ഹൂസ്റ്റണിൽ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ ആഘോഷം അവിസ്മരണീയമായി
Tuesday, January 2, 2018 10:53 PM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപെട്ട ഇടവകകളുടെ ഐക്യ കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ 36-ാമത് ക്രിസ്മസ് ആഘോഷം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.

മിസോറി സിറ്റിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ ഡിസംബർ 25ന് നടന്ന ആഘോഷ പരിപാടികൾ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജനിയ്ക്കുന്ന അനുഭവമാണ് അർഥവത്തായ ക്രിസ്മസ് എന്ന് എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.

പ്രസിഡന്‍റ് റവ.ഫിലിപ്പ് അധ്യക്ഷത വഹിച്ച് ആമുഖ പ്രസംഗം നടത്തി. സമ്മേളനത്തിൽ രക്ഷാധികാരി റവ. സഖറിയ പുന്നൂസ് കോർ എപ്പിസ്ക്കോപ്പാ പ്രാരംഭ പ്രാർഥന നടത്തി. സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം ആശംസിച്ചു.

തുടർന്ന് ഡോ.അന്നാ.കെ.ഫിലിപ്പ് ICECH ചുമതലക്കാരെ സദസിന് പരിചയപ്പെടുത്തി. ചടങ്ങിൽ ക്രിസ്മസ് സന്ദേശം നൽകിയ സീറോ മലബാർ സഭ ബിഷപ് മാർ ജോയ് ആലപ്പാട്ട് ക്രിസ്തുവിന്‍റെ മാനവജാതിക്കായുള്ള മാനുഷാവതാരം എന്നെന്നും മാനവർ ഓർക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

തുടർന്നു വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ ക്രിസ്മസ് ആഘോഷത്തെ മികവുറ്റതാക്കി.

ഈ വർഷം ലഭിച്ച ക്രിസ്മസ് സ്ത്രോത്രകാഴ്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂരിലുള്ള മിഷൻ പ്രോജക്ടിനു വേണ്ടി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2018ൽ നടത്തുവാൻ പോകുന്ന പ്രോഗ്രാമുകളെപ്പറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ റവ.കെ.ബി. കുരുവിള പ്രസ്താവന നടത്തി.ട്രഷറർ റെജി ജോർജ് നന്ദി പറഞ്ഞു. ആഘോഷപരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണിയായി ലിൻഡാ നൈനാൻ, ലക്സിയ ജേക്കബ് എന്നിവർ പ്രവർത്തിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി