ഞായറാഴ്ച ടെക്‌സസില്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ്
Monday, May 17, 2021 2:25 PM IST
ഓസ്റ്റിന്‍: മേയ് 16 ഞായറാഴ്ച ടെക്‌സസില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ 650 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ടെക്‌സസില്‍ ഇതുവരെ 4,9877 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 29,19,889 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്‌സസ് ആശുപത്രികളില്‍ 2199 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴുദിവസത്തെ (ശനിയാഴ്ച വരെ) കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.9 ശതമാനത്തിനു താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു കൂടുതലായാല്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളുവെന്ന് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പറഞ്ഞു.

ടെക്‌സസില്‍ ഇതുവരെ 11,82,1141 പേര്‍ക്ക് ഒറ്റ ഡോസ് വാക്‌സീന്‍ ലഭിച്ചപ്പോള്‍ 19,34,4606 പേര്‍ക്കു രണ്ടു ഡോസ് വാക്‌സീന്‍ നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.

ടെക്‌സസ് സംസ്ഥാനത്തെ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് അതിവേഗം മടങ്ങിവരികയാണ്. പല പ്രമുഖ സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമല്ല. ദേവാലയങ്ങള്‍ തുറന്ന്, ആരാധന ആരംഭിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും ജിമ്മുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