വ്യാളിക്കു വഴങ്ങാതെ യോദ്ധാ
ജോസ് ആൻഡ്രൂസ്
Saturday, July 5, 2025 8:44 PM IST
ജനിക്കാനിരിക്കുന്ന ഒരാൾ ലോകത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ന് 14-ാം ദലൈലാമയുടെ 90-ാം പിറന്നാൾ ദിനത്തിലും 15-ാം ദലൈലാമ ആരാണ്, ആരുടേതാണ് എന്നതാണ് തർക്കം. സാമ്യമുള്ള കഥ പറയുന്ന "യോദ്ധ' സിനിമയിലെ ആഭിചാര-അധികാരത്തർക്കങ്ങളോട് ഇതിനു സാദൃശ്യമുണ്ടാകാം. പക്ഷേ, ഇവിടെ വ്യക്തികൾക്കും മന്ത്രവാദികൾക്കും ഗുണ്ടകൾക്കും പകരം രാജ്യങ്ങളാണ്. ചൈന ഇന്നലെയും ഉറങ്ങിയിട്ടില്ല.
ഇന്ന് ദലൈലാമയുടെ 90-ാം പിറന്നാൾ ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ആഘോഷിക്കുകയാണ്. പക്ഷേ, എത്ര ആശംസിച്ചാലും അതൊരു "ഹാപ്പി ബർത് ഡേ' ആകില്ല. കാരണം, ദലൈലാമ പറഞ്ഞിരിക്കുന്നു, 15-ാം ദലൈലാമയെ തങ്ങൾ തീരുമാനിക്കുമെന്ന്.
ടിബറ്റിന്റെ മണ്ണ് കവർന്നെടുത്ത ചൈനയ്ക്ക് അറിയാം അവിടത്തെ ജനങ്ങളുടെ മനസ് കവരണമെങ്കിൽ ദൈലൈലാമ സ്വന്തം ആളായിരിക്കണമെന്ന്. തങ്ങൾക്കു വഴങ്ങാത്ത ഇപ്പോഴത്തെ ദലൈലാമയുടെ കാലശേഷം അടുത്തയാളെ, ഒരു പക്ഷേ, അടിമുടി വിധേയനായ ഒരു കമ്യൂണിസ്റ്റിനെ തെരഞ്ഞെടുക്കാനിരിക്കുകയായിരുന്നു ചൈന. പക്ഷേ, വ്യാളിയെ നേരിടാൻ യോദ്ധാ വരുമെന്ന് ഉറപ്പായിരിക്കുന്നു.
എന്തുകൊണ്ട് ചൈന ഉറങ്ങിയില്ല എന്നു വിശദമാക്കുന്നതിനുമുന്പ്, ദലൈലാമയുടെയും ടിബറ്റിന്റെയും അടങ്ങാത്ത സ്വതന്ത്ര്യദാഹത്തെയും ആത്മീയ ആഭിമുഖ്യത്തെയും കുറിച്ച് ഒരാമുഖം വേണ്ടിയിരിക്കുന്നു. പക്ഷേ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 92ൽ പുറത്തിറങ്ങിയ "യോദ്ധ' സിനിമയിലേതുപോലെ മന്ത്രവാദത്തിനും തമാശകൾക്കുമൊടുവിൽ ശുഭപര്യവസായിയായ കഥയുടെ ആമുഖമല്ല അത്.
ദരിദ്ര ദന്പതികളുടെ മകനായി കാലിത്തൊഴുത്തിൽ പിറക്കുകയും വൈകാതെ തങ്ങൾ കാത്തിരുന്ന രക്ഷകനും ആത്മീയ നേതാവുമായി വിശ്വാസികൾ തിരിച്ചറിയുകയും പിന്നീട് ഭരണകൂടം അപായപ്പെടുത്തുമെന്ന സൂചന കിട്ടിയതിനെക്കുറിച്ച് ജന്മനാട്ടിൽനിന്നു കഴുതപ്പുറത്ത് പലായനം ചെയ്യുകയും ചെയ്ത ഒരു മനുഷ്യപുത്രന്റെ കഥയാണിത്.
