് നിത്യ ചൈതന്യമാകുന്നു. വരു തലമുറകൾക്ക് ആവേശോജ്ജ്വലമായ രാഷ്ട്രീയ പാഠപുസ്തകമാണ് കെഎം മാണി എന്ന പരമാർത്ഥം, കെഎം മാണി എന്ന മഹാ വ്യക്തിത്വത്തെ "മഹാത്മാ മാണി’ എന്നു വിളിക്കാൻ അർഹനാക്കുന്നു.

അദ്ധ്വാന വർഗ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവാണ് കെഎം മാണി, ആ നിലക്ക്അതുല്യനാണ്. മതസാഹോദര്യത്തിന്‍റെയും അന്തസും കുലീനത്തവും വൃത്തിയും തിളങ്ങുന്ന ശരീരഭാഷയുടെയും മാഹത്മ്യം ജ്വലിക്കുന്ന തേജസായി കെഎം മാണി. കേരളത്തിലെ വിവിധ ഭരണ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ കെ എം മാണി കാഴ്ച്ചവച്ച പ്രാഗത്ഭ്യം ധിഷണാ വൈഭവത്തിന്‍റെ മൂർദ്ധന്യതയാണ്.

കർഷകരെ പെറ്റീ ബൂർഷ്വകളായി കണക്കാക്കിയിരുന്ന കമ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രസുകാരോടും രാഷ്ട്രീയം പയറ്റി, രാഷ്ട്രീയക്കാരെക്കൊണ്ടും ബ്യൂറോക്രാറ്റുകളെക്കൊണ്ടും കർഷരെ അംഗീകരിപ്പിക്കുന്നതിന് ജീവിതം സമർപ്പിച്ച കർമയോഗിയാണ് കെഎം മാണി.

കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രിയപ്പാർട്ടിയെ, പരശതം എതിരാളികളോട് ഒറ്റയ്ക്കു പൊരുതി തേരു തെളിച്ച കൃഷ്ണനും, ആശയങ്ങളുടെ ശരമാരി വർഷിച്ച അർജ്ജുനനുമാണ് കെ എം മാണി. സൗമ്യമായ കമാന്‍റിംഗ് പവറിന്‍റെയും തോളിൽ കൈയിട്ട് നടക്കുന്ന സഹപ്രവർത്തകന്‍റെയും സമ്മേളിത വളവ്യക്തിത്വമായി കെഎം മാണി. കവിത തുളുന്പുന്നതും അധ്യാപനശൈലി നിറഞ്ഞതും ശുദ്ധവും മാന്യവും യുക്തിശക്തവുമായ ഭാഷയുടെയും പ്രസംഗങ്ങളുടെയും നായകനായി കെഎം മാണി. സാഹിത്യത്തോടും സിനിമയോടും മാന്യമായ ഫാഷനുകളോടും പാരന്പര്യങ്ങളോടും കലയോടും ഭക്തശീലങ്ങളോടും ആഭിമുഖ്യം പുലർത്തുകയും കുടുംബ പരിപാലനത്തിൽ ഒൗത്സുക്യം പാലിക്കുകയും ചെയ്യുന്ന മാഹാത്മ്യത്തിന്‍റെ സ്വരൂപമായി കെ എം മാണി. മികച്ച സാമാജികൻ എന്ന നിലയിൽ കാര്യങ്ങളെ അപഗ്രഥിച്ച് സഭകളിൽ അവതരിപ്പിക്കുവാനും അനേകം വ്യക്തിത്വങ്ങളെ നേതൃനിരയിലേക്ക് പരിശീലിപ്പിച്ചുയർത്തുവാനും ഒന്നാം തരമായി സാധിച്ച കുശാഗ്ര ബുദ്ധിയായിരുന്നു കെഎം മാണി. ആവശ്യക്കാരായ പാവങ്ങളുടെയും അർഹരായ പൗരന്മാരുടെയും വിവിധ പ്രശ്നങ്ങൾക്ക് തടസ യുക്തികൾ മറികടന്ന് പഴുതുകളടച്ച സഹായം നൽകുന്നതിനു അതുല്യമാംവിധം വിജയിച്ച ബുദ്ധിരാക്ഷസനായി കെഎം മാണി. ഉരളക്കുപ്പേരി എന്ന പോലെ സംവാദ അടർക്കളങ്ങളിൽ കുറിക്കു കൊള്ളുന്ന മറുപടി നൽകാൻ കഴിഞ്ഞ ജീനിയസായി ì കെ എം മാണി.

ക്രാന്ത ദർശിത്വവും ചാണക്യ രാഷ്ട്രീയ ദീർഘ വീക്ഷണ ചാതുര്യവും സമജ്ഞസ്‌സമായി സമ്മേളിപ്പിക്കാൻ കഴിഞ്ഞ പാവങ്ങളുടെ പടത്തലവനായി കെഎം മാണി. അനേകം ഭരണ സാമാജിക റിക്കാർഡുകൾക്കും നൂതന ഭരണ ആശയങ്ങൾക്കും ബജറ്റ് സംവിധാനക്രമത്തിലെ മാജിക്കൽ റിയലിസത്തിന്‍റേയും പിതാവാണ് കെ എം മാണി. മലയോര-സമതല-തീരദേശ-ഗ്രാമീണ ജനതക്കും ആതുരർക്കും വെളിച്ച വിപ്ലവത്തിലൂടെയും കാരുണ്യാലോട്ടറിയിലൂടെയും കർഷക-കർഷക തൊഴിലാളിപെൻഷനിലൂടെയും കൂടുതൽ റവന്യു ജില്ലാ രൂപീകരണത്തിലൂടെയും വില്ലേജ് രൂപീകരണത്തിലൂടെയും ഉൾനാടൻ ട്രാൻസ്പോർട്ടേഷൻ ബസുകൾ അനുവദിക്കുന്നതിലൂടെയും, വിദ്യാലയങ്ങൾ ആരംഭിക്കുന്നതിലൂടെയും, മിനി-സിവിൽ സ്റ്റേഷനും സബ് -ട്രഷറികളും സബ്-രജിസ്റ്റാർ ഓഫീസുകളും കോടതി സമുച്ചയങ്ങളും നിർമിച്ചു നൽകുന്നതിലൂടെയും; പുരോഗതി സമ്മാനിക്കുന്നതിന് ധനകാര്യ നായകനായ അക്കാഡമീഷ്യനും നിയമജ്ഞനും ആയി ശോഭിച്ച ഭരണാധികാരിയായിരുന്നു കെ എം മാണി. കുതതന്ത്രജ്ഞത ഇല്ലാതിരുന്നതിനാൽ മാത്രം ദേശീയ മന്ത്രിസ്ഥാനം അലങ്കരിക്കാനാവാതെ പോയെങ്കിലും ഇന്ത്യൻ പ്രധാന മന്ത്രിയാകാൻ പോന്ന പ്രതിച്ഛായാമികവു നിറഞ്ഞ കെഎം മാണി എന്ന ഭീഷ്മാചാര്യന്‍റെ വിയോഗം ആരാലും പരിഹരിക്കാവുന്നതല്ല. കെഎം മാണി എന്ന മഹാത്മാവിന് പ്രണാമം.

റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