മാർ യൗസേബിയൂസിന് യാത്രയയപ്പും മാർ സ്റ്റെഫാനോസിന്‍റെ സ്ഥാനാരോഹണം 28 ന്
Saturday, October 14, 2017 9:12 AM IST
ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ യൗസേബിയൂസിന് യാത്രയപ്പും ഫീലിപ്പോസ് മാർ സ്റ്റെഫാനോസിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളും ഒക്ടോബർ 28ന് (ശനി) നടക്കും. എൽമോണ്ടിലെ സീറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ.

രാവിലെ 10ന് സീറോ മലങ്കര മേജർ ആർച്ച്ബിഷപ് ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിക്കുശേഷമാണ് യാത്രയയപ്പ് ചടങ്ങുകൾ.

ഉച്ചകഴിഞ്ഞ് 2.30 മുതൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങളിൽ ഇരുപതോളം മെത്രാപ്പോലീത്തമാരും വൈദീകരും സന്യസ്തരും അമേരിക്കയിലേയും കാനഡയിലേയും വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി വിശ്വാസികളും പങ്കെടുക്കും. കർദ്ദിനാള·ാരായ തിമോത്തി ഡോളൻ, ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, തോമസ് മാർ യൗസേബിയോസ്, മാർ സ്റ്റെഫാനോസ് തുടങ്ങിയവർ പ്രസംഗിക്കും.

2017 ഓഗസ്റ്റ് അഞ്ചിനാണ് മാർ സ്തെഫാനോസ് അമേരിക്കയിലേയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായത്. 1952 സെപ്റ്റംബർ അഞ്ചിന് ജനിച്ച അദ്ദേഹം 1979 ഏപ്രിൽ 27നാണ് വൈദിക പട്ടം സ്വീകരിച്ചത്. 2010 മാർച്ച് 13 മുതൽ തിരുവല്ല അതിരൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ നടത്തിവരുകയായിരുന്നു. തിരുവല്ല അതിരൂപതയുടെ വികാരി ജനറാൾ, അഡ്മിനിസ്ട്രേറ്റർ, പുഷ്പഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ, യുവജന സംഘടനാ ഡയറക്ടർ, തീക്ഷ്ണമതിയായ മിഷണറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ധാർമിക ദൈവശാസ്ത്രത്തിൽ റോമിലെ അക്കാഡമിയ അൽഫോൻസിയാനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള മാർ സ്റ്റെഫാനോസ് സീറോ മലങ്കര കത്തോലിക്കാ മേജർ സെമിനാരിയുടെ റെക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ട്: മോഹൻ വർഗീസ്