അടിത്തറയില്ലാത്ത ഹവാ മഹല്‍!
Saturday, March 23, 2024 11:02 PM IST
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മന്ദിരം ചുവപ്പു നിറത്തിലുള്ള മണല്ക്കല്ലുകള്കൊണ്ടാണ് പണിതീര്‍ത്തിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഹവാ മഹല്‍ പണികഴിപ്പിക്കുന്നത്. ജയ്പുരിന്റെ സ്ഥാപകന്‍ സവായ് ജയ്സിംഗിന്റെ ചെറുമകന് മഹാരാജ സവായ് പ്രതാപ് സിംഗാണ് ഈ വാസ്തുവിസ്മയം യാഥാര്‍ഥ്യമാക്കിയത്.
ലാല്‍ ചന്ദ് ഉസ്താദ് എന്ന ശില്പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മഹല്‍ നിര്‍മാണം 1799ല്‍ ആണ് പൂര്‍ത്തിയായത്. ഖേത്രിയിലെ വിന്‍ഡ് പാലസിന്റെ മാതൃകയാണ് ഹവാ മഹലിന്റെ നിര്‍മാണത്തിന് സ്വീകരിച്ചത്.
തേനീച്ചക്കൂടുപോലെ
അമ്പത് അടിയാണ് ഉയരം. അഞ്ചു നിലകളുള്ള ഈ വിസ്മയത്തിനു തേനീച്ചക്കൂടിന്റെ മാതൃകയില്‍ 953 ജനാലകളുണ്ട്. ജരോക്കകള് എന്നാണ് ഈ ജനാലകളെ വിളിക്കുന്നത്. നെടുകെയും കുറുകെയും തടികള്‍ കൊണ്ട് പട്ടികകള്‍ അടിച്ചിരിക്കുന്ന രീതിയിലുള്ളതാണ് ഈ ജനാലകള്‍.
കൊട്ടാരത്തിലെ അന്തേവാസികളായ സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിക്കാതെ സുഗമമായി പുറത്തെ തെരുവിലെ കാഴ്ചകള്‍ കാണുക എന്ന ഉദ്ദേശ്യമായിരുന്നു ഈ ജനാലകള്‍ക്കു പിന്നില്‍.
വെഞ്ചുറി എഫക്ട് എന്ന ശാസ്ത്രതത്വം പ്രയോഗിച്ചുള്ള നിര്‍മാണരീതി മഹലിനുള്ളിലെ താപനില ഗണ്യമായ രീതിയില്‍ കുറയാന്‍ സഹായകമായി.
അതിനാല്‍ കടുത്ത വേനല്ക്കാലത്തു പോലും മഹലിനുള്ളില്‍ ശീതളിമയാണുള്ളത്. തെരുവില്‍നിന്നു ഹവാ മഹല്‍ കാണുമ്പോള്‍ മിക്കവരും ആ ഭാഗത്തെ ഹവാ മഹലിന്റെ മുന്‍വശമായി തെറ്റിദ്ധരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഹവാ മഹലിന്റെ പിന്‍വശമാണ് തെരുവിനഭിമുഖമായി സ്ഥിതി ചെയ്യുന്നത്.
പിങ്ക് നിറത്തിൽ
ചുവന്ന മണല്‍ക്കല്ലുകള്‍കൊണ്ട് പണിതീര്‍ത്ത മന്ദിരം സൂര്യപ്രകാശത്തില്‍ പിങ്ക് നിറത്തില്‍ തിളങ്ങുന്നത് അവാച്യമായ അനുഭൂതിയാണ് സന്ദര്‍ശകര്‍ക്കു സമ്മാനിക്കുന്നത്. അടിത്തറയില്ലാതെ ലോകത്തു പണികഴിപ്പിക്കപ്പെട്ട, ഏറ്റവും ഉയരം കൂടിയ മന്ദിരം കൂടിയാണ് ഹവാ മഹല്‍. രജപുത്രശൈലിയിലുള്ള വാസ്തുവിദ്യയാണ് അവലംബിച്ചിരിക്കുന്നത്. മുഗള്‍ വാസ്തുവിദ്യയുടെ സ്വാധീനവും ഹവാ മഹലില്‍ കാണാന്‍ സാധിക്കും.
താഴികക്കുടങ്ങളുള്ള മേലാപ്പുകള്‍, ഓടക്കുഴല്‍ രൂപത്തിലുള്ള തൂണുകള്‍, താമരയുടെയും മറ്റ് പുഷ്പങ്ങളുടെയും ആകൃതിയിലുള്ള നിര്‍മിതികള്‍ തുടങ്ങിയവ രജപുത്ര ശൈലിയെ അനുസ്മരിപ്പിക്കുന്നു. അതേസമയം, കൊത്തുപണികളും കമാനങ്ങളും ഇസ്ലാമിക വാസ്തുവിദ്യയുടെ പ്രതിഫലനമാണ്. ഫത്തേപ്പുര്‍ സിക്രിയിലെ പഞ്ച് മഹലില്‍നിന്ന് ഹവാ മഹലിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്.
ഷെ ഡെവ്റ
സിറ്റി പാലസില്‍നിന്നു ഹവാ മഹലിലേക്കു പ്രവേശിക്കുന്നത് രാജകീയ കവാടം വഴിയാണ്. ഇതു ചെന്നെത്തുന്നതു വിശാലമായ ഒരു നടുമുറ്റത്ത്. മൂന്നു വശവും രണ്ടു നില മന്ദിരങ്ങള്‍ സ്ഥിതി ചെയ്യുന്ന നടുമുറ്റത്തിന്റെ കിഴക്കുള്ള നാലാം വശത്താണ് ഹവാ മഹലിന്റെ സ്ഥാനം. ഈ നടുമുറ്റത്ത് ഒരു പുരാവസ്തു മ്യൂസിയവുമുണ്ട്.
‘ഷെ ഡെവ്റ' ഓഫ് മഹാരാജ ജയ്സിംഗ് (മഹാരാജ ജയ്സിംഗിന്റെ ഉദാത്ത സൃഷ്ടി) എന്ന പേരിലും ഹവാ മഹല്‍ അറിയപ്പെടുന്നുണ്ട്. ജയ്സിംഗിന്റെ ഏറ്റവും പ്രിയപ്പെട്ട റിസോര്‍ട്ടായിരുന്നു ഇത്. മന്ദിരത്തിന്റെ ഏറ്റവും മുകളിലത്തെ രണ്ടു നിലകളില്‍ ഗോവണികളില്ക്കൂടി മാത്രമേ കയറാനാകൂ. രാജസ്ഥാന് സര്‍ക്കാരിന്റെ ആര്‍ക്കിയോളജിക്കല്‍ വിഭാഗമാണ് രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയായ ഹവാ മഹലിനെ സംരക്ഷിക്കുന്നത്.
അജിത് ജി. നായർ