പ്ര​കാ​ശി​ത​മാ​യ ധ​ന്യ​ജീ​വി​തം
പ​ണ്ഡി​തനായ പ​വ്വ​ത്തി​ൽ പി​താ​വി​ന് ലാ​ളി​ത്യം അ​ല​ങ്കാ​ര​മ​ല്ല, ജീ​വി​ത​ദ​ർ​ശ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്. എല്ലാ തലങ്ങളിലും മൂ​ല്യ​ച്യു​തി​ സം​ഭവിച്ചു​വ​രു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് വി​ശ്വാ​സ, ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളു​ടെ പ്രബോധകനാണ് ​ വ​ന്ദ്യ​പി​താ​വ്.

തൊ​ണ്ണൂ​റ്റി​മൂ​ന്നാം വ​യ​സി​ന്‍റെ പ​ടി​വാ​തി​ലി​ലും ക​ർ​മ​നി​ര​ത​ൻ. ചി​ന്ത​യി​ലും പ്ര​ബോ​ധ​ന​ത്തി​ലും എ​ഴു​ത്തി​ലും നി​ല​പാ​ടു​ക​ളി​ലും കുലീന​ത. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കി​രീ​ട​മെ​ന്ന് ബെ​ന​ഡി​ക്‌ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ അഭിമാനം പറഞ്ഞ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ മെ​ത്രാ​ഭി​ഷേ​ക സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ധ​ന്യ​ത​യി​ലാ​ണ്.

ഒ​ൻ​പ​തു വ​ർ​ഷം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നും അ​ഞ്ചു വ​ർ​ഷം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും എ​ട്ടു വ​ർ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​നും 22 വ​ർ​ഷം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യി ശു​ശ്രൂ​ഷ ചെ​യ്ത ഗുരുശ്രേഷ്ഠൻ. ദൈ​വോ​ന്മുഖ​മാ​യ ജീ​വി​ത​വീ​ക്ഷ​ണം സ​ഭാ, സാ​മൂ​ഹി​ക​ത​ല​ങ്ങ​ളി​ൽ പു​ല​ർ​ത്തു​ക​യും ആ​ദ​ർ​ശ​ങ്ങ​ളി​ലും ബോ​ധ്യ​ങ്ങ​ളി​ലും അ​ണു​വി​ട വ്യ​തി​ച​ലി​ക്കാ​തെ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​പ്ര​ഭാ​വം.

പ​ണ്ഡി​തനായ പ​വ്വ​ത്തി​ൽ പി​താ​വി​ന് ലാ​ളി​ത്യം അ​ല​ങ്കാ​ര​മ​ല്ല, ജീ​വി​ത​ദ​ർ​ശ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്. എല്ലാ തലങ്ങളിലും മൂ​ല്യ​ച്യു​തി​ സം​ഭവിച്ചു​വ​രു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് വി​ശ്വാ​സ, ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളു​ടെ പ്രബോധകനാണ് ​ വ​ന്ദ്യ​പി​താ​വ്.

സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ഇ​ട​ർ​ച്ച​യ്ക്കും ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ ജാഗ്രതയുള്ള നിരീക്ഷണത്തിലൂടെ തി​രി​ച്ച​റി​യു​കയും ജനനങ്ങൾക്ക് നേരറിവിന്‍റെ കരുതൽ കവചം ഒരുക്കുകയും ചെയ്യുന്ന അ​ജ​പാ​ല​ക​ൻ. വി​ശ്വാ​സ​പാ​ര​ന്പ​ര്യ​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന​തും സ​ഭാ സം​വി​ധാ​ന​ത്തി​ന് ഇടർച്ച വ​രു​ത്തു​ന്ന​തു​മാ​യ ചിന്താധാരകളുടെ അധിനിവേശത്തെ ചെ​റു​ക്കാ​നു​ള്ള ക​രു​ത്തും കാഴ്ചപ്പാടും പി​താ​വി​നു​ണ്ട്. മ​ന​നം ചെ​യ്തെടുത്ത കൃത്യതയുള്ള വാ​ക്കു​ക​ളിൽ കാ​ന്പും ക​ഴ​ന്പു​മു​ണ്ട്. നി​ല​പാ​ടു​ക​ൾ​ക്ക് തി​ള​ക്ക​വും തൂ​ക്ക​വു​മു​ണ്ട്.

സം​സാ​ര​ത്തി​ലെ പാ​ക​ത​യും പെ​രു​മാ​റ്റ​ത്തി​ലെ വി​ന​യ​വും ഭ​ക്ഷ​ണ​ത്തി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ലമുള്ള ലാ​ളി​ത്യ​വും ആ​ഭി​ജാ​ത്യ​ത്തി​ന്‍റെ അ​ട​യാ​ള​പ്പെടുത്തലുകളാണ്. അ​റി​വി​നാ​യി ദാഹിക്കുന്ന മ​ന​സും ജ്വ​ലി​ക്കു​ന്ന ആ​ത്മീ​യതയും അ​നേ​ക​രെ പി​താ​വി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. പു​ല​ർ​ച്ചെ നാ​ലി​നു​ണ​ർ​ന്ന് പ്രാ​ർ​ഥ​ന​യ്ക്കു ​ശേ​ഷം ആ​റേ​ഴു ദി​ന​പ​ത്ര​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും സൂ​ക്ഷ്മ​ത​യോ​ടെ വാ​യി​ച്ച് വാ​ർ​ത്ത​ക​ളി​ലെ നെ​ല്ലും പ​തി​രും വേ​ർ​തി​രി​ക്കുന്ന വി​ജ്ഞാ​നകുതുകി. അ​റി​വും ബോ​ധ്യ​വും പ കരുന്ന നേര​ക്ഷ​ര​ങ്ങ​ൾക്ക് അ​ടി​വ​ര​യി​ട്ട് കു​റി​പ്പു​ക​ളെ​ഴു​തു​ന്ന പ​ഠി​താ​വ്. സാഹചര്യങ്ങളെയും സദസിനെയും അറിഞ്ഞുകൊണ്ടുള്ള പ്രൗ​ഢമായ ഉ​ദ്ബോ​ധ​ന​ങ്ങൾക്ക് കാലവും ലോകവും കാതുകൂർപ്പിക്കുന്നു.

അധ്യാപനസുകൃതം

മ​ദ്രാ​സ് ല​യോ​ള കോ​ള​ജി​ലെ​യും പിന്നീട് ഓ​ക്സ്ഫ​ഡി​ലെ​യും ഉ​ന്ന​ത​ബി​രു​ദ​ങ്ങ​ളു​ടെ ത​ല​ക്ക​ന​മി​ല്ലാ​തെ എ​സ്ബി കോ​ള​ജി​ൽ സാ​ന്പ​ത്തി​ക​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി​രി​ക്കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​വളർച്ചയ്ക്കുതകു​ന്ന മൂല്യങ്ങൾ പകർന്ന സ്നേ​ഹ​നി​ധി​യാ​യി​രു​ന്നു പ​വ്വ​ത്തി​ല​ച്ച​ൻ. സ​ഹാ​യമെ​ത്രാ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​ശേ​ഷ​വും അ​ധ്യാ​പ​ന​സു​കൃ​തം പാ​വ​നദൗത്യമായി തു​ട​ർ​ന്നു. സെ​മി​നാ​രി​ക​ളി​ലും സ​ന്യാ​സ ഭവനങ്ങളിലും യു​വ​ജ​നക്കൂട്ടായ്മക​ളി​ലും ദൈ​വ​ശാ​സ്ത്ര പ​രി​ശീ​ല​നവേദികളിലും മ​ത​ബോ​ധന ക്ലാ​സു​ക​ളി​ലു​മൊ​ക്കെ ത​ല​മു​റ​ക​ൾ​ക്ക് ഗു​രു​നാ​ഥ​നാ​യി.