ലാമോ തോൺഡുപ് എന്നും പിന്നീട് ടെൻസിംഗ് ഗ്യാട്സോ എന്നും അറിയപ്പെട്ടിരുന്ന, 14-ാമത്തെ ദലൈലാമ. പക്ഷേ, അദ്ദേഹത്തിന് ഒരിക്കലും ജന്മനാടായ ടിബറ്റിലേക്കു തിരിച്ചു പോകാനോ മലകളിൽ പ്രസംഗിക്കാനോ കഴിഞ്ഞില്ല. ഇന്ത്യയിലെ ഹിമാചൽ പ്രദേശിലുള്ള ധർമശാലയിലെ പ്രവാസജീവിതത്തിന് ആറര പതിറ്റാണ്ടു കഴിഞ്ഞു.
ദലൈലാമ, പുനരവതാരമെടുക്കുന്ന ആത്മീയനേതാവിന്റെ സ്ഥാനപ്പേരാണ്. ടിബറ്റന് ബുദ്ധമതത്തിലെ ഒരു വിഭാഗത്തിന്റെ ആത്മീയഗുരുവും രാജ്യമുണ്ടായിരുന്നെങ്കിൽ ഭരണാധികാരിയുമാകേണ്ടിയിരുന്ന ടെൻസിംഗ് ഗ്യാട്സോ എന്ന ദലൈലാമയുടെ 90-ാം പിറന്നാൾദിനമാണിന്ന്. കഴിഞ്ഞ ബുധനാഴ്ച, പിറന്നാളിനോടനുബന്ധിച്ചുള്ള ത്രിദിന സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ അദ്ദേഹം പറഞ്ഞു; മരണശേഷം തനിക്കു പിൻഗാമിയുണ്ടാകും, അതാരാണെന്നു തങ്ങൾ തീരുമാനിക്കും.
600 വര്ഷം പഴക്കമുള്ള ടിബറ്റന് ബുദ്ധിസം ഇപ്പോഴത്തെ ദലൈലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്ക്ക് ഇതോടെ വിരാമമായി. പക്ഷേ, രാഷ്ട്രീയ യുദ്ധത്തിനു വിരാമമായിട്ടില്ല. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കാനിരുന്ന ചൈന പറഞ്ഞത്, പുതിയ ദലൈലാമയ്ക്ക് തങ്ങളുടെ അംഗീകാരം വേണമെന്നാണ്. ചൈനാ വ്യാളി ഇന്നലെയും ഉറങ്ങിയിട്ടില്ല.
അതേ, ടിബറ്റ് സ്വതന്ത്രമാകില്ല, അവരുടെ സ്വന്തം ദലൈലാമയെ ചൈന അംഗീകരിക്കില്ല, ഇന്ത്യയിലുൾപ്പെടെയുള്ള ടിബറ്റൻ അഭയാർഥികൾക്ക് ഉടനെയൊന്നും ജന്മനാട്ടിലേക്കു മടങ്ങാനാവില്ല..! യോദ്ധായും അനുയായികളും പ്രവാസികളായി തുടരേണ്ടിവരും. മതവും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രമാണ് ദലൈലാമയുടേത്. ഇപ്പോഴത്തെ ദലൈലാമയ്ക്ക് അഭയം കൊടുത്തതാണ് 1962ൽ ചൈന ഇന്ത്യയെ ആക്രമിക്കാനുള്ള കാരണമെന്നുപോലും വിലയിരുത്തലുണ്ട്.
ദലൈലാമയുടെ കഥ എവിടെനിന്നു വേണമെങ്കിലും പറഞ്ഞു തുടങ്ങാം. പക്ഷേ, 1959 മാർച്ച് 31നു മുന്പും ശേഷവും എന്നു വേർതിരിക്കേണ്ടിവരും. അന്നു രാത്രിയിലാണ് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽനിന്ന് അദ്ദേഹം അടുത്ത കുടുംബാംഗങ്ങളോടും അനുയായികളോടുമൊപ്പം ഇന്ത്യയിലേക്കു രക്ഷപ്പെട്ടത്.
