തിരുമാറാടിയിലെ പച്ചപ്പട്ടാളം
റെജി ജോസഫ്
Saturday, July 5, 2025 8:58 PM IST
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്കുന്ന വില്പനശാലയും സജീവം. കർഷകരുടെ വിഷരഹിത പച്ചക്കറികൾ ആഴ്ചയിലെരിക്കൽ വഴിയോര വിപണിയിൽ എത്തിക്കും.
തേങ്ങായിടണോ നെല്ല് വിതയ്ക്കണോ പുല്ലുവെട്ടണോ, കപ്പ നടണോ... ഒറ്റക്കോൾ മതി, തിരുമാറാടിയിലെ വനിതാ ഹരിതസേന റെഡി. പണിക്കാരില്ലാത്തതിനാൽ കൃഷി എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയാണ് വനിതാ ഗ്രീൻ ആർമി. മരം കയറും, ട്രാക്ടർ ഓടിക്കും, കാർഷിക യന്ത്രങ്ങൾ നന്നാക്കും. എന്തു കൃഷിജോലിയും ഇവരുടെ കൈയിൽ ഭദ്രം.
കാർഷിക നഴ്സറികളിൽ വഴുതന, പയർ, തക്കാളി, പച്ചമുളക്, പീച്ചിൽ, പാവൽ, പടവലം, വെണ്ട തുടങ്ങിയവയുടെ നാലും അഞ്ചും ലക്ഷം തൈകൾ ഉത്പാദിപ്പിച്ച് ഹരിതസേന വിൽക്കുന്നു. കൂടാതെ കൃഷി വകുപ്പിനും ത്രിതല പഞ്ചായത്തുകൾക്കും തൈകൾ കൊടുക്കുന്നു. മാവ്, പ്ലാവ്, കടപ്ലാവ്, തെങ്ങ്, കവുങ്ങ് തൈകളും ഇവിടെ തയാർ. ചേന, ഇഞ്ചി, കച്ചോലം, കാച്ചിൽ, ചേന്പ്, കിഴങ്ങ് തുടങ്ങിയ നടീൽ വസ്തുക്കളും വിൽപനയ്ക്കുണ്ട്.
ഈസിയായി തെങ്ങിൻ മുകളിൽ
യന്ത്രവുമായി പുല്ലുവെട്ട്, തെങ്ങിന് തടമെടുക്കൽ, തേങ്ങയിടൽ തുടങ്ങിയവയൊക്കെ ഇവർക്കു നിസാരം. എത്ര ഉയരമുള്ള തെങ്ങിനു മുകളിലും സെക്കൻഡുകൾക്കുള്ളിൽ ഇവർ കയറും. തേങ്ങയിട്ട്, തലപ്പ് വൃത്തിയാക്കി, മരുന്നുതളിയും കഴിഞ്ഞാണ് തിരിച്ചിറങ്ങുക. ദിവസം മുപ്പതു തെങ്ങിൽ വരെ കയറി തേങ്ങയിടുന്നവർ ഇവർക്കൊപ്പമുണ്ട്.
തേങ്ങയിടാൻ തെങ്ങൊന്നിന് 65 രൂപയും തലപ്പ് വെടിപ്പാക്കി മരുന്നടിക്കാൻ 130 രൂപയുമാണ് കൂലി. കൃഷിപ്പണിക്ക് കാർഷിക സേവന കേന്ദ്രത്തിനു വേണ്ടുവോളം യന്ത്രങ്ങളുണ്ട്. ഇവ പ്രവർത്തിപ്പിക്കാൻ മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലും കാർഷിക യന്ത്രവത്കരണ മിഷൻ ആസ്ഥാനത്തും പരിശീലനം നൽകി. പാന്പാക്കുടയിലെ ബയോഫാർമസിയിൽ രാസ, ജൈവ, കുമിൾ കീടനാശിനികൾ തയാറാക്കി കർഷകരിലെത്തിക്കുന്നുണ്ട്.
12 വർഷം മുൻപ് ആരംഭിച്ച പാന്പാക്കുട അഗ്രോ വികസന കേന്ദ്രം ഇതോടകം പത്തു കോടി രൂപയുടെ ടേണ് ഓവർ നേടിയതായി ഹരിത സേവനകേന്ദ്രത്തിന്റെ ഫസിലിറ്റേറ്ററും മുൻ കൃഷി ഓഫീസറുമായ വി.സി. മാത്യു പറഞ്ഞു. സംസ്ഥാനത്തുതന്നെ ഒരു ഹരിത സംഘത്തിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതും ഇവിടെയാണ്.
