റവ.ജേക്കബ് പി.തോമസിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി
Saturday, May 1, 2021 8:13 AM IST
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ ഇടവക വികാരിയായി മൂന്നു വർഷത്തെ സ്തുത്യർഹ സേവനം നിര്‍വഹിച്ച ശേഷം ബംഗളുരു പ്രിംറോസ് മാർത്തോമ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന റവ.ജേക്കബ്.പി. തോമസിനും കുടുംബത്തിനും ഇടവക സമുചിത യാത്രയപ്പ് നൽകി.

ഏപ്രിൽ 25നു രാവിലെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക് ശേഷം ട്രിനിറ്റി ദേവാലയത്തിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ സഹവികാരി റവ. റോഷൻ.വി.മാത്യൂസ് അധ്യക്ഷത വഹിച്ചു. ഇടവക ഗായകസംഘത്തിന്റെ പ്രാരംഭ ഗാനത്തിന് ശേഷം ഇടവക മിഷൻ സെക്രട്ടറി ഏബ്രഹാം കെ.ഇടിക്കുള പ്രാർഥിച്ചു.

ഇടവക വൈസ് പ്രസിഡന്‍റ് ഷാജൻ ജോർജ്, അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ ആശംസിച്ചു കൊണ്ട് ഏവരെയും സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്തു. തുടർന്ന് റവ. റോഷൻ.വി.മാത്യൂസ് അധ്യക്ഷപ്രസംഗം നടത്തി.നാളിതുവരെ അച്ചനിൽ നിന്നും ലഭിച്ച സഹോദര തുല്യമായ കരുതലും സ്‌നേഹവും എന്നും ഓർമ്മിപ്പിക്കപ്പെടുമെന്നും റോഷൻ അച്ചൻ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സഭയിലെ സീനിയർ വൈദികരിലൊരാളും ഇടവകാംഗവുമായ റവ. ഉമ്മൻ ശാമുവേൽ, ഇടവക സെക്രട്ടറി റജി ജോർജ്‌ എന്നിവർ യാത്രാമംഗളാശംസകൾ നേർന്നു സംസാരിച്ചു. ഇടവക ഫിനാൻസ് ട്രസ്‌റ്റി ഏബ്രഹാം ജോസഫ് (ജോസ്) അക്കൗണ്ട്സ് ട്രസ്റ്റി ജോർജ് പുളിന്തിട്ട എന്നിവരും യാത്രാമംഗളങ്ങൾ നേർന്ന് ഇടവകയുടെ പാരിതോഷികം അച്ചന് സമ്മാനിച്ചു.

അച്ചനും കുടുംബവും ഇടവകയ്ക്ക് നൽകിയ എല്ലാ നിസ്വാർത്ഥ സേവനങ്ങളെയും പ്രവർത്തനങ്ങളെയും സംസാരിച്ചവർ സ്മരിക്കുകയും പ്രകീർത്തിക്കുയും ചെയ്തു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ ഇടവകയ്ക്ക് അച്ചനിൽ നിന്നും ലഭിച്ച ശുശ്രൂഷകൾ പ്രശംസനീയമായിരുന്നു. ഇടവകയുടെ ഓഡിയോ വീഡിയോ മിനിസ്ട്രി ടീം അച്ചന്‍റേയും കുടുംബത്തിന്റയും ഹൂസ്റ്റണിലെ നല്ല ഓർമകൾ പങ്കിടുന്നതായ നിരവധി ഫോട്ടോകൾ കോർത്തിണക്കി പ്രദർശിപ്പിച്ച സ്ലൈഡ് ഷോ സമ്മേളനത്തിന് മാറ്റുകൂട്ടി.

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ഹൂസ്റ്റൺ ട്രിനിറ്റി കുടുംബത്തോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങളുടെ ഓർമകളിൽ എന്നെന്നും ട്രിനിറ്റി ഉണ്ടായിരിക്കുമെന്നും ജേക്കബ് തോമസ് അച്ചൻ, റിൻസി കൊച്ചമ്മ, മക്കളായ ഹർഷ, ഹന്നാ എന്നിവർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ ഭദ്രാസന കൗൺസിൽ അംഗം ഷോൺ വർഗീസ് നന്ദി പറഞ്ഞു. സേവികാസംഘം സെക്രട്ടറി ജൂലി മാത്യൂവിന്റെ സമാപന പ്രാർത്ഥനയ്ക്കും ജേക്കബ് പി തോമസ് അച്ചന്റെ ആശിർവാദത്തിനും ശേഷം സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

ഏപ്രില്‍ 28ന് ഉച്ചകഴിഞ്ഞു പെയർലാന്‍റ് പാർസനെജില്‍ ഇടവക ജനങ്ങളും സുഹൃത്തുക്കളുമായ നിരവധി പേർ എത്തി ചേർന്ന് വികാരനിര്‍ഭരമായ ഒരു യാത്രയയപ്പ് നൽകി. സൂം പ്ലാറ്റ്‌ഫോമിൽ കൂടിയും ഇടവക ജനങ്ങൾക്കു യാത്രാമംഗളങ്ങൾ നേരുന്നതിനു ഭാരവാഹികൾ ക്രമീകരണം ചെയ്തിരുന്നു. നിരവധി ഇടവകാംഗങ്ങൾ ഇവരെ യാത്ര അയയ്ക്കാൻ ഹൂസ്റ്റൺ ഇന്‍റര്‍ കോണ്ടിനെന്‍റ്റല്‍ എയർപോർട്ടിലും എത്തിച്ചേർന്നിരുന്നു.

റിപ്പോർട്ട് : ജീമോൻ റാന്നി