ലോകത്തെ ഏറ്റവും "മഹാനായ' അഭയാർഥിയും രാജ്യമില്ലാത്ത രാജാവുമായി ഇന്നും അദ്ദേഹം ഇന്ത്യ അനുവദിച്ച ധർമശാലയിലെ ഭൂമിയിൽ കഴിയുന്നു. മാർച്ചിലെ പലായനത്തിന്റെ രാത്രിക്കുമുന്പ് ഹിമാലയത്തിന്റെ മഞ്ഞും നിലാവും വീണുകിടക്കുന്ന ടിബറ്റിന്റെ പകലുകളിലേക്കിറങ്ങാം.
ദലൈലാമ വയസ് അഞ്ച്
1935ല് കിഴക്കൻ ടിബറ്റിലെ കുംഭം എന്ന പ്രദേശത്തെ സന്ന്യാസിമഠത്തിനടുത്തുള്ള ടക്സ്റ്ററിലെ ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു ജനനം. ജീവനോടെ അവശേഷിച്ച ഏഴു മക്കളിൽ ഒരാൾ. ഒരു കാലിത്തൊഴുത്തിലായിരുന്നു പിറവി എന്നു ചില രേഖകളിൽ കാണുന്നു. പതിമൂന്നാം ദലൈലാമയായ തുബ്ടെൻ ഗ്യാട്സോയുടെ പുനർജന്മമായി അംഗീകരിക്കപ്പെട്ടതോടെ രണ്ടാമത്തെ വയസിൽ കുട്ടിയെ കുംഭം ബുദ്ധ ആശ്രമത്തിലേക്കു കൊണ്ടുപോയി.
1940ല് ലാസയിലെ പൊട്ടാല കൊട്ടാരത്തില്വെച്ച് ദലൈലാമയുടെ സ്ഥാനാരോഹണം നടത്തി. അപ്പോൾ അഞ്ചു വയസ്. അവലോകിതേശ്വരന് എന്ന ബോധിസത്വന്റെ പുനരവതാരമായിട്ടാണ് ടിബറ്റന് ജനത ദലൈലാമയെ കാണുന്നത്. ആറാം ദലൈലാമ ദുർബലനായിരുന്നതിനാൽ പലരും ടിബറ്റിനെ ആക്രമിച്ചു. ചൈന സഹായിക്കാനെത്തി.
പക്ഷേ, ചൈനയിലെ ചക്രവർത്തിയുടെ പ്രതിനിധികളായി രണ്ട് അംബാൻമാരെ (പ്രധാന ഉദ്യോഗസ്ഥൻ) ലാസയിലെ കൊട്ടാരത്തിൽ നിയോഗിച്ചു. അവരിലൂടെ ചൈന ടിബറ്റിനെ നിയന്ത്രിക്കാൻ തുടങ്ങി. 1895-ല് അധികാരമേറ്റെടുത്ത 13-ാം ദലൈലാമ കരുത്തനായിരുന്നു. അദ്ദേഹം ബ്രിട്ടന്റെ സഹായത്തോടെ സ്വതന്ത്രഭരണം തുടങ്ങി. പക്ഷേ, 1949ൽ കമ്യൂണിസ്റ്റു പാർട്ടി ചൈനയിൽ അധികാരത്തിലെത്തിയതോടെ വീണ്ടും പിടിമുറുക്കി.
പട്ടാളം ടിബറ്റിലെത്തി. എതിർക്കാൻ ശേഷിയില്ലാതിരുന്ന ടിബറ്റ്, ദലൈലാമയുടെ അധികാരത്തിൽ ഇടപെടില്ലെന്നത് ഉൾപ്പെടെ 17 ധാരണകളുള്ള കരാറിൽ ഒപ്പുവച്ചു. പക്ഷേ, ചൈനയുടെ കമ്യൂണിസ്റ്റ് സ്വഭാവം സർവാധിപത്യത്തിന്റെയും കീഴടക്കലിന്റേതുമായി ചോരയിൽ ചുവന്നു. സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് ടിബറ്റിലെ ബുദ്ധമതത്തിന്റെ അടയാളങ്ങളെപ്പോലും തകർത്തു. നിരവധിപേർ ജയിലിലായി. ടിബറ്റുകാർ സായുധ കലാപത്തിനിറങ്ങി. ചൈന കൂടുതൽ പട്ടാളത്തെ അയച്ചു.
മാർച്ചിലെ രാത്രി
1959 മാർച്ച് 10ന് ചൈനയിലെ ഒരു നൃത്തസംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ക്ഷണം ദലൈലാമയ്ക്കു ലഭിച്ചു.