ഏല്പിച്ചോളൂ, വിളവ് തരാം
കൃഷിയിടത്തിന്റെ ഉടമ നാട്ടിലില്ലെങ്കിൽ ഹരിതസേനയെ ഏൽപ്പിച്ചാൽ മതിയാകും. നൂറു മേനി വിളവെടുത്തു തരും. അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർക്കു ഗ്രോ ബാഗിലും ചട്ടിയിലും കിളിർപ്പിച്ച പച്ചക്കറിത്തൈകളെത്തിക്കും. എറണാകുളത്തും തൃശൂരിലും മൂവാറ്റുപുഴയിലുമൊക്കെ ഫ്ളാറ്റുകളിൽ ഇവർ നട്ടുകൊടുക്കുന്ന ചെടികളിൽനിന്നു വിളവെടുക്കുന്നവർ നിരവധി.
യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും സ്പെയർ പാർട്സ് വാങ്ങലും ഭാരിച്ച ചെലവാണ്. ഇതിനു സർക്കാർ സഹായം നൽകണമെന്നാണ് ഗ്രീൻ ആർമിയുടെ അഭ്യർഥന. സേനയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയും വേണം. ഗ്രീൻ ആർമിയുടെ പ്രവർത്തനം പഠിക്കാൻ ലോകബാങ്ക് പ്രതിനിധികളും കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗങ്ങളും പാന്പാക്കുടയിൽ എത്തിയിരുന്നു. കൂടാതെ മഹാരാഷ്ട്ര സർക്കാരും കർഷകരെ അയച്ചിരുന്നു.
തരിശിലെ വിസ്മയം
കൂത്താട്ടുകുളം, പാന്പാക്കുട, പിറവം, രാമമംഗലം, മുളക്കുളം എന്നിവിടങ്ങളിൽ തരിശുകിടന്ന 60 ഹെക്ടറിലേറെ പാടമാണ് പച്ചപ്പട്ടാളം പച്ചപ്പണിയിച്ചത്. നടൻ ശ്രീനിവാസൻ പാട്ടത്തിനെടുത്ത പാടവും ഇതിൽപെടും. കാടുപിടിച്ചിരുന്ന പന്ത്രണ്ട് ഏക്കർ കരഭൂമി നെൽപ്പാടമാക്കി കൂത്താട്ടുകളം കൃഷിഭവനു കീഴിൽ വിസ്മയം തീർത്തു. കണ്ടനാട് പാടശേഖരത്തിലും പിറവത്തെ ചേല്ലേത്തു പാടത്തും പതിറ്റാണ്ടുകൾക്കു ശേഷം വിതയും കൊയ്ത്തും നടത്തിയത് ഈ കൂട്ടായ്മ തന്നെ.
25 വർഷത്തിലധികം തരിശു കിടന്ന ഇടയാർ പാടശേഖരത്തിലെ അഞ്ച് ഏക്കറിൽ രണ്ടു നെല്ലും മൂന്നാം വിളയായി പച്ചക്കറി, എള്ള് എന്നിവയും കൃഷി ചെയ്യുന്നു. നെല്ല് സീഡ് അഥോറിട്ടിക്കും സപ്ലൈകോയ്ക്കും വിൽക്കുന്നു. ഒരേക്കറിൽ ഞാറു നട്ടു കൊടുക്കാൻ പാന്പാക്കുട ബ്ലോക്ക് പരിധിയിൽ നാലായിരം രൂപയും പുറത്ത് 4,500 രൂപയുമാണ് നിരക്ക്. പോളി ഹൗസുകളിൽ എല്ലാ സീസണിലും പച്ചക്കറി വിളവെടുപ്പുണ്ട്. മഴക്കാലത്തും ഓണം വിഷു സീസണിലും കൂടുതൽ ഉത്പാദിപ്പിക്കും.
കൂത്താട്ടുകുളത്തും ബ്ലോക്ക് കാന്പസിലും പാന്പാക്കുടയിലുമുള്ള നഴ്സറികളിൽ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കു പതിനായിരം ഗ്രോ ബാഗുകളും പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് അര ലക്ഷം തൈകളും ഒരുങ്ങുന്നു. പയർ, വെണ്ട വിത്തുകൾ നേര്യമംഗലം കൃഷിഫാമിൽനിന്നും മറ്റു വിത്തുകൾ തൃശൂരിലെ നഴ്സറികളിൽനിന്നും വാങ്ങും. സമീപത്തെ 51 കുടുംബങ്ങളിൽ സൗജന്യമായി ഫലവൃക്ഷത്തൈകൾ നൽകി പരിപാലിക്കുന്നുണ്ട്.
