നന്ദിപൂർവം
Sunday, August 25, 2019 3:21 AM IST
ആത്മാർഥമായി നൽകുന്ന ഉപഹാരങ്ങൾക്കു പിന്നിൽ ഉണ്ടായിരിക്കും സ്നേഹവും കരുതലും. സ്വീകരിക്കുന്നവരിൽ കൃതജ്ഞതാഭാവം ഇല്ലെങ്കിൽ സമ്മാനങ്ങൾ മൂല്യമറ്റതായി മാറും. പാരിതോഷികങ്ങൾ പലതരത്തിലായിരിക്കും. പണമാകാം അഭിനന്ദനസന്ദേശമാകാം വിലകൂടിയതോ കുറഞ്ഞതോ ആയ സാമഗ്രികൾ എന്തുമാകാം. എന്തുതന്നെയായാലും അതിൽ ദാതാവിന്റെ സ്നേഹവായ്പ് കാണാനുള്ള സന്മനസ് സ്വീകർത്താവിനുണ്ടാകണം. വല്ലപ്പോഴുമൊരിക്കൽ നന്ദിയുടെയും അംഗീകാരത്തിന്റെയും പ്രകാശനം ഉണ്ടായാൽ സമ്മാനം നൽകിയയാൾക്ക് അത് ആത്മസംതൃപ്തിയണയ്ക്കും.
"താങ്കൾ സമ്മാനിച്ച പുസ്തകം ഞാൻ വായിച്ചു, രസിച്ചു... അന്ന് ആ മീറ്റിംഗിൽ സാർ എന്നെ അഭിനന്ദിച്ചത് ഒരിക്കലും മറക്കില്ല. അതെനിക്കൊരു വഴിത്തിരിവായി...കുട്ടി തന്ന പേനകൊണ്ടാണ് ഞാനീ കത്തെഴുതുന്നത്... അങ്കിൾ വിനോദയാത്രയ്ക്ക് ടിക്കറ്റ് എടുത്തുതന്നപ്പോഴാണ് ഞാൻ ആദ്യമായി പറന്നത്. അതൊരു അനുഭൂതിതന്നെയായിരുന്നു.' ഇങ്ങനെ എന്തെല്ലാം എപ്പോഴെല്ലാം ആകാം! ഒരാൾ സമ്മാനിച്ച വസ്ത്രം ധരിച്ചുകൊണ്ട് അയാളെ കാണാൻപോകുന്നതും നന്ദിപ്രകടനമാണ്.
സ്വീകരിക്കുന്നയാൾ സ്ഥിരമായ മൗനം പാലിച്ചാൽ അതു തിന്മതന്നെയാണ്. (തന്റെ ഉപഹാരം മോശമോ ബാലിശമോ ആയിപ്പോയോ എന്നു ദാതാവിനു ശങ്കയുണ്ടാകും).താൻ സുഖപ്പെടുത്തിയ പത്തു കുഷ്ഠരോഗികളിൽ ഒരാൾ മാത്രം വന്ന് നന്ദി പറഞ്ഞപ്പോൾ ബാക്കിയുള്ളവർ എവിടെ എന്നു തെല്ലു രോഷത്തോടെ ചോദിക്കുന്ന നമ്മുടെ മഹാഗുരു നമ്മെ ഉദ്ബോധിപ്പിക്കുന്നതും ഇതുതന്നെയല്ലേ?
സിസിലിയാമ്മ
ഫോൺ: 9447168669