താമസിയാതെ വീണ്ടുമൊരു ക്ഷണക്കത്ത് ലഭിക്കുകയും അതിൽ ടിബറ്റൻ സൈനികർ ഒപ്പമുണ്ടാകരുതെന്നും അംഗരക്ഷകർ നിരായുധരായിരിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ദലൈലാമയുടെ ലാസയിലെ അനുയായികൾക്ക് പന്തികേടു തോന്നി. കൊട്ടാരത്തിനു സമീപം തടിച്ചുകൂടിയ പതിനായിരക്കണക്കിനാളുകൾ അദ്ദേഹത്തെ ചൈനയിലേക്കു പോകുന്നതിൽനിന്നു വിലക്കി.
അന്നുതന്നെ നാടു വിട്ടുകൊള്ളാൻ അവരുടെ വെളിച്ചപ്പാടും അറിയിച്ചതോടെ രാത്രി 10 മണിയോടടുത്ത് ഒരു സാധാരണ പട്ടാളക്കാരന്റെ വേഷത്തിൽ ദലൈലാമ ഏതാനും സഹായികളുമായി ലാസ നദിക്കരയിലേക്കു പുറപ്പെട്ടു. അവിടെ കാത്തുനിന്നിരുന്ന ഏതാനും കുടുംബാംഗങ്ങളുമൊത്ത് അദ്ദേഹം ഇന്ത്യയെ ലക്ഷ്യമാക്കി പലായനം തുടങ്ങി.
രാത്രി മുഴുവൻ യാത്ര ചെയ്തും പകൽ ബുദ്ധവിഹാരങ്ങളിലോ വീടുകളിലോ താമസിച്ചും ഹിമാലയത്തിലൂടെ അവർ നീങ്ങി. മാർച്ച് 26ന് ഭൂട്ടാനിലെ ലുവെൻസെയിലുള്ള ബുദ്ധവിഹാരത്തിലെത്തി. അവിടെനിന്നാണ്, തനിക്ക് അഭയം നൽകണമെന്നാവശ്യപ്പെട്ടു ദലൈലാമ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു കത്തെഴുതിയത്. അമേരിക്കയും നെഹ്റുവുമായി ബന്ധപ്പെട്ടു.
നെഹ്റു ദലൈലാമയെ സ്വീകരിക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തി. മാർച്ച് 31ന് ഇന്ത്യൻ അതിർത്തിയായ മക്മോഹൻ ലൈൻ കടന്ന് ദലൈലാമയും സംഘവും ഇന്ത്യയിൽ പ്രവേശിച്ചു. നെഹ്റു പാർലമെന്റിൽ ദലൈലാമയ്ക്ക് അഭയം നൽകുന്നത് അറിയിക്കുകയും ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഭൂമി അനുവദിക്കുകയും അവരവിടെ പ്രവാസി ഭരണസംവിധാനം സ്ഥാപിക്കുകയും ചെയ്തു.
ഇന്നിപ്പോൾ മൂന്നാറിൽ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ടിബറ്റൻ പ്രവാസികൾ കന്പിളിയും കരകൗശലവസ്തുക്കളും വിറ്റ് കൂട്ടമായി താമസിക്കുന്നുണ്ട്. കർണാടകത്തിലെ കുശാൽ നഗറിനടുത്ത് ടിബറ്റൻ ഗ്രാമമുണ്ട്. അവിടെ ബുദ്ധവിഹാരങ്ങളും കൃഷിയിടങ്ങളും ആശ്രമങ്ങളും വ്യാപാര സമുച്ചയങ്ങളുമൊക്കെയുണ്ട്. ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷത്തോളം ടിബറ്റൻ പ്രവാസികളുണ്ട്. ലോകമെങ്ങുമായി 2.5 ലക്ഷം എന്നു കരുതുന്നു.
ഒരിക്കൽ യഹൂദർ കഴിഞ്ഞിരുന്നതുപോലെ ലോകമെങ്ങുമായി ചിതറിക്കിടക്കുന്ന 2.5 ലക്ഷം ടിബറ്റൻ പ്രവാസികളുടെ സ്വപ്നം ഒരിക്കൽ ടിബറ്റിൽ തിരിച്ചെത്തി സ്വന്തം മണ്ണിൽ സ്വൈരമായി ജീവിക്കുക എന്നതാണ്. ദലൈലാമ നിരവധി ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചു. ബുദ്ധിസത്തെയും കരുണയെയും സ്നേഹത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലോകം ശ്രദ്ധയോടെ കേട്ടു.