പത്തു കോടി നേട്ടം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്കുന്ന വില്പനശാലയും സജീവം.
കർഷകരുടെ വിഷരഹിത പച്ചക്കറികൾ ആഴ്ചയിലെരിക്കൽ വഴിയോര വിപണിയിൽ എത്തിക്കും. ജോലിയില്ലാതെ വരുന്ന ദിവസങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾ തയാറാക്കി അഗ്രോ സർവീസ് സെന്ററിന്റെ ഒൗട്ട് ലെറ്റുകൾ വഴിയാണ് വില്പന. തിരിനനയ്ക്കുള്ള ഗ്ലാസ് വൂൾ വിക്ക് നിർമാണവുമുണ്ട്.
സംഘകൃഷിയിൽ സംസ്ഥാന കൃഷിവകുപ്പിൽനിന്നു ലഭിച്ച ഒന്നാം സ്ഥാനം ഉൾപ്പെടെ അംഗീകാരങ്ങൾ നിരവധി. ഈ സംഘത്തിലെ ടെക്നീഷ്യൻ ആശാ ഷാജൻ സംസ്ഥാനത്തെ മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി അവാർഡിനും അർഹയായി. പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭാ രാജും തിരുമാറാടി കൃഷി ഓഫീസർ സി.ഡി. സന്തോഷും സേനയ്ക്കു കരുതലായി ഒപ്പമുണ്ട്.
യന്ത്രശാലയിലെ താരങ്ങൾ
പച്ചപ്പാടങ്ങളുടെയും കാളവയലിന്റെയും കാളയോട്ടത്തിന്റെയും പെരുമയുള്ള പിറവം കാക്കൂരിലെ മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ ഭിത്തിയിലെ കുറിപ്പ്. "കൃഷി ഒരു സന്യാസമാണ്. നിങ്ങൾ അതിന്റെ പ്രവാചകരും പരിപോഷകരും മാറ്റക്കാരുമാകാൻ ശ്രമിക്കുക. സ്നേഹം ശീലമാകട്ടെ. സേവനം അനുഷ്ഠാനവും.''
തിരുമാറാടി പഞ്ചായത്തു നൽകിയ സ്ഥലത്താണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം. തുടക്കത്തിൽ 25 ലക്ഷം രൂപയുടെ യന്ത്രങ്ങൾ സർക്കാർ നൽകി. യാർഡ്, ഓഫീസ് എന്നിവയ്ക്കും മൂന്നു ലക്ഷം റിവോൾവിംഗ് ഫണ്ടും ലഭിച്ചു.
മികച്ച പ്രവർത്തനം പരിഗണിച്ച് സർക്കാരിൽനിന്ന് 15 ലക്ഷത്തിന്റെ യന്ത്രങ്ങൾകൂടി ലഭിച്ചു. യന്ത്രങ്ങളിൽനിന്ന് ഇതിനകം രണ്ടു കോടി വരുമാനം. ഞാറുനടീൽയന്ത്രം മാത്രം അഞ്ചു ലക്ഷത്തിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ് കട്ടറുകളിൽനിന്നു മൂന്നു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽനിന്നു ഒരു മാസംകൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടി.
ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ, കോക്കനട്ട് ബേസിൻ ഡിഗർ, പാടത്തെ മണ്ണുടയ്ക്കും റോട്ടവേറ്റർ, കൾട്ടിവേറ്റർ, പവർ സ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറു നടാൻ ട്രാൻസ്പ്ലാന്റർ, നെല്ലു മെതിക്കാൻ ത്രഷർ, കോക്കനട്ട് ക്ലൈംബർ, ബ്രഷ് കട്ടർ, ചെയിൻ സോ, പ്രഷർ വാഷർ ഇങ്ങനെ നീളുന്നു യന്ത്രപ്പുരയിലെ കരുതൽ. കൂടാതെ ജനറേറ്റർ, പവർ സ്പ്രെയർ, വീൽബാരോ, പന്പുസെറ്റ്, ചെയിൻ സെറ്റ് എന്നിവ വാടകയ്ക്കു കൊടുക്കുന്നുമുണ്ട്. ഹരിതസേന ഫോണ്: 9447820532, 0485 2875085.