ഗാർലാന്‍റ് സെന്‍റ് തോമസ് സീറോ മലബാർ ഇടവകയിലെ മിനിയേച്ചർ വിസ്മയം തീർത്തു
Wednesday, January 3, 2018 10:51 PM IST
ഡാളസ്: ഗാർലാന്‍റ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകയിൽ ഒരുക്കിയ മിനിയേച്ചർ പുൽക്കൂട് കരവിരുതിനാൽ വിസ്മയം തീർത്തു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ യേശുവിന്‍റെ ജനനത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ ഒരു പ്ലോട്ടിൽ ഒരുക്കി ഹോളിലാൻഡിന്‍റെ ഒരു മിനിയേച്ചർ മാതൃക തന്നെ തീർത്താണ് ഈ നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തിയവരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത്.

പരിശുദ്ധ കന്യാമറിയത്തിനു മാലാഖ പ്രത്യക്ഷപെട്ടു മംഗളവാർത്ത അറിയിക്കുന്നതു മുതൽ, മറിയം യഹൂദിയാ മലന്പ്രദേശത്തു കൂടി എലിസബത്തിനെ കാണാൻ പോകുന്നതും മറിയത്തിന്‍റെ ഭവനവും ബേത്ലഹേമിൽ ജോസഫും മറിയവും പേരെഴുതിക്കാൻ പോകുന്നതും ബേത്ലഹേമിലെ സത്രവും ജോസഫും മറിയവും ഉണ്ണിയേശുവിനെ ജറുസലം ദേവാലയത്തിൽ കാഴ്ചവയ്ക്കുവാൻ കൊണ്ടുവരുന്നതും ജ്ഞാനികൾ ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തിൽ യേശുവിനെ അന്വേഷിക്കുന്നതും വയലിൽ തീ കായുന്ന ആട്ടിടയ·ാർക്കു മാലാഖാ പ്രത്യക്ഷപെടുന്നതും കിഴക്കു നക്ഷത്രമുദിക്കുന്നതും രാജാക്ക·ാർ ഉണ്ണി യേശുവിനു കാഴ്ചകൾ അർപ്പിക്കുവാൻ പോകുന്നതും ഗലീലിയും ഗലീലി തടാകവും നസ്രത്തും അഗസ്ത്യർ സീസറുടെ കൊട്ടാരവും തിരുകുടുംബവും പുൽക്കൂടും എല്ലാം മിനിയേച്ചർ മാതൃകയിൽ ഏവർക്കും വിസ്മയം ഒരുക്കുന്നതാണ്.

12 അടി നീളത്തിലും 15 അടി വീതിയിലുമാണ് ഇതിന്‍റെ നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിനായി കാർഡ് ബോർഡ്, അറക്കപ്പൊടി, സ്കെച്ച്പെൻ, കളർ ഡ്രോയിംഗ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം ഒരു മാസത്തെ പ്രയത്നമുണ്ട്.

ചങ്ങനാശേരി ചെത്തിപ്പുഴ മതിച്ചിപറന്പിൽ മാത്യു ആന്‍റണിയും (മത്തായിച്ചൻ) പത്നി ആലീസ് മാത്യുവുമാണ് ഈ കരവിരുതിനു പിന്നിൽ. വികാരി ഫാ ജോഷി എളന്പാശേരിലിന്‍റെ പിന്തുണയും കമ്മിറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഇതോടൊപ്പം ഉണ്ടായിരുന്നു.

ദൈവമഹത്വത്തിനായും പ്രത്യേകിച്ച് ക്രിസ്മസ് ആഘോഷവേളയിൽ യേശുവിന്‍റെ ജനനത്തിരുനാളിന്‍റെ മഹത്വവും സന്ദേശവും അമേരിക്കയിലെ കുട്ടികളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നു മാത്യു പറഞ്ഞു. നാട്ടിൽ നിന്ന് ഗാർലാന്‍റ് ഇടവകാംഗമായ മകൾ ബ്ലെസിയെയും ഭർത്താവ് ലാൽസണെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. ഇടവകാംഗം പോൾ ഫ്രാൻസീസ് നിർമാണ സാമഗ്രികൾ കണ്ടുപിടിച്ചു വാങ്ങിക്കുന്നതിൽ സഹായമേകി.

ചങ്ങനാശേരിയിൽ അറുപതോളം അംഗങ്ങളുളള രക്ഷാഭവൻ എന്ന അഗതിമന്ദിരത്തിൽ കഴിഞ്ഞ 23 വർഷമായി പങ്കാളിയായി ജീവകാരുണ്യപ്രവർത്തിയിലും സേവനതല്പരനാണ് മാത്യു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