വാശിയോ പാശമോ?
Sunday, July 21, 2019 7:26 AM IST
വീറും വാശിയുമുള്ള കുടുംബത്തിൽ പിറന്നവരെന്ന് അഭിമാനംകൊള്ളുന്ന ദന്പതിമാർ വാസ്തവത്തിൽ ശ്വാസംമുട്ടി കഷ്ടപ്പെടുകയാണ്. വാശി മൂത്തുമൂത്ത് വർഷങ്ങളോളം തമ്മിൽ സംസാരിക്കാതെ ഒരു കൂരയ്ക്കു കീഴിൽ കഴിയുന്നവർപോലുമുണ്ട്!
വിവാഹത്തിന്റെ ആദ്യനാളുകളിലാണ് നിസാരകാര്യങ്ങളെ ചൊല്ലിയുള്ള പോരും പകയും ഉടലെടുക്കുന്നതെങ്കിൽ വരണമാല്യത്തിന്റെ പുതുമണം അപ്പാടെ നശിക്കുകയായി. മധ്യവയസിലാണെങ്കിലോ? ദന്പതിമാരുടെ പരസ്പരവിദ്വേഷം മക്കളുടെ മാനസികാരോഗ്യത്തെ ഉലച്ചുകളയും. ജീവിതപങ്കാളിയുടെ മുൻപിൽ താഴ്ന്നുകൊടുക്കാതെ ശാരീരികബന്ധംപോലും നിരസിച്ച ആ വ്യക്തിയെ ക്രൂശിച്ചു രസിക്കുന്നവരുമുണ്ട്. തനുമനങ്ങൾ തകർന്ന് വാർധക്യത്തിലെത്തുന്പോഴാകട്ടെ തിരുത്തലും കരുതലും ദുഷ്കരമാകുകയും ചെയ്യും. അപ്പോൾ നേട്ടകോട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ നഷ്ടങ്ങളുടെ വ്യാപാരശിഷ്ടമേ കാണാനൊക്കൂ. അസന്തുഷ്ടമായ ഭൂതകാലം, അനാരോഗ്യം ബാധിച്ച വർത്തമാനകാലം, രക്ഷിതാക്കളോടു മതിപ്പില്ലാത്ത സന്താനങ്ങൾ, കിള്ളിക്കീറി കണക്കുപറയുന്ന അംഗങ്ങൾ...
കൂട്ടും കോട്ടയുമായി ദീർഘകാലം ഒന്നിച്ചുകഴിഞ്ഞ പങ്കാളി പിരിഞ്ഞുപോയശേഷം മാത്രമാണ് തിരിച്ചറിവ് ഉണ്ടാകുന്നതെങ്കിൽ അതു തീവ്രവേദനയ്ക്കു കാരണമാകും. അർഥശൂന്യമായ വാശിയും വഴക്കും കുത്തിനോവിക്കലും. അവയെല്ലാം തിരുത്താൻ ഇനിയൊരിക്കലും അവസരമുണ്ടാകില്ല എന്ന കലശലായ നഷ്ടബോധം മനസിനെ മഥിക്കുകയും ചെയ്യും.
പരസ്പരബഹുമാനവും താഴ്മയുമുള്ള പക്വമായ ശൈലി വിവാഹാരംഭത്തിലേ കൈക്കൊണ്ടാൽ ഒരാളുടെ വേർപിരിയലിനു ശേഷവും ആത്മസംതൃപ്തിയോടെ സ്വയംമതിപ്പോടെ ശിഷ്ടകാലം കഴിയാനാകും.
സിസിലിയാമ്മ, പെരുമ്പനാനി