District News
കുന്നംകുളം: റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ മൂന്നാംദിനം മത്സരങ്ങൾ അവസാനിക്കുന്പോൾ തൃശൂർ ഈസ്റ്റ് ഉപജില്ലയുടെ തിരിച്ചുവരവ്.
13 സ്വർണവും 12 വെള്ളിയും ഒന്പതു വെങ്കലവും ഉൾപ്പെടെ 129 പോയിന്റുകൾ നേടി തൃശൂർ ഈസ്റ്റ് ഉപജില്ല ഒന്നാംസ്ഥാനത്താണ്. ഒന്പതു സ്വർണവും 14 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 116 പോയിന്റുകളുമായി ചാലക്കുടി ഉപജില്ല രണ്ടാംസ്ഥാനത്തും 86 പോയിന്റുകളുമായി കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 73 പോയിന്റുകളുമായി തൃശൂർ വെസ്റ്റ് ഉപജില്ല നാലാം സ്ഥാനത്തും 70 പോയിന്റുകളുമായി വലപ്പാട് ഉപജില്ല അഞ്ചാം സ്ഥാനത്തുമാണ്.
ആദ്യ രണ്ടുദിനങ്ങളിലും നേരിയ വ്യത്യാസത്തിൽ ചാലക്കുടി ഉപജില്ലയായിരുന്നു ഒന്നാമത്. കായികമേള ഇന്നു സമാപിക്കും.
District News
മാള: ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും അഷ്ടമിച്ചിറ, പുത്തൻചിറ ഭാഗങ്ങളിൽ വ്യാപകമായ നാശം. പുത്തൻചിറ പാറമേൽ തൃക്കോവിൽ ക്ഷേത്രത്തിനു തെക്കുവശം ട്രാൻസ്ഫോർമറിനുസമീപം ഇലക്ട്രിക് കമ്പിയിലേക്ക് പന വീണ് ഏഴു വൈദ്യുത തൂണുകൾ ഒടിഞ്ഞു. ഇവിടെ വൈദ്യുതി ബന്ധം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല. വാർഡ് മെമ്പർ പി.സി. ബാബുവിന്റെ നേതൃത്വത്തിൽ പന മുറിച്ചുമാറ്റി.
പിണ്ടാണിക്കുന്നിൽ പുതിയേടത്ത് ജിഷ ബേബിയുടെ പറമ്പിലെ പ്ലാവ് കിണറിലേക്കു മറിഞ്ഞുവീണു. അഷ്ടമിച്ചിറ മേഖലയിലും തെങ്ങ് ഉൾപ്പെടെ മറിഞ്ഞുവീണ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
District News
ഇരിങ്ങാലക്കുട: കത്തോലിക്ക കോണ്ഗ്രസിന്റെ ആഗോള സംഗമത്തോടനുബ ന്ധിച്ച് റോമിലെ അന്തര്ദേശീയ സമ്മേളന നഗരിയില് ഉയര്ത്താനുള്ള പതാകയുടെ പ്രയാണത്തിന് ഇരിങ്ങാലക്കുട രൂപത ബിഷപ് ഹൗസില് ഉജ്വല സ്വീകരണം നല്കി.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര് പോളി കണ്ണൂക്കാടന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബല് ജനറല് സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്നിന്ന് പതാക ബിഷപ് ഏറ്റുവാങ്ങി. കത്തോലിക്ക കോണ്ഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന് അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറാള് മോണ്. ആന്റു ആലപ്പാടന്, രൂപത ഡയറക്ടര് ഫാ. ലിജു മഞ്ഞപ്രക്കാരന്, ഗ്ലോബല് വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ട്രഷറര് ആന്റണി തൊമ്മാന, ഗ്ലോബല് സെക്രട്ടറി പത്രോസ് വടക്കുംഞ്ചേരി, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടന്, ഡേവിസ് തെക്കിനിയത്ത്, റീന ഫ്രാന്സിസ്, പിആര്ഒ ടെല്സണ് കോട്ടോളി, സാബു കൂനന് എന്നിവര് പ്രസംഗിച്ചു.
കത്തോലിക്ക കോണ്ഗ്രസ് പ്രവര്ത്തിക്കുന്ന 52 രാജ്യങ്ങളിലൂടെ പ്രയാണം ചെയ്താണ് പതാക ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ വിവിധ രൂപതകളില് പ്രയാണം ചെയ്യുന്ന പതാക 19 ന് റോമിലെത്തും. ലോകത്തിലെ വിവിധ രാജ്യ ങ്ങളില്നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള് അന്തര്ദേശീയ സമ്മേളനത്തില് പങ്കെടുക്കും.
മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടിലും വിവിധ രൂപതകളില്നിന്നുള്ള ബിഷപ്പുമാരും സമ്മേളനത്തില് പങ്കെടുക്കും. ആഗോള കത്തോലിക്ക സഭയുടെ തലവന് പോപ്പ് ലെയോ പതിനാലാമന് മാര്പാപ്പ സന്ദേശം നല്കും.
ഇരിങ്ങാലക്കുട രൂപതയില്നിന്ന് ബിഷപ് മാര് പോളി കണ്ണൂക്കാടന്, രൂപത പ്രസിഡന്റ്് ഡേവിസ് ഊക്കന്, ട്രഷറര് ആന്റണി തൊമ്മാന എന്നിവര് പങ്കെടുക്കും.
District News
കൊരട്ടി: തിരുനാളിനോടനുബന്ധിച്ച് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമും കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സന്ദർശിച്ചു. വികാരി ഫാ. ജോൺസൺ കക്കാട്ടിന്റെ നേതൃത്വത്തിൽ ഇരുവരെയും സ്വീകരിച്ചു.
കൊരട്ടിമുത്തിയുടെ പ്രധാന നേർച്ചയായ പൂവൻകുല ഇരുവരും മുത്തിയുടെ തിരുനടയിൽ സമർപ