അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽതന്നെ മഹാത്മാവിന് രാജ്യത്തിന് പുറത്തും ആരാധകരും അനുയായികളും ഏറെയാണ്. ഗാന്ധിദർശനങ്ങളും സമരമാർഗങ്ങളും നിരവധി മഹാന്മാരെയാണ് സ്വാധീനിച്ചത്. മാർട്ടിൻ ലൂഥർ കിംഗ്, നെൽസണ് മണ്ടേല, ഹോച്ചിമിൻ, ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ബരാക് ഒബാമ, ബർണാഡ് ഷാ തുടങ്ങി ആൽബർട്ട് ഐൻസ്റ്റീൻ വരെയുള്ളവർ ഈ നിരയിലുണ്ട്.
ലോകാരാധ്യനായ ഇന്ത്യൻ രാഷ്ട്രപിതാവിന് ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിതമായ സ്മാരകങ്ങൾ ഏറെയാണ്.
യുഎസ്എ
അമേരിക്കയിലെ കലിഫോർണിയയിലുള്ള ഗാന്ധി സ്മാരകമാണ് മഹാത്മാ ഗാന്ധി വേൾഡ് പീസ് മെമ്മോറിയൽ. ആയിരം വർഷം പഴക്കമുള്ള ചൈനീസ് സാർകോഫാഗസിൽ (പ്രാചീനകാലത്തെ ശിലാനിർമ്മിതമായ ശവപ്പെട്ടി) പിച്ചളയും വെള്ളിയും കൊണ്ട് നിർമ്മിച്ച പെട്ടിക്കുള്ളിൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്നു.1950ലാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.
മഹാത്മാഗാന്ധിയുടെ പേരിൽ അമേരിക്കയിൽ ഒരു ജില്ല തന്നെയുണ്ട്. ടെക്സസ് സംസ്ഥാനത്തെ ഹൂസ്റ്റണ് നഗരത്തിൽ ഇന്ത്യൻ വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് മഹാത്മാ ഗാന്ധി ഡിസ്ട്രിക്ട് എന്നും ലിറ്റിൽ ഇന്ത്യ, ഹിൽക്രോഫ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നത്. മൻഹാട്ടനിലെ യൂണിയൻ സ്ക്വയറിൽ കാന്തിലാൽ ബി.പട്ടേൽ നിർമിച്ച ഗാന്ധി പ്രതിമയുണ്ട്.
ദക്ഷിണാഫ്രിക്ക
ഗാന്ധിജിയുടെ ജീവിതത്തിൽ നിർണായ സംഭവങ്ങൾ നടന്ന സ്ഥലമാണ് ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരീസ്ബർഗ്. 1893 മേയിൽ വെള്ളക്കാരനായ ഒരാൾ ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കിയത് ഇവിടെവച്ചായിരുന്നു. ഗാന്ധിയുടെ വെങ്കല പ്രതിമ ഇന്നു പീറ്റർ മാരിസ്ബർഗിലെ ചർച്ച് സ്ട്രീറ്റിൽ നിലകൊള്ളുന്നു.
ദക്ഷിണാഫ്രിക്കയിലെ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പീറ്റർ മാരിസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ ഇരുമുഖങ്ങളുള്ള മറ്റൊരു അർധകായ ഗാന്ധിപ്രതിമയുമുണ്ട്. കോട്ടും ടൈയും അണിഞ്ഞ ചെറുപ്പക്കാരൻ ഗാന്ധി ഒരു ഭാഗത്തും കണ്ണട വച്ച് ശരീരത്തിന്റെ മേൽഭാഗം മറയ്ക്കാതെയുള്ള ഗാന്ധി മറുഭാഗത്തും.
ഇംഗ്ലണ്ട്
1968ലാണ് ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്റ്റോക്ക് സക്വയറിലെ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. പോളിഷ് കലാകാരിയ ഫ്രെഡ ബ്രില്യന്റ് നിർമിച്ച വെങ്കലപ്രതിമ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസനാണ് അനാച്ഛാദനം ചെയ്തത്.
ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ ഫിലിപ് ജാക്സണ് എന്ന ശിൽപ്പി നിർമിച്ച ഗാന്ധി പ്രതിമ 2015 മാർച്ച് 14ന് അന്നത്തെ ഇന്ത്യൻ ധനകാര്യ മന്ത്രിയായിരുന്ന അരുണ് ജെയ്റ്റ്ലിയാണ് അനാച്ഛാദനം ചെയ്തത്.
അർജന്റീന, ചൈന, ഡെൻമാർക്ക്
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ഇന്ത്യ അർജന്റീനയ്ക്ക് സമ്മാനിച്ച ഗാന്ധി പ്രതിമ രാം വാഞ്ചി സുതറാണ് നിർമ്മിച്ചത്. ചൈനയിലെ ബെയ്ജിംഗിലെ ചൊവോയാങ് പാർക്കിൽ 2005ൽ സ്ഥാപിച്ച പ്രതിമ നിർമിച്ചത് പ്രശസ്ത ശിൽപിയായ യുവാൻ ഷികുനാണ്. പാർക്കിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള രാജ്യാന്തര സൗഹൃദവനത്തിലാണ് കയ്യിലൊരു പുസ്തകവുമായി ഗാന്ധിജി ഇരിക്കുന്ന രീതിയിലുള്ള പ്രതിമ സ്ഥിതിചെയ്യുന്നത്.
1984ൽ ഇന്ദിരാഗാന്ധി ഡെന്മാർക്ക് സന്ദർശിച്ചപ്പോൾ സമ്മാനിച്ചതാണ് കോപ്പൻഹേഗനിലെ ഗാന്ധി പ്രതിമ.
ഓസ്ട്രേലിയ, ഉഗാണ്ട, ഓസ്ട്രിയ
ഓസ്ട്രേലിയയിലെ ഗ്ലെബ് പാർക്കിൽ ഗാന്ധിയുടെ വെങ്കല ശിൽപമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ’’തത്വങ്ങളില്ലാതെ രാഷ്ട്രീയമില്ല, ധാർമികതയില്ലാതെ കച്ചവടമില്ല, മനുഷ്യത്വമില്ലാതെ ശാസ്ത്രമില്ല’’ എന്നീ ഗാന്ധിയൻ തത്വം ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. സിഡ്നി, ബ്രിസ്ബെയ്ൻ എന്നിവിടങ്ങളിലും ഗാന്ധി പ്രതിമകളുണ്ട്.
1948ൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം നൈൽ നദിയിൽ നിമജ്ജനം ചെയ്തിരുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് ഉഗാണ്ടയിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഓസ്ട്രിയൻ കലാകാരനായ വെർണർ ഹൊർവാത് എണ്ണച്ചായത്തിൽ തീർത്ത ഗാന്ധിജിയുടെ ചുവർചിത്രമാണ് വിയന്നയിലെ സമാധാനത്തിന്റെ പൂന്തോട്ടത്തിൽ നിലകൊള്ളുന്നത്. സമാധാനത്തിന്റെയും അഹിംസയുടെയും പാതയിൽ ഗാന്ധിജിയുടെ സംഭാവനകൾ പ്രതിനിധാനം ചെയ്യുവാനാണ് ഈ ചിത്രം സ്ഥാപിച്ചത്.
സ്വിറ്റ്സർലാൻഡ്,ഐസ്ലൻഡ്, ചിലി
ഇന്ത്യയും സ്വിറ്റ്സർലാൻഡും തമ്മിൽ 1948ൽ ഒപ്പുവച്ച സൗഹൃദ ഉടന്പടിയായ ട്രീറ്റി ഓഫ് അമിറ്റിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി 2007ൽ ഇന്ത്യൻ സർക്കാർ സമ്മാനിച്ച ഗാന്ധി പ്രതിമയാണ് ജനീവയിലെ അരിയാന പാർക്കിലേത്.
ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവികിലാണ് പ്രസിദ്ധമായ ഗാന്ധി ഇന്ത്യൻ റസ്റ്ററന്റ്. പുലാവ്, റെയ്ത്ത, ചട്നി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ തന്നെയാണ് ഇവിടെ വിളന്പുന്നത്. ഇവിടെ മാത്രമല്ല ലോകത്തെ മറ്റു പല നഗരങ്ങളിലും ഗാന്ധിയുടെ പേരുള്ള റസ്റ്ററന്റുകളുണ്ട്. ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയിലെ പ്ലാസ ഡെ ലാ ഇന്ത്യയിൽ ഗാന്ധിജി, നെഹ്റു, രവീന്ദ്രനാഥ ടഗോർ എന്നിവരുടെ പ്രതിമകളുണ്ട്.
ഗാന്ധി സ്മൃതി
ഡൽഹിയിൽ ബിർല ഹൗസ് എന്നറിയപ്പെട്ടിരുന്ന ഇവിടെയായിരുന്ന തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടം ഗാന്ധിജി ചെലവിട്ടത്. 1948 ജനുവരി 30ന് വധിക്കപ്പെട്ടതും ഇവിടെ വച്ചാണ്. 12 കിടപ്പുമുറികളുള്ള ഈ വീട് 1928ൽ ഘനശ്യാംദാസ് ബിർലയാണ് നിർമിച്ചത്. ബിർല ഹൗസ് എന്നറിയപ്പെട്ടിരുന്ന ഇത് 1971ൽ സർക്കാർ ഏറ്റെടുക്കുകയും രാഷ്ട്രപിതാവിന്റെ സ്മാരകമാക്കി മാറ്റുകയും ചെയ്തു. 1973 ഓഗസ്റ്റ് 15ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തപ്പോൾ ’ഗാന്ധി സ്മൃതി’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
മഹാത്മജിയുടെ അന്ത്യയാത്ര
1948 ജനുവരി 30. വൈകുന്നേരം 5.17
ഡൽഹി ബിർളാമന്ദിരത്തിലെ പൂന്തോട്ടത്തിൽ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു മരിച്ചുവീണ മഹാത്മാഗാന്ധിയുടെ ഭൗതികശരീരം അപ്പോൾതന്നെ ബിർള ഹൗസിലേക്ക് എടുത്തു കൊണ്ടുപോയി ഏതാനും മിനിറ്റുകൾക്ക് മുൻപ് അദ്ദേഹം നൂൽനൂറ്റ ചർക്കയ്ക്കുസമീപം വൈക്കോൽക്കിടക്കയിൽ കിടത്തി. രക്തത്തിൽ കുതിർന്ന മുണ്ടിനുമേൽ സഹായി ആഭ ഒരു കന്പിളിപ്പുതപ്പിട്ടു മൂടി.
അദ്ദേഹത്തിന്റെ സ്വന്തം സാധനങ്ങളായ മരംകൊണ്ടുള്ള മെതിയടികൾ, വെടി വയ്ക്കപ്പെട്ടപ്പോൾ ധരിച്ചിരുന്ന ചെരുപ്പുകൾ, മൂന്നു വാനരപ്രതിമകൾ, ഗീത, ഇംഗർസോൾ വാച്ച്, മിനുക്കിയ കോളാന്പി, യെർവദാജയിലിന്റെ സ്മാരകമായ തകരപ്പാത്രം എന്നിവ സമീപം വച്ചു.
വൈസ്രോയി മൗണ്ട് ബാറ്റണ് ദാരുണസംഭവം അറിഞ്ഞ് ഓടിയെത്തുന്പോൾ ജവഹർലാൽ നെഹ്രുവും സർദാർ വല്ലഭായി പട്ടേലും ദുഖാർത്തരായി മൃതദേഹത്തിന് അരുകിലുണ്ടായിരുന്നു. എണ്ണവിളക്കുകളുടെ പ്രകാശം മഹാത്മാവിന്റെ ശരീരത്തിനു ദുഃഖമയവും ശാന്തവുമായ പരിവേഷം ചാർത്തി.
നിശബ്ദമായി കരയുന്ന സഹായി മനു, ബാപ്പുവിന്റെ തല മടിയിൽ എടുത്തുവച്ചിരുന്നു. ചരിത്രത്തിൽ ബുദ്ധനും യേശുക്രിസ്തുവിനും തുല്യമായ സ്ഥാനം മഹാത്മാഗാന്ധിക്കും ഉണ്ടായിരിക്കുമെന്ന് നിറകണ്ണുകളോടെ മൗണ്ട് ബാറ്റൻ പറഞ്ഞു.
ആദരസൂചകമായി ഭൗതികശരീരം ശവമഞ്ചത്തീവണ്ടിയിൽ രാജ്യമെങ്ങും കൊണ്ടുപോകണമെന്ന മൗണ്ട് ബാറ്റന്റെ നിർദേശത്തോട് നെഹ്രുവും പട്ടേലും യോജിച്ചെങ്കിലും സെക്രട്ടറി പ്യാരേലാൽ നയ്യാർ എതിർത്തു. മരിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഹൈന്ദവാചാരപ്രകാരം തന്റെ മൃതദേഹം സംസ്കരിക്കണമെന്ന് ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അങ്ങനെയെങ്കിൽ പിറ്റേന്ന് ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഡൽഹിയിലെ വിലാപയാത്രയുടെ ചുമതല വഹിക്കാൻ പട്ടാളത്തെ നിയോഗിക്കണമെന്ന് മൗണ്ട് ബാറ്റണ് നിർദേശിച്ചു. കാരണം ഡൽഹി ജനനിബിഢമാകുന്ന സാഹചര്യത്തെ അദ്ദേഹം ഭീതിയോടെയാണ് മുന്നിൽകണ്ടത്.
ലോകം വിറങ്ങലിച്ചു നിശ്ചലമായ ആ വെള്ളിയാഴ്ച സായാഹ്നത്തിൽ പൂക്കളിൽ മൂടിയ രാഷ്ട്രപിതാവിന്റെ ഭൗതികശരീരം ബിർളാഹൗസിന്റെ രണ്ടാംനിലയിലേക്ക് കൊണ്ടുപോയി ഒരു പലകക്കട്ടിലിൽ കിടത്തി. ബിർളാ മന്ദിരം മാത്രമല്ല ഡൽഹി നഗരം മനുഷ്യക്കടലായി അപ്പോഴേക്കും മാറിയിരുന്നു.
സമീപസംസ്ഥാനങ്ങളിൽ നിന്ന് കാളവണ്ടികളിലും തീവണ്ടികളിലും ജനം ഡൽഹിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ’നമ്മുടെ ജീവിതത്തിൽനിന്നു പ്രകാശം നിഷ്ക്രമിച്ചു. സാർവത്രികമായി അന്ധകാരം നിറഞ്ഞിരിക്കുന്നു’ എന്നായിരുന്നു അഖിലേന്ത്യാ റേഡിയോയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നൽകിയ അനുശോചന സന്ദേശം. അർധരാത്രി കഴിഞ്ഞപ്പോൾ ബിർളാ ഹൗസിന്റെ മട്ടുപ്പാവിൽനിന്ന് മൃതദേഹം താഴെ ഇറക്കിക്കൊണ്ടുവന്നു.
തുടർന്നുള്ള ഏതാനും മിനിറ്റുകൾ ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന മനു, ആഭ, സെക്രട്ടറി പ്യാരേലാൽ, പുത്രൻമാരായ ദേവദാസ്, രാമദാസ് തുടങ്ങി ഏതാനും പേർക്കു മാത്രം സ്വകാര്യമായി അന്തിമോപചാരം അർപ്പിക്കാനായി മാറ്റിവച്ചു. മന്ദിരത്തിലെ മാർബിൾതറ ഹൈന്ദവാചാരപ്രകാരം ചാണകം കൊണ്ടു ആഭ മെഴുകി. മൃതദേഹം കുളിപ്പിച്ചശേഷം കൈകളിൽ തുന്നിയ ഖദർതുണി പുതപ്പിച്ച് പലകത്തട്ടിൽ കിടത്തി. ബ്രാഹ്മണപുരോഹിതൻ ഗാന്ധിജിയുടെ മാറിൽ ചന്ദനവും കുങ്കുമവും ലേപനം ചെയ്തു. തലയ്ക്കൽ ഹേ രാമ എന്നും പാദാന്തികത്തിൽ ഓം എന്നും എഴുതി. പിറ്റേന്ന് പുലർച്ചെ മൂന്നിന് അതായത് ഗാന്ധിജി പ്രാർഥനയ്ക്ക് പതിവായി ഉണരുന്ന അതേ സമയം അനുചരസംഘം പ്രാർഥനാഗീതം പാടി.
മരിച്ചവരെ പൂമാല അണിയിക്കുന്ന ചടങ്ങിനെ ഗാന്ധിജി എതിർത്തിരുന്നതിനാൽ ഗാന്ധിതന്നെ നൂറ്റ പഞ്ഞിനൂൽ മകൻ ദേവദാസ് കഴുത്തിൽ അണിയിച്ചു. പനിനീർപ്പുക്കളും മുല്ലപ്പൂക്കളും കൊണ്ടുമൂടിയ മൃതദേഹം ആ സൂര്യോദയത്തിൽ വീണ്ടും ബിർളമന്ദിരത്തിന്റെ മട്ടുപ്പാവിൽ കിടത്തി. അപ്പോഴേക്കും ബിർളാ ഹൗസ് മാത്രമല്ല അവിടേക്കുള്ള പാതകളും ഉൾവഴികളും ജനസമുദ്രമായി മാറിയിരുന്നു. മഹാത്മജിയുടെ മൃതദേഹം ഒരു നോക്കു കാണാൻ കാത്തുനിന്ന ഏറെപ്പേർക്കും നിരാശരായി മടങ്ങേണ്ടിവന്നു.
പിറ്റേന്നു രാവിലെ പതിനൊന്നിന് പലകത്തട്ടോടെ മൃതദേഹം വീണ്ടും മട്ടുപ്പാവിൽനിന്ന് താഴെയിറക്കി. ജനങ്ങൾ ദുഖത്താൽ നിലവിളിക്കുന്ന നഗരിയിലൂടെ മൃതശരീരം സംസ്കാരത്തിന് കൊണ്ടുപോകുന്നതിനായി ഡോഡ്ജ് സായുധ വാഹനത്തിൽ സംവഹിച്ചു. യമുനാതീരത്തെ രാജ്ഘട്ടിലേക്കുള്ള അന്ത്യയാത്രയിൽ മോട്ടോർവാഹനം ഒഴിവാക്കി ആ വണ്ടി പട്ടാളക്കാർ നെയ്ത നാലു കൂറ്റൻ വടങ്ങളിൽ ബന്ധിച്ച് 250 പേരുടെ സൈനികവ്യൂഹമാണ് വലിച്ചുകൊണ്ടുപോയത്.
മനുഷ്യമഹാപ്രവാഹം യമുനാതീരത്തേക്കുള്ള അഞ്ചു മൈൽ ദൂരം പനിനീർപ്പൂക്കളും മഞ്ഞസൂര്യകാന്തിപ്പൂക്കളുംകൊണ്ടു തീർത്ത ഒരു പരവതാനിപോലെ കാണപ്പെട്ടു. ഓരോ അടി സ്ഥലത്തും ജനങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ ഇടതിങ്ങിനിന്നിരുന്നു. മരങ്ങളുടെ മുകളിലും ജനലഴികളിലും വിളക്കുകാലുകളിലും ടെലിഫോണ് തൂണുകളിലും പിടിച്ചുകയറി ഓരോ ഇഞ്ചു സ്ഥലവും ജനങ്ങൾ കൈയടക്കി. ചലിക്കുന്നുണ്ടെന്ന് തോന്നിക്കാത്തവിധം മന്ദമായാണ് ശവമഞ്ചൽ മുന്നോട്ടുനീങ്ങിയത്.
ഒരു മൈൽ പിന്നിടാൻ ഒരു മണിക്കൂർ എന്ന തോതിൽ ചിതയിലേക്കുള്ള അന്ത്യയാത്ര അഞ്ചു മണിക്കൂർ ദീർഘിച്ചു. യമുനതീരത്ത് പത്തു ലക്ഷത്തോളം ജനങ്ങൾ കണ്ണീർപൊഴിച്ചു നിൽപ്പുണ്ടായിരുന്നു. വലിയ ചന്ദനമുട്ടികൾകൊണ്ടു തീർത്ത ചിതയിൽ തെക്കോട്ടു ശിരസും വടക്കോട്ട് പാദങ്ങളും വരുംവിധം അദ്ദേഹത്തിന്റെ പുത്രൻമാർ മൃതദേഹം വാഹനത്തിൽനിന്നെടുത്ത് നാലു മണിയോടെ കിടത്തി. മൂത്തമകൻ ഹരിലാലിന്റെ അസാന്നിധ്യത്തിൽ രണ്ടാമത്തെ മകൻ രാമദാസ് ഇളയ മകൻ ദേവദാസിനൊപ്പം ചിതയിൽ നെയ്യും വെളിച്ചെണ്ണയും കർപ്പൂരവും സുഗന്ധദ്രവ്യങ്ങളും അർപ്പിച്ചു.
കാവിധരിച്ച പുരോഹിതൻമാർ വേദമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കെ രാമദാസ് കെടാവിളക്കിൽനിന്ന് കത്തിച്ചുകൊണ്ടുവന്ന തീക്കൊള്ളി ചിതയിലേക്ക് താഴ്ത്തി. പുകച്ചുരുളുകൾ യമുനാതീരത്ത് ഉയരുന്നതുകണ്ടതോടെ മഹാജനക്കൂട്ടം വികാരഭരിതരായി മുന്നോട്ടാഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ ജനക്കൂട്ടം ആത്മഹുതി വരിക്കുമോ എന്ന ഭയത്താൽ സൈന്യം അവരെ ബലമായി തടഞ്ഞു. ദേശീയ നേതാക്കളും മൗണ്ട്ബാറ്റൻ ഉൾപ്പെടെ പ്രതിനിധികളും നമ്രശിരസ്കരായി നിലകൊണ്ടു.
അഗ്നി നെയ്യിലേക്കും തുടർന്ന് ചന്ദനത്തിലേക്കും പടർന്നതോടെ ചിത കത്തിയമർന്നു. ദശലക്ഷങ്ങളുടെ നാവുകളിൽനിന്നുയർന്ന വിലാപം യുമുനാതീരത്ത് അലയടിച്ചു. ’ മഹാത്മാഗാന്ധി അമർരഹേ’.... ചിത എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന ആ രാത്രി മുഴുവൻ മഹാപുരുഷന്റെ ശേഷിപ്പുകളെ മൂകരായി ജനാവലി പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. അവർക്കിടയിൽ ആരാലും അറിയപ്പെടാതെ, ആരും ഗൗനിക്കാതെ ആ ചിത കൊളുത്താൻ അവകാശപ്പെട്ട ഒരാൾ ഉണ്ടായിരുന്നു. മദ്യത്തിനും ക്ഷയരോഗത്തിനും അടിമപ്പെട്ടു സ്വയം നശിച്ചുകൊണ്ടിരുന്ന ഗാന്ധിജിയുടെ മൂത്ത പുത്രൻ ഹരിലാൽ.
സംസ്കരിച്ച് പന്ത്രണ്ടാം ദിവസം മഹാത്മജിയുടെ ചിതാഭസ്മം അലഹബാദിലെ ത്രിനദീ സംഗമത്തിൽ നിമജ്ജനം ചെയ്തു. ന്യൂഡൽഹിയിൽനിന്ന് അലഹബാദിലേക്കുള്ള 393 മൈൽ യാത്രയിൽ ചിതാഭസ്മം അടങ്ങുന്ന ചെന്പുകലശത്തെ വഹിച്ചിരുന്നത് മൂന്നാം ക്ലാസ് കന്പാർട്ടുമെന്റുകൾ മാത്രം ഇണക്കിച്ചേർത്ത ഒരു തീവണ്ടിയാണ്.
അലഹബാദ് റെയിൽവേ സ്റ്റേഷനിൽനിന്ന് കലശം ഒരു വാഹനത്തിലേക്ക് മാറ്റി നദീതീരത്ത് എത്തിച്ചു. നെഹ്രു, പട്ടേൽ, രാമദാസ്, ദേവദാസ്, മനു, ആഭ എന്നിവരും ഉറ്റവരായ ഏതാനും പേരും കലശത്തിനടുത്ത് ഇടംപിടിച്ചു. നദിയിലേക്ക് കലശം പ്രത്യേക ജലവാഹനത്തിൽ കൊണ്ടുപോകുന്നതിന് സാക്ഷ്യം വഹിച്ചത് 30 ലക്ഷം പേരാണ്.
ജലവാഹനം നദീസംഗമസ്ഥാനത്തെത്തിയപ്പോൾ രാമദാസ് കലശത്തിൽ പശുവിൻപാൽ നിറച്ചു. അതു പതുക്കെ ഇളക്കിക്കൊണ്ടിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടു. തുടർന്ന് രാമദാസ് പൂജ്യാവശിഷ്ടങ്ങൾ മെല്ലെ വെള്ളത്തിലേക്ക് ഒഴുക്കി. അനുധാവനം ചെയ്ത സംഘത്തിലെ എല്ലാവരും വെള്ളത്തിനു മുകളിൽ ഓളം വെട്ടിനീങ്ങിയ ചിതാഭസ്മം ലയിച്ചു ചാരനിറമാർന്ന പാടകളുടെമേൽ പനിനീർപ്പൂവിതളുകൾ വിതറി. പൂവിതളുകാൽ കിരീടമണിഞ്ഞ ആ പാട നദീപ്രവാഹത്താൽ ആവാഹിക്കപ്പെട്ട്, കണ്ണുകളിൽനിന്ന് മറഞ്ഞ്, വിദൂരചക്രവാളത്തിലേക്ക് ഒഴുകിപ്പോയി.
അജിത് ജി. നായർ