ന്യൂയോർക്കിൽ തൊഴിലില്ലായ്മ വേതനം 13 ആഴ്ചകൂടി നീട്ടി
Saturday, August 1, 2020 3:25 AM IST
ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ പരിണതഫലങ്ങൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ച ന്യൂയോർക്കിലെ തൊഴിൽ രഹിതർക്ക് ആശ്വാസ വാർത്താ. സംസ്ഥാനത്തെ തൊഴിൽ രഹിതർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 26 ആഴ്ചയിലെ വേതനം 13 ആഴ്ച കൂടി ന്യൂയോർക്കിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കു ലഭിക്കുമെന്ന് ന്യൂയോർക്ക് മേയർ ഡി ബ്ളാസിയോ അറിയിച്ചു. പുതിയ തീരുമാനം ന്യൂയോർക്ക് സിറ്റിയിലെ തൊഴിൽ രഹിതർക്ക് ആശ്വാസകരമാണന്ന് മേയർ കൂട്ടിച്ചേർത്തു.

യുഎസ് കോൺഗ്രസ് തൊഴിൽ രഹിതർക്ക് വേതനം നീട്ടുന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തിൽ സംസ്ഥാനം 600 ഡോളർ വീതം 13 ആഴ്ച കൂടി നൽകുന്ന തീരുമാനം ഒരു മില്യൺ തൊഴിൽ രഹിതർക്ക് അൽപമെങ്കിലും ആശ്വാസം നൽകുന്നതാണെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു.

സംസ്ഥാനത്തെ തൊഴിൽ രഹിതരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ന്യൂയോർക്ക് സിറ്റിക്ക് മാത്രമാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിയിലെ അൺ എംപ്ലോയ്മെന്‍റ് റേറ്റ് മഹാമാരിയെ തുടർന്ന് 18 ശതമാനമാണ് വർധിച്ചിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിനു ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 18 ആഴ്ചയാണ് തൊഴിൽ രഹിത വേതനം ലഭിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