ദിനേശനും ശോഭയും പിന്നെ ധ്യാനും!
Sunday, August 18, 2019 1:32 AM IST
വടക്കുനോക്കിയന്ത്രത്തിലെ എവർഗ്രീൻ കഥാപാത്രങ്ങളായ ദിനേശനേയും ശോഭയേയും ഓർമ്മപ്പെടുത്തി പുതിയൊരു ചിത്രം. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലൗവ് ആക്ഷൻ ഡ്രാമയിൽ ദിനേശനായി നിവിൻ പോളിയും ശോഭയായി നയൻതാരയും എത്തുന്നു. എങ്കിലും കഥാപാത്രങ്ങളുടെ പേരിൽ അല്ലാതെ മറ്റൊരു സാമ്യവും ഈ ചിത്രത്തിനില്ല.
തളത്തിൽ ദിനേശനെ പ്രേക്ഷകർക്കു മറക്കാനാവില്ല! സ്നേഹനിധിയായ ഭാര്യ ശോഭയെ സംശയിക്കുന്ന വടക്കുനോക്കിയന്ത്രത്തിലെ ദിനേശനെ മലയാളികൾ പരിചയപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടായിരിക്കുന്നു. അന്നുമുതൽ മലയാള സിനിമാ ചരിത്രത്തിൽ തങ്കലിപികളാൽ പേരു കുറിച്ചിട്ട കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റെ ദിനേശനും പാർവതിയുടെ ശോഭയും. വർഷങ്ങൾക്കു ശേഷം പുതിയ കാലത്തിന്റെ ദിനേശനും ശോഭയും പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്, അതും ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെ.
മലയാളത്തിന്റെ യൂത്ത്സ്റ്റാർ നിവിൻ പോളി ദിനേശനായും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ശോഭയായും വെള്ളിത്തിരയിൽ എത്തുകയാണ്. ലൗവ് ആക്ഷൻ ഡ്രാമ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഈ ഓണക്കാലത്ത് തിയറ്ററുകളിലെത്തും. എന്നാൽ ഇരു കഥാപാത്രങ്ങളുടെയും പേരുകൾ ഒഴികെ മറ്റൊരു സാമ്യതയും വടക്കുനോക്കിയന്ത്രവുമായി തന്റെ ചിത്രത്തിനില്ലെന്നു ധ്യാൻ പറയുന്നുണ്ട്.
ദിനേശന്റേയും ശോഭയുടേയും ജീവിതമാണ് ധ്യാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ദൃശ്യവൽക്കരിക്കുന്നത്. അവരുടെ പ്രണയവും ആക്ഷനും ഡ്രാമയുമെല്ലാം ചേരുന്പോൾ ഒരു ഫാമിലി പാക്കേജായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ദുബായിലെ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തിലെത്തി പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ദിനേശൻ. അതിന്റെ ഭാഗമായാണ് ചെന്നൈയിൽ വച്ച് ആകസ്മികമായി ശോഭ എന്ന പെണ്കുട്ടിയെ ദിനേശൻ കാണുന്നത്. സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് കന്പനിയും മറ്റ് ചാരിറ്റി പ്രവർത്തനങ്ങളുമായി ജീവിക്കുകയാണ് ശോഭ. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ട ദിനേശനും അമ്മ നഷ്ടപ്പെട്ട ശോഭയും വളരെപ്പെട്ടെന്നടുത്തു. അവരുടെ സൗഹൃദം പ്രണയത്തിലേക്കു വഴി മാറുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ലൗവ് ആക്ഷൻ ഡ്രാമയിലൂടെ പറയുന്നത്.
നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി മാറുന്നത്. മലയാളത്തിന്റെ പ്രേമം നായകനൊപ്പം നയൻസും ഒപ്പം ചേരുന്നതുകൊണ്ടു തന്നെ ചിത്രത്തിനു വളരെ പ്രതീക്ഷയാണ് ഉള്ളത്. ലൗവ് ആക്ഷൻ ഡ്രാമയുടെ കഥാ പശ്ചാത്തലം കൂടുതൽ ഭാഗവും ചെന്നൈയിലാണ്.
അവിടെ ജീവിക്കുന്ന തമിഴും മലയാളവും നന്നായി സംസാരിക്കുന്ന ഒരു നായികയാകണം തന്റെ ചിത്രത്തിൽ എന്നുള്ള ധ്യാനിന്റെ തീരുമാനത്തിലാണ് ശോഭയായി നയൻതാര ഈ ചിത്രത്തിലേക്ക് എത്തുന്നത്. 30 കഴിഞ്ഞ ദിനേശനും 28 വയസുള്ള ശോഭയ്ക്കും ഒരേപോലെ പ്രാധാന്യം കൊടുത്താണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബോഡിഗാർഡ്, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിൽ നയൻതാരയുടെ ശക്തമായ മറ്റൊരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത് എന്നു പ്രതീക്ഷിക്കാം.
തുടർ ഹിറ്റുകളുമായി കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നയൻസ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള സമയത്താണ് ഈ നായിക മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. രജനികാന്തിന്റെ നായികയായി എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാർ, വിജയ് -അറ്റ് ലി ടീമിന്റെ മൂന്നാം ചിത്രം ബിജിൽ, ചിരഞ്ജീവി, വിജയ് സേതുപതി, അമിതാഭ് ബച്ചൻ എന്നീ വലിയ താരനിരയിൽ ഒരുക്കുന്ന ബിഗ്ബജറ്റ് തെലുങ്ക് ചിത്രം സെയ് റാ എന്നിവയാണ് നയൻസ് നായികയായി ഉടൻ തിയറ്ററിലെത്തുന്ന മറ്റ് ചിത്രങ്ങൾ.
നിവിൻ പോളി വീണ്ടും റൊമാന്റിക് ഹീറോയാകുന്നത് ലൗവ് ആക്ഷൻ ഡ്രാമയുടെ ഹൈലൈറ്റായി മാറുന്നുണ്ട്. ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം അദ്ദേഹത്തിന്റെ അടുത്ത തലമുറയിലൂടെ തന്നിലേക്ക് എത്തിയതിന്റെ ത്രില്ലിലാണ് താരം. തന്റെ സൗഹൃദക്കൂട്ടത്തിനൊപ്പം വർക്കു ചെയ്യുന്നതിന്റെ ആത്മവിശ്വാസവു നിവിനുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്പോൾ സഹോദരൻ വിനീത് ശ്രീനിവാസനും ഒരു നിർണായക കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.
ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ് എന്നിവരും താരങ്ങളായി ഒപ്പമെത്തുന്നു. അജു വർഗീസ് ഈ ചിത്രത്തിലൂടെ ആദ്യമായി നിർമ്മാതാവാകുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. മലയാള സിനിമാ ചരിത്രത്തിൽ എവർഗ്രീൻ ഹിറ്റുകൾ നിരവധി സൃഷ്ടിച്ച മേരിലാൻഡ് സ്റ്റുഡിയോയുടെ രണ്ടാം തലമുറക്കാരൻ വിശാഖ് സുബ്രഹ്മണ്യവും അജുവിനൊപ്പം നിർമ്മാതാവായി എത്തുന്നുണ്ട്. ഇവരുടെ സൗഹൃദത്തിലെ സ്ഥിരം മുഖങ്ങളായ ജോമോൻ ടി. ജോണും റോബി വർഗീസ് രാജും ഛായാഗ്രാഹകരായും ഷാൻ റഹ്മാൻ സംഗീത സംവിധായകനായും ചിത്രത്തിൽ എത്തുന്നുണ്ട്.
ലൗവ് ആക്ഷൻ ഡ്രാമ റിലീസാകുന്പോൾ പുതിയ ചരിത്രത്തിനു സാക്ഷിയാകാനുള്ള അവസരമാണ് മലയാളികൾക്കു ലഭിക്കുന്നത്. അച്ഛൻ ശ്രീനിവാസൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾക്ക് അദ്ദേഹത്തിന്റെ മകൻ ധ്യാൻ വീണ്ടും ജീവൻ നൽകുകയാണ് പുതിയ കാലത്തിലെ സിനിമയിലൂടെ. ഈ ഓണം അതുകൊണ്ടു തന്നെ ബോക്സോഫീസിനും വളരെ പ്രധാനപ്പെട്ടതാണ്. കാരണം, അവർ വരുകയാണ്... ദിനേശനും ശോഭയും പിന്നെ ധ്യാൻ ശ്രീനിവാസനും!