ഇ​ക്കാ​ല​മ​ത്ര​യും വി​വി​ധങ്ങളായ വി​ഷ​യ​ങ്ങ​ളി​ൽ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളെ​യും ഗ്ര​ന്ഥ​ങ്ങ​ളെ​യും ജ്ഞാ​ന​ദ​ർ​ശ​ന​ങ്ങ​ളെ​ന്നു വി​വ​ക്ഷി​ക്കാം. വാ​ക്കു​ക​ളി​ലെ​ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും നി​ഗ​മ​ന​ങ്ങ​ൾ​ക്കും വീ​ക്ഷ​ണ​ങ്ങ​ൾ​ക്കും കൃ​ത്യ​ത​യു​ണ്ട്, അ​ർ​ഥ​മാ​ന​ങ്ങ​ളു​മു​ണ്ട്. എ​ഴു​തു​ന്ന​തെ​ല്ലാം സ​ഭാ​ത്മ​ക​ത​യി​ലും വി​ശ്വാ​സ​ബോധ്യങ്ങളിലും സാ​മൂ​ഹി​ക​ന​ൻ​മ​യി​ലും അ​ധിഷ്ഠിതമാണ്. എ​നി​ക്കു ജീ​വി​തം സ​ഭ​യാ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന വി​ശ്വാ​സ​തീ​ക്ഷ്ണ​ത എഴുതുന്ന ഓരോ വാക്കുകളെയും വ​ല​യം ചെ​യ്യു​ന്നു.

ഉ​ദ്ദേ​ശ്യശു​ദ്ധി​യു​ള്ള ഈ ​മാ​നു​ഷി​ക​ദ​ർ​ശ​നം അ​പ്പാ​ടെ ക്രി​സ്തീ​യ​മാ​ണ്. സ​മൂ​ഹ​ത്തി​നൊ​ന്നാ​കെ ന​ന്മ കാം​ക്ഷിക്കു​ന്ന ആ​ത്മീ​യ​ഗ​രി​മ​യ്ക്കു മു​ന്നി​ൽ ഭി​ന്നാ​ഭി​പ്രാ​യ​ക്കാ​ർ​പോ​ലും ശി​ര​സു ന​മി​ക്കു​ന്ന​ത് ​വിശിഷ്‌ട വ്യ​ക്തി​ത്വത്തിനുള്ള ആ​ദ​രവുകൊണ്ടാണ്. വി​ദ്യാ​ഭ്യാ​സ​ബി​ല്ലി​ലും സ്വാ​ശ്ര​യ​വി​ഷ​യ​ത്തി​ലും ന്യൂ​ന​പ​ക്ഷ സം​വ​ര​ണ​ത്തി​ലും മ​ദ്യ​ന​യ​ത്തി​ലു​മൊ​ക്കെ പവ്വത്തിൽ പിതാവ് ഉയർത്തിയ നി​ല​പാ​ടു​ക​ൾ ശ​രി​യാ​യി​രു​ന്നു​വെ​ന്ന് കാ​ലം വി​ധി​യെ​ഴു​തി. ക​ലാ​പ​ക​ലു​ഷി​ത​മാ​യ സ​മ​ര​കോ​ലാ​ഹ​ല​ങ്ങ​ൾ ക്രൈസ്തവസ്ഥാപനങ്ങൾക്കെതിരേ അ​ഴി​ച്ചു​വി​ട്ടവരിൽ ഏറെപ്പേർക്കും പി​താ​വ് പ​റ​ഞ്ഞ ബോധ്യങ്ങളെ പിൽക്കാലത്ത് സ്വകാര്യമായി ശരിവയ്ക്കേണ്ടിവന്നു.

വിശ്വാസത്തിന്‍റെ കാവലാൾ

ക​മ്യൂ​ണി​സം സ്നേ​ഹ​ത്തി​ലും സ​ഹ​ന​ത്തി​ലു​മ​ല്ല, മ​റി​ച്ച് വെ​റു​പ്പി​ലും സം​ഹാ​ര​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​ണെ​ന്നു നേ​താ​ക്ക​ൾ​ക്കു മു​ന്നി​ൽ പ​റയാൻ പി​താ​വി​നു ധൈ​ര്യ​ക്കു​റ​വു​ണ്ടാ​യി​ല്ല. ഹിം​സാ​ത്മ​ക​മാ​യ​ത് കാ​രു​ണ്യ​ഹീ​ന​മാണ് . പലപ്പോഴും തന്നെ വ്യക്തിപരമായി അ​ധി​ക്ഷേ​ച്ച​വ​ർ​ക്കു മു​ന്നി​ൽ ആത്മനിയന്ത്രണം പാലിച്ചു. വാ​ക്കി​ൽ പി​ഴ​യ്ക്കാ​ത്ത​വ​ൻ അ​നു​ഗൃഹീ​ത​ൻ. അ​വ​നു പാ​പ​ത്തെ​പ്ര​തി ദു​ഃഖി​ക്കേ​ണ്ടി​വ​രി​ല്ല എ​ന്ന സു​ഭാ​ഷി​ത വ​ച​നം പ​വ്വ​ത്തി​ൽ പി​താ​വി​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ത്ര​യോ ശ​രി​യാ​ണ്.

ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള പ്ര​വാ​ച​ക​ദൗ​ത്യ​മാ​യി​രു​ന്നു ഇ​ട​യ​ശു​ശ്രൂ​ഷ. ദൈ​വ​ജ​ന പ​ങ്കാ​ളി​ത്തം ദ​ർ​ശ​ന​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി രൂ​പ​ത​ക​ളി​ൽ സ്ഥാ​പി​ച്ച പാ​സ്റ്റ​റ​ൽ സെ​ന്‍റ​റു​ക​ളും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലു​ക​ളും ഇ​ത​ര രൂ​പ​ത​ക​ൾ പി​ൽ​ക്കാ​ല​ത്ത് ക​ട​മെ​ടു​ത്തു.

യു​വ​ജ​ന​പ്രേ​ഷിതത്വം, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​നം, ശാ​രീരി​ക ന്യൂ​ന​ത​യു​ള്ള​വ​രു​ടെ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ആ​തു​ര​ശു​ശ്രൂ​ഷ, സാ​മൂ​ഹ്യ​സേ​വ​നം, കാ​ർ​ഷി​ക വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യി തു​ട​ങ്ങി​യ സംരംഭങ്ങൾ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്ത​ണ​ലേ​കു​ന്ന വ​ട​വൃ​ക്ഷ​ങ്ങ​ളാ​യി പ​ന്ത​ലി​ച്ചി​രി​ക്കു​ന്നു. അത്മായർക്കും ദൈവശാസ്ത്രം പഠിക്കാൻ വിദ്യാനികേതനം പടുത്തുയർത്താനുള്ള കാഴ്ചപ്പാടും പിതാവിനുണ്ടായി.

കാരുണ്യശുശ്രൂഷകൻ

ആ​ഡം​ബ​ര​വും ആ​ഘോ​ഷ​ങ്ങ​ളും അ​നാ​ക​ർ​ഷ​ക​മാണെന്ന നി​ല​പാ​ട് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ പി​താ​വ് കാ​ണി​ച്ചു​ത​ന്നു. 1972ൽ ​റോ​മി​ൽ പോ​ൾ ആ​റാ​മ​ൻ മാർപാ​പ്പാ​യി​ൽ​നി​ന്ന് മെ​ത്രാ​ഭി​ഷേ​കം സ്വീകരിച്ചെ​ത്തി​യ നവബിഷപ് പാ​വ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് ജീ​വ​കാ​രു​ണ്യ നി​ധി ഏ​ർ​പ്പെ​ടു​ത്തി.

ല​ളി​ത​മാ​യി പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് ആ​ഘോ​ഷം ഒഴിവാക്കി സ്വരൂപിച്ച തു​ക അ​ക്കാ​ല​ത്ത് ത​ക്ക​ല ഉ​ൾ​പ്പെ​ടു​ന്ന തെ​ക്ക​ൻ​ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ർ മാ​ത്യു കാ​വു​കാ​ട്ട് പി​താ​വി​നെ ഏ​ൽ​പ്പി​ച്ചു. മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യി​ൽ പാ​വ​പ്പെട്ട കുടുംബങ്ങൾക്ക് ഭ​വ​നങ്ങൾ പണിതു ന​ൽ​കി.

