ഉണ്ണിയേശുവിന്‍റെ പിറവി സന്ദേശവുമായി കരോൾ ഗായകർ
Monday, December 4, 2017 12:13 PM IST
ഷിക്കാഗോ : മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ക്രിസ്മസ് കരോൾ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്‍റെ തീരുസ്വരുപ ആശീർവാദം ഷിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.

നവംബർ 26ന് രാവിലെ നടന്ന വിശുദ്ധ കുർബാനക്കുശേഷം നടന്ന തിരുസ്വരൂപ വെഞ്ചെരിപ്പ് കർമത്തിൽ ഫാ.തോമസ് മുളവനാൽ, ഫാ.ബോബൻ വട്ടം പുറത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു.

സെന്‍റ് മേരീസ് ഇടവകയിൽ നിലവിലുള്ള പത്ത് കൂടാരയോഗങ്ങളുടെ പ്രതിനിധികൾക്കു ആശീർവദിക്കപ്പെട്ട ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപം വിതരണം ചെയ്തു. ബേത്ലഹേമിലെ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുസ്വരൂപവും വഹിച്ച്, പിറവി സന്ദേശം ഭവനങ്ങൾ തോറും എത്തിക്കാനായി കരോൾ ഗായക സംഘം അവസാനവട്ട ഒരുക്കങ്ങൾ തുടങ്ങിയെന്ന് കരോൾ ജനറൽ കോർ ഡിനേറ്റർ ഷിബു കുളങ്ങര അറിയിച്ചു.

ഡിസംബർ മൂന്നിന് രാവിലെ നടന്ന വിശുദ്ധ കുർബാനക്കുശേഷം ഇടവകയിലെ എക്സിക്യൂട്ടിവിന്‍റെയും കൂടാരയോഗ പ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ കരോൾഗാനാലാപനങ്ങൾക്ക് ഫാ.ബോബൻ വട്ടംപുറം നേതൃത്വം നൽകി.