യുഎസിൽ മലയാളികളുടെ സഹായത്തിനായി വിവിധ സംഘടനകൾ രംഗത്ത്
Thursday, April 9, 2020 9:12 PM IST
ന്യൂയോർക്ക്:അമേരിക്കയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മലയാളികളുടെ സഹായത്തിനായി വിവിധ സംഘടനകൾ രംഗത്തുവന്നു.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, മലയാളി പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക, മലയാളി നഴ്സുമാരുടെ സംഘടനയായ നൈന, ഡോക്ടർമാരുടെ കൂട്ടായ്മ തുടങ്ങിയ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ "മലയാളി ഹെൽപ്പ് ലൈൻ യുഎസ്എ' എന്ന പേരിൽ പുതിയൊരു ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിൽ അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടിൽനിന്നും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടും.

ഫോമാ വിവിധ സ്ഥലങ്ങളിലുള്ള അവരുടെ അംഗ സംഘടനകളുടെ ആഭിമുഖ്യത്തിൽ അതാത് സ്ഥലങ്ങളിൽ ഫോമാ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു വിവിധ പ്രവർത്തനങ്ങൾ മലയാളികൾക്കിടയിൽ നടത്തിവരുന്നു.

ഒറ്റപ്പെട്ടു കഴിയുന്ന പ്രായം ചെന്നവർ, നാട്ടിൽനിന്നും ഇവിടെ പഠിക്കുവാൻ വന്ന കുട്ടികൾ, അത്യവശ്യമായി നാട്ടിൽ പോകേണ്ടിവരുന്നവർ തുടങ്ങി സഹായം ആവശ്യമുള്ള എല്ലാ മേഖലകളിലും ഇവരുടെ പ്രവർത്തനങ്ങൾ എത്തിച്ചേരുന്നു.

മാസ്കിന്‍റെ ദൗർലഭ്യം പരിഹരിക്കുന്നതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് മാസ്കുകൾ ഉണ്ടാക്കി വിതരണം ചെയ്തുവരുന്നു. ഓൺലൈനിലൂടെ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിച്ചുവരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബഹുഭൂരിപക്ഷവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുന്നു. 24 മണിക്കൂറും വീടിനുള്ളിൽ കഴിയുന്ന മലയാളികളുടെ മാനസിക ഉല്ലാസത്തിനുവേണ്ടി ഓൺലൈനിലൂടെ കഥ, കവിതാ രചനകൾ, ഡ്രോയിംഗ് മത്സരങ്ങൾ തുടങ്ങിയ പരിപാടികളും വിവിധ സംഘടനകൾ നടത്തിവരുന്നു.

കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതിലൂടെ രോഗം ബാധിച്ച് ഏതെങ്കിലും മെഡിക്കൽ സ്റ്റാഫ് മരിച്ചാൽ, 10 ലക്ഷം ഡോളർ കുടുംബത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഗവൺമെന്‍റിനു സമർപ്പിക്കാൻ ഒരു ഭീമ ഹർജിയുടെ ഒപ്പു ശേഖരണവും വിവിധ സംഘടനകൾ നടത്തുന്നുണ്ട്.

വിവിധ ക്രിസ്തീയ സംഘടനകൾ, ഹിന്ദു സംഘടനകൾ, വൈസ്മെൻ ക്ലബ് എന്നിവരുടേയും നേതൃത്വത്തിലും വിവിധ സഹായങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിൽ ചെയ്തുവരുന്നു.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി