സത്യസന്ധത നിത്യജീവിതത്തിൽ
Sunday, February 28, 2021 12:20 AM IST
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമാക്കാൻ സത്യപാലനം തന്നെ ഉത്തമമാർഗം. തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിച്ച് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കുട്ടിക്കാലം മുതൽ പരിശീലനം നൽകപ്പെടുന്നു. അതിനു തയാറല്ലാത്തവരോടു പ്രതികരിക്കാനും പലരും തയാറാണ്.
രസകരമായ രണ്ടനുഭവങ്ങൾ എനിക്കുണ്ടായി.
എന്റെ ഒരു അടുത്ത ബന്ധുവിന്റെകൂടെ ഷോപ്പിംഗ് സെന്ററിൽ പോയി. അദ്ദേഹം കുറെ സാധനങ്ങൾ വാങ്ങി. പായ്ക്കറ്റുകളും ബാഗുകളുമായി തിരിച്ചു കാറിന്റെയടുത്തെത്തി. ഡിക്കി തുറക്കാൻ ചെന്നപ്പോൾ കണ്ടു, കാറിന്റെ മൂലയിൽ ആരുടെയോ വാഹനമിടിച്ച് നന്നായി ചുളുങ്ങിയിരിക്കുന്നു. ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് സാധനങ്ങൾവച്ച് ഡിക്കിയടച്ച് മുൻപിലത്തെ ഡോർ തുറക്കാനായി ചെന്നപ്പോൾ അവിശ്വസനീയമായ മറ്റൊരു കാഴ്ച. ഡോറിന്റെ കണ്ണാടിയിൽ ഒരു മഞ്ഞക്കടലാസ് തുണ്ട് ഒട്ടിച്ചിരിക്കുന്നു. "ഖേദിക്കുന്നു. ഞാനാണു കാറിനു കേടുവരുത്തിയത്. എന്റെ കാർ പുറകോട്ടെടുത്തപ്പോൾ പറ്റിയതാണ്.
എന്റെ ഫോണ് നന്പർ കുറിക്കുന്നു. നന്നാക്കാനുള്ള ചെലവ് ഞാൻ വഹിച്ചുകൊള്ളാം.’ ഞങ്ങൾ ഫോണ് ചെയ്തു. പുതുതായി ലൈസൻസ് കിട്ടിയ ഒരു ചെറുപ്പക്കാരനായിരുന്നു ’കുറ്റവാളി’. നൂറുകണക്കിനു വാഹനങ്ങൾ പാർക്കുചെയ്തിരിക്കുന്ന, സിസിടിവി ഒന്നുമില്ലാത്ത ഒരു സ്ഥലത്താണ് ആ കൊച്ചൻ ഈ മര്യാദപാലനം കാട്ടിയത്!
മറ്റൊരിക്കൽ ഞങ്ങളുടെ കാറിന്റെ പുറകുവശത്തെ ലൈറ്റിൽ ആരോ ഇടിച്ചു; പൊട്ടിപ്പോയി. പൊട്ടിച്ചയാൾ ശരവേഗത്തിൽ സ്ഥലംവിട്ടു. പക്ഷേ, മറ്റൊരു കാറിലിരുന്ന ഒരു വനിത അയാളുടെ കാറിന്റെ നന്പർ കുറിച്ചെടുത്തു. ഞങ്ങൾക്ക് അതു തന്നിട്ട് അവർ പറഞ്ഞു. "കോർട്ടിലെങ്ങാൻ പോകേണ്ടിവന്നാൽ ഞാൻ സാക്ഷി പറയാം.’ എന്റെ നന്പർ ഇതാണ്.
വർഷങ്ങൾക്കുമുന്പ് കെ.പി. കേശവമനോൻ പറഞ്ഞ ബിലാത്തിവിശേഷങ്ങളിൽ ഒന്ന് സത്യസന്ധതയുടെ മനോഹാരിതയാണ്.
സിസിലിയാമ്മ പെരുമ്പനാനി