'നന്മ' ഇന്‍സ്പയറിനു ഗംഭീരമായ തുടക്കം
Sunday, June 28, 2020 11:55 AM IST
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സിന്‍റെ (നന്മ) സംരംഭകത്വ ക്ലബ്ബായ ഇന്‍സ്പയറിന് (Inspire) ഉജ്ജ്വല തുടക്കം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും പുതിയ ആശയങ്ങള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുവാനും രൂപീകരിച്ച ക്ലബ്ബാണ് ഇന്‍സ്പയര്‍. നന്മ പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞു പയ്യോളി, ക്ലബ്ബിനെ പരിചയപ്പെടുത്തി. ജൂണ്‍ 21നു ഇന്‍സ്പയറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.

തന്‍റെ ജീവിത വളര്‍ച്ചയില്‍ ദൈവാനുഗ്രഹവും ശരിയായ സമയത്തെ ശരിയായ സാഹചര്യങ്ങളും ടീമും സ്ഥലവും സഹായകമായിട്ടുണ്ട്. അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യയുടെ സാംസ്കാരികവും വ്യവസായികവുമായ വളര്‍ച്ചയുടെ വിപുലമായ വാണിജ്യ സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ പുതിയ തലമുറയെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് അജ്മാനില്‍ സേവനാവശ്യാര്‍ത്ഥം എത്തിയ തന്‍റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളെ അദ്ദേഹം വിശദീകരിച്ചു. അവസരങ്ങള്‍ നിങ്ങളുടെ വാതിലില്‍ മുട്ടുമ്പോള്‍ ശബ്ദത്തെ കുറ്റപ്പെടുത്താതെ വാതില്‍ തുറക്കാന്‍ സന്നദ്ധരാവണം. ദൈവാനുഗ്രഹവും കഠിനാധ്വാനവും ശരിയായ കാഴ്ചപ്പാടും ലക്ഷ്യവും സമര്‍പ്പിത ടീമും ശരിയായ തീരുമാനവുമാണ് സംരംഭങ്ങളുടെ വിജയ മന്ത്രം.

ഭാവിയിലെ സാദ്ധ്യതകളെ കണ്ടുകൊണ്ടുള്ള സംരംഭങ്ങള്‍ക്കു അടുത്ത തലമുറയെ പ്രാപ്തരാക്കണം. ജീവിതത്തിലെ എല്ലാ രംഗങ്ങളിലും തങ്ങളുടെ ഭാഗം ഫലപ്രദമാക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ വിജയം സ്വാഭാവികമായി സംഭവിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ബേബി ഹൈഫ അബ്ദുറഷീദിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ നന്മ മുന്‍ പ്രസിഡന്റ് യു.എ. നസീര്‍ ആമുഖഭാഷണം നടത്തി. പ്രസിഡന്റ് സിനാഫ് അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് ഫിറോസ് മുസ്തഫ 'ഇന്‍സ്പയറി'ന്‍റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി. നന്മ ചെയര്‍മാന്‍ സമദ് പൊനേരി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഫഹീമ ഹസന്‍