ചൈനയുമായി രമ്യതയിലാകാൻ ടിബറ്റിനു സ്വാതന്ത്ര്യമെന്ന ആവശ്യം ഉപേക്ഷിച്ച് ചൈനയുടെ കീഴിൽ സ്വയംഭരണാവകാശം മതിയെന്നു സമ്മതിച്ചു. പക്ഷേ, ചൈന വഴങ്ങിയില്ല. 1989ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. നിരവധി ടിബറ്റുകാർ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കു കുടിയേറി. എങ്കിലും അവരുടെ ഉള്ളിൽ ടിബറ്റ് ഒരു മുറിവായി കിടക്കുകയാണ്.
ഇതിനിടെ 1989ൽ ചൈന ടിബറ്റിൽ പട്ടാള ഭരണം ഏർപ്പെടുത്തുകയും മറ്റ് വംശക്കാരെ അവിടേക്കു കുടിയേറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ കുടിയേറിയവർ വ്യാപാരത്തിലും സന്പത്തിലും ഉയർന്നപ്പോൾ തദ്ദേശവാസികളായ ടിബറ്റുകാർ താരതമ്യേന ദരിദ്രരായി തുടരുകയാണ്.
കമ്യൂണിസ്റ്റ് ദലൈലാമ
ദലൈലാമയ്ക്ക് ഒന്നാം സ്ഥാനവും പഞ്ചൻ ലാമയ്ക്ക് രണ്ടാം സ്ഥാനവും കർമപാ ലാമയ്ക്ക് മൂന്നാം സ്ഥാനവുമാണ് ടിബറ്റൻ ബുദ്ധമതത്തിന്റെ അധികാര ശ്രേണിയിലുള്ളത്.
ദലൈലാമയുടെ പുനരവതാരത്തെ തെരഞ്ഞെടുക്കുന്നതിൽ പഞ്ചൻ ലാമയ്ക്ക് വലിയ പങ്കുണ്ട്. 1995ൽ ദലൈലാമ അംഗീകരിച്ച 11-ാം പഞ്ചൻ ലാമയെയും കുടുംബത്തെയും ടിബറ്റിൽനിന്നു രണ്ടു ദിവസത്തിനകം ചൈനീസ് സർക്കാർ തട്ടിക്കൊണ്ടു പോയി. പിന്നീട് അവരെ ആരും കണ്ടിട്ടില്ല.
കമ്യൂണിസ്റ്റ് ദന്പതികളുടെ മകനും ടിബറ്റൻ ബാലനുമായ ഗയാൽറ്റ്സെൻ നോർബുവിനെ അവർ പഞ്ചൻ ലാമയായി പ്രഖ്യാപിച്ചു. ദലൈലാമ പിൻഗാമിയെ പ്രഖ്യാപിച്ചാൽ, ടിബറ്റിലുള്ള നോർബുവിനെക്കൊണ്ട് അവർ പുതിയ ദലൈലാമയെ പ്രഖ്യാപിച്ചേക്കും. പക്ഷേ, നോർബുവിനെ ടിബറ്റുകാർ വ്യാജ പഞ്ചൻ എന്നാണു വിളിക്കുന്നത്.
ചൈന, ടിബറ്റ്, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലായി വിരിച്ചിരിക്കുന്ന പായയിൽ കിടന്നുകൊണ്ടാണ് ടിബറ്റുകാർ ഒരു സ്വതന്ത്ര രാജ്യം സ്വപ്നം കാണുന്നത്. ആ സ്വപ്നസാക്ഷാത്കാരത്തിന്റെ യോദ്ധാവാണ് ദലൈലാമ. പക്ഷേ, കണ്ണീരിന്റെ ഉപ്പു രുചി വീതം വയ്ക്കുന്ന 90-ാം പിറന്നാളിൽ അദ്ദേഹം മന്ത്രിക്കുന്നു; അവൻ വരും, 15-ാം യോദ്ധാ.