കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ഫോമാ വെബിനാറിൽ മന്ത്രി വി മുരളീധരൻ
Tuesday, May 19, 2020 5:36 PM IST
ന്യൂ യോർക്ക് : കോവിഡ് പ്രതിസന്ധിയിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുവാൻ കൂടുതൽ ഫ്ലൈറ്റുകൾ ഉടനെ ഉണ്ടാകും. വിമാന സർവീസ് ആരംഭിച്ചതിന്‍റെ രണ്ടാം ഘട്ടത്തിൽ നാല് സിറ്റികളിൽ നിന്നുമാണ് ഇന്ത്യയിലേക്ക് സർവീസ് തീരുമാനിച്ചിരിക്കുന്നത് . അതിൽ കേരളത്തിലേക്ക് നേരിട്ടുള്ള സർവീസിന് സാൻഫ്രാൻസിസ്കോയിൽ നിന്നും ഒരു ഫ്‌ളൈറ്റ് ആണ് ഇപ്പോൾ ഉള്ളത് . അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ നിന്നും കേരളത്തിലേക്ക് ഒരു ഫ്ലൈറ്റിനുള്ള ആളുകൾ ഉണ്ടെന്നിരിക്കെ ഷിക്കാഗോ , വാഷിംഗ്‌ടൺ ഡിസി, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ തുടങ്ങുമെന്നും
ഫോമാ സംഘടിപ്പിച്ച വെബിനറിലൂടെ മലയാളികളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും നൽകിയ മറുപടിയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

പ്രധാനമായും കേരളത്തിലേയ്ക്കുള്ള യാത്രാ സൗകര്യങ്ങൾ, വിദ്യാർഥികളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ, എച്ച് 1, എൽ 1 വീസയിൽ ഉള്ളവരുടെ അമേരിക്കൻ പൗരത്വമുള്ള കുട്ടികളുടെ യാത്രാസാധ്യത, ക്വാറന്‍റൈൻ സൗകര്യങ്ങൾ എന്നീ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അമേരിക്കൻ മലയാളികളുടെ ചോദ്യങ്ങൾ.

ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ടാസ്ക് ഫോഴ്സ് നാഷണൽ കോഓർഡിനേറ്റർ ജിബി തോമസ്, ടി. ഉണ്ണികൃഷ്ണൻ, ആഞ്ചല സുരേഷ് , ജോസ് മണക്കാട്, ബൈജു വർഗീസ്, റോഷൻ മാമ്മൻ തുടങ്ങിയവരാണ് ഫോമായുടെ നേതൃത്വത്തിൽ ഈ വെബിനാറിനു നേതൃത്വം നൽകിയത്. ഉണ്ണികൃഷ്ണൻ ആണ് മന്ത്രിയുമായി വെബിനാർ സംഘടിപ്പിക്കുവാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്‌തത്‌. ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലും ജനറൽ സെക്രട്ടറി ജോസ് അബ്രാഹവും ചേർന്ന് മന്ത്രിയെ സ്വാഗതം ചെയ്തു.

ഇന്ത്യൻ പൗരത്വമുള്ളവരുടെ യാത്രയ്ക്കുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. എച്ച് 1 ബി , എൽ 1 വീസകൾ കാലാവധി നീട്ടി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണ് . ഈ വീസയുള്ളവരുടെ ഒസി ഐ കാർഡ് ഉള്ള കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ ആലോചിച്ചു കൊണ്ടിരിക്കുന്നു .

കേരളത്തിൽ ചികിത്സയ്‌ക്കോ മറ്റാവശ്യങ്ങൾക്കായോ അമേരിക്കയിൽ നിന്ന് ഇന്ത്യ യിൽ എത്തിയ യുഎസ് വീസ യുള്ളവർക്കു തിരിച്ചു യു എസിലേക്ക് പോകാനുള്ള അനുവാദമുണ്ട് . ബംഗളുരുവിൽനിന്നോ മുംബൈയിൽ നിന്നോ തിരിച്ചു പോകുന്ന ഇവാക്വാഷൻ ഫ്ലൈറ്റിൽ അവർക്ക് പോകാവുന്നതാണ് .ഇപ്പോൾ 15 റൂട്ടുകളിൽ മാത്രമേ ട്രെയിൻ സർവീസ് തുടങ്ങിയിട്ടുള്ളൂ . ബാക്കി അന്തർ സംസ്ഥാന യാത്രകളെ പറ്റിയുള്ള വിവരങ്ങളും തീരുമാനങ്ങളും അധികം വൈകാതെ വരുന്നതായിരിക്കും . പാസ് പോർട്ട് പുതുക്കുന്നതിനെ പറ്റി എല്ലാ ആളുകൾക്കും നേരിട്ട് കോൺസുലേറ്റിലേക്കു പോകാതെ ഇമെയിലിലൂടെ വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഉണ്ട് .

സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക പ്രോത്സാഹനം ഉണ്ടായിരിക്കും. ടെക്നോളജി , ടൂറിസം , ട്രേഡ് എന്നീ മേഖലകളിൽ വിദേശ മലയാളികൾക്ക് പങ്കാളികളാവാനുള്ള സാഹചര്യം ഉണ്ടായിരിക്കും. വീസ കാലാവധി കഴിയുന്ന എല്ലാവർക്കും ഇന്ത്യയിലേക്ക് വരുവാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട് . ഫ്ലൈറ്റിന്‍റെ സീറ്റ് ലഭ്യതയനുസരിച്ചായിരിക്കും ഇവർക്ക് പരിഗണന ലഭിക്കുക . കോവിഡ് പ്രതിസന്ധി യിൽ അസംസ്കൃത വസ്തുക്കളുടെയും അവശ്യ വസ്തുക്കളുടെയും സംഭരണത്തിലും വിതരണത്തിലും യാതൊരു ബുദ്ധിമുട്ടും ക്ഷാമവും കേരളമോ ഇന്ത്യയോ നേരിടുന്നില്ല അതിനുള്ള സാധ്യതയും കാണുന്നില്ല . ഇന്ത്യ മുഴുവൻ ഉപയോഗിക്കാനാവുന്ന ഒരേയൊരു റേഷൻ കാർഡ് നടപ്പിൽ വരുന്നതാണ് . ഈ സമയത്ത് മെഡിക്കൽ രംഗത്ത് ഇന്ത്യ കാഴ്ചവയ്ക്കുന്ന സേവനങ്ങൾ പ്രശംസനീയമാണ്. ഇത്തരം പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഏറെ ഉന്നതിയിൽ എത്തിച്ചിരിക്കുന്നു . ഇന്ത്യയിൽ നിന്ന് സൗജന്യമായി വിമാനയാത്ര അനുവദിക്കാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ല.

തിരഞ്ഞെടുക്കപ്പെട്ട 17 പേരുടെ ചോദ്യങ്ങൾക്കു മന്ത്രി വിശദമായ ഉത്തരം നൽകി .പാസ് പോർട്ട് സർവീസുകൾ നടത്തിക്കിട്ടുന്നതിനായും , അമേരിക്കൻ പൗരന്മാരായ കുഞ്ഞുങ്ങളുടെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ഉള്ള നടപടികളിൽ പ്രത്യേകം ശ്രദ്ധ നൽകണമെന്ന് ഫോമാ മന്ത്രിയോട് അഭ്യർഥിച്ചു

സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച വെബി നാറിന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്‍റ് വിൻസന്‍റ് ബോസ് മാത്യു ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വവും പിന്തുണയും നൽകുന്നു. ഫോമാ സെക്രട്ടറി ജോസ് അബ്രാഹവും ടി. ഉണ്ണികൃഷ്ണനും വെബിനാറിന്‍റെ മോഡറേറ്റർമാരായിരുന്നു.

റിപ്പോർട്ട്:ഇടിക്കുള ജോസഫ്