മാഗ് തെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്
Friday, October 30, 2020 5:14 PM IST
ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ 2021 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 5 ന് (ശനി) നടത്തുവാൻ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മികച്ച രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുമെന്ന് ഇലക്ഷൻ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട വത്സൻ മഠത്തിപറന്പിൽ അറിയിച്ചു.

അസോസിയേഷന്‍റെ ബിൽഡിംഗ് ഫണ്ട് ധനശേഖരണാർഥം ഒക്ടോബർ 31 ന് നടത്താനിരുന്ന റാഫിളിന്‍റെ നറുക്കെടുപ്പ് നവംബർ 28 (ശനി) ലേക്ക് മാറ്റിവയ്ക്കാൻ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിലും ബിൽഡിംഗ് ഫണ്ടിനുവേണ്ടി കൂടുതൽ ധനസമാഹരണം നടത്തേണ്ട സാഹചര്യം മുൻനിർത്തിയുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്ന് ബോർഡ് അറിയിച്ചു.

ഒന്നാം സമ്മാനം 2021 മോഡൽ ടൊയോട്ട കൊറോള കാറും രണ്ടാം സമ്മാനം ലാപ്ടോപ്പും മൂന്നാം സമ്മാനം ടിവിയും നാലാം സമ്മാനം സാംസംഗ് ടാബ്ലെറ്റും അഞ്ചാം സമ്മാനം ക്രോം ബുക്കുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

നവംബർ 28 ന് വൈകുന്നേരം അഞ്ചിന് കേരള ഹൗസിൽ വിവിധ കലാപരിപാടികളുമായി ഒരു കൾച്ചറൽ ഷോയും തട്ടുകടയും കർഷകശ്രീ അവാർഡ് വിതരണവും നടക്കുമെന്ന് സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ അറിയിച്ചു.

അസോസിയേഷന്‍റെ ആസ്ഥാനമായ കേരള ഹൗസ് പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു. അതോടൊപ്പം ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നതിന് സാധിച്ചുവെന്നും പ്രസിഡന്‍റ് ഡോ. സാം ജോസഫ് പറഞ്ഞു. കേരളത്തിലെ ഒരു നിർധന കുടുംബത്തിന് ആറര ലക്ഷം രൂപ നൽകി ഭവനം നിർമിച്ചു വരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അർഹരായ ആളുകൾക്ക് ചികിത്സാ സൗകര്യവും മാഗ് നടത്തിവരുന്നു. കോട്ടയം നവജീവൻ ട്രസ്റ്റ്, തിരുവല്ലായിലുള്ള ഹൗസ് ഓഫ് പ്രൊവിഡൻസ് എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സൗജന്യ ഭക്ഷണ വിതരണവും വിവിധ വിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് വെർച്വൽ ആയി പഠിക്കേണ്ടതിന് 13 ടെലിവിഷനുകളും ഇതിനോടകം സംഭാവന ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി ഇതിനോടകം 11 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. കെട്ടിടനിർമാണത്തിനുവേണ്ടിയുള്ള ധനസമാഹരണത്തിൽ എല്ലാവരും പങ്കുചേരണമെന്നും പ്രസിഡന്‍റ് ഡോ. സാം ജോസഫ് പറഞ്ഞു.

റിപ്പോർട്ട്: അജു വാരിക്കാട്