അ​ര​മ​നയി​ൽ തന്നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രെ ഒൗ​ദ്യോ​ഗി​ക ഇ​രി​പ്പി​ട​ത്തി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റു​നി​ന്നു സ്വീ​ക​രി​ക്കു​ന്ന ആ​തി​ഥ്യ​മ​ര്യാ​ദ. യു​ഗ​പ്ര​ഭാ​വ​രാ​യ പോ​ൾ ആ​റാ​മ​ൻ, ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ, ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ, ഫ്രാ​ൻ​സീ​സ് തുടങ്ങിയ പാ​പ്പാ​മാ​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്താ​ൻ ഭാ​ഗ്യ​നി​യോ​ഗ​മു​ണ്ടാ​യ​പ്പോ​ഴും കെ​സി​ബി​സി, സി​ബി​സി​ഐ അ​ധ്യ​ക്ഷപ​ദ​വി​ക​ളി​ലെ​ത്തി​യ​പ്പോ​ഴും ലാ​ളി​ത്യ​മാ​യി​രു​ന്നു മു​ഖ​മു​ദ്ര. പുണ്യശ്ലോകരായ സഭാ പിതാക്കമാർക്കൊപ്പം അടുത്തു പ്രവർത്തിക്കാനായതും ഭാഗ്യനിയോഗം. അ​ത്യു​ന്ന​ത പ​ദ​വി​ക​ളു​ടെ സാ​ധ്യ​ത​യി​ൽനി​ന്ന് ഒ​ഴി​വാ​യ​പ്പോ​ഴും ബ​ഹു​മ​തി​ക​ളെ​ക്കാ​ൾ പി​താ​വ് മ​ഹി​മ ക​ൽ​പി​ച്ച​ത് സ​ഭാ പാ​ര​ന്പ​ര്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ബോ​ധ്യ​ങ്ങ​ളും തന്‍റേതായ ​നി​ല​പാ​ടു​ക​ളു​മാ​യി​രു​ന്നു.

കൃ​ത്യ​നി​ഷ്ഠ ആ​ദ​ർ​ശ​നി​ഷ്ഠ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് എ​ല്ലാ ക​ത്തു​ക​ൾ​ക്കും കൈ​പ്പ​ട​യി​ൽ മ​റു​പ​ടി എ​ഴു​താ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​നും ഫോ​ണ്‍ വി​ളി​ച്ചാ​ൽ തി​രി​ച്ചു​ വി​ളി​ക്കാ​നും സ​മ​യം​ക​ണ്ടെ​ത്തു​ന്ന​ത്. സഭാശുശ്രൂഷാവേദികളിൽ പി​താ​വ് ആ​വി​ഷ്ക​രി​ച്ച വി​കേ​ന്ദ്രീ​കൃ​ത​മാ​യ അ​ജ​പാ​ല​ന ആ​സൂ​ത്ര​ണം ഭ​ര​ണ​പ്രാ​ഗ​ത്ഭ്യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. സ​മ​യ​നി​ഷ്ഠ​യി​ലെ അ​തി​ക​ർ​ക്ക​ശ​ത​യു​ടെ ഭാ​ഗ​മാ​ണ് പ​റ​യാ​നു​ള്ള​ത് അക്കമിട്ട കു​റി​പ്പാ​യി എഴുതി പ്ര​ബോ​ധ​ന​വേ​ദി​ക​ളി​ലേ​ക്കു പോ​കു​ന്ന​ത്.

പ്രഭാഷകൻ, പ്രബോധകൻ

ആ​ത്മീ​യ​ത​യു​ടെ ക​ട​ലും വി​ജ്ഞാ​ന​ത്തി​ന്‍റെ മ​ഹാ​സ​മു​ദ്ര​വും സം​ഗ​മി​ക്കു​ന്ന പ്ര​തീ​തി​യാ​ണ് പി​താ​വി​ന്‍റെ പ്ര​ഭാ​ഷ​ണം. പ​റ​യു​ന്ന​തി​ലൊ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കാ​നി​ല്ല, പ​റ​ഞ്ഞ​തി​ൽനി​ന്നൊ​ന്നും ക​ള​യാ​നു​മി​ല്ല. അ​നു​വ​ദനീ​യ​സ​മ​യ​ത്തി​ൻ സെ​ക്ക​ന്‍ഡ് പോ​ലും അ​ധി​ക​പ്ര​സം​ഗ​മു​ണ്ടാ​വു​ക​യു​മി​ല്ല.
വി​ജ്ഞാ​ന​ത്തി​ന്‍റെ വി​ള​ക്കു​മ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന വ്യക്തി അ​റി​വി​ന്‍റെ ഖ​നി​ക​ളെ 92-ാം വ​യ​സി​ലും ക​ണ്ണാ​ടി​വെ​ട്ട​ത്തി​ൽ മ​ന​നം ചെ​യ്യു​ക​യാ​ണ്. വാ​യ​ന​യി​ലെ അ​തി​വേ​ഗ​ക്കാ​ര​ന്‍റെ അ​റി​വ് ദൈ​വ​ശാ​സ്ത്രം മു​ത​ൽ സാ​മൂ​ഹി​ക​ശാ​സ്ത്രം വ​രെ വി​പു​ല​വുമാ​ണ്. സ​ഭ​യി​ലെ​യും സ​മൂ​ഹ​ത്തി​ലെ​യും എല്ലാ ച​ല​ന​ങ്ങ​ളെയും നിരീക്ഷിച്ച് വേണ്ടതിനു മാത്രം പ്ര​തി​ക​രി​ക്കും. നി​ല​പാ​ടു​ വ്യ​ക്ത​മാ​ക്കുകയ.ും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തുക‍യും ചെയ്യാൻ പിൻബല​മാ​കു​ന്ന​ത് അ​ഗാ​ധ പാ​ണ്ഡി​ത്യ​വും അ​റി​വ​നു​ഭ​വ​ങ്ങ​ളു​മാ​ണ്.

ഏ​തു വി​ഷ​യ​ത്തി​ലും നെ​ല്ലും പ​തി​രും വേ​ർ​തി​രി​ച്ചു മാത്രമേ മാർ പവ്വത്തിൽ അ​ഭി​പ്രാ​യം പ​റ​യു​ക​യു​ള്ളൂ. അ​നു​ക​രി​ക്കാ​ൻ കൊ​തി​പ്പി​ക്കും വി​ധം ആ​ത്മീ​യ ബോ​ധ്യ​ങ്ങ​ളു​ടെ വെ​ളി​ച്ചം പ​ക​രു​ക​യും ന​ന്മവ​ഴി​ക​ൾ കാ​ണി​ച്ചു​ത​രി​ക​യും ചെ​യ്യു​ന്ന​തി​ലാ​ണ് പി​താ​വ് ത​ല​മു​റ​ക​ൾ​ക്ക് ആ​രാ​ധ്യ​നാ​കു​ന്ന​ത്.

മാ​ന​വി​ക മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യി ന​വ​ലോ​ക​ം കെ​ട്ടി​പ്പടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഒ​രു പാ​ഠ​മാ​ണ്, അ​തി​ലു​പ​രി പാ​ഠ​പു​സ്ത​കമാണ്. കാ​റ്റി​ലുല​യു​ന്ന പ​രു​ത്തി​ക്കു​പ്പാ​യം പോ​ലെ സ്ഥൂ​ല​മാ​യ ശ​രീ​രം. പാ​ദ​ത്തെ താ​ങ്ങി​നി​റു​ത്ത മ​ണ്ണി​ൽ നി​ന്നു​വ​രെ ഇ​നി​യു​മേ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്ന​പോ​ലെ ന​മ്ര​മാ​യ ശി​ര​സ്. പാ​ദു​ക​ങ്ങ​ൾ​ക്കു നോ​വ​രു​തെ​ന്ന മ​ട്ടി​ലെ ശാ​ന്ത​മാ​യ ന​ട​ത്തം. മു​റി​യു​ടെ ജ​നാ​ല​യ്ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്ന ശ​ബ്ദം. ഇ​ന്പ​മേ​റി​യ ആ ​വാ​ക്കു​ക​ളി​ലെ ആ​ശ​യ​ങ്ങ​ളു​ടെ ക​ന​വും ക​രു​ത്തും ആ​രെ​യും എക്കാലവും വിസ്മയിപ്പിക്കുന്നു.

മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി പു​ണ്യ​വേ​ള​യി​ലും പ്ര​വാ​ച​ക​വ​ര​ത്തോ​ടെ നാ​ളെ​യു​ടെ ന​ന്മയാ​ണ് പി​താ​വ് കാം​ക്ഷി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് സഭയുടെ ഉ​റ​ങ്ങാ​ത്ത കാ​വ​ൽ​ക്കാ​ര​നെ​ന്ന് പ​വ്വ​ത്തി​ൽ പി​താ​വി​നെ കാ​ലം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. ആ ​ജ്ഞാ​ന​വ​ച​സു​ക​ൾ മാ​ത്ര​മ​ല്ല, മൗ​നം പോ​ലും വാ​ക്കു​ക​ളേക്കാ​ൾ അ​ർ​ഥ​ഗ​ർ​ഭ​മാ​ണ്.

റെ​ജി ജോ​സ​ഫ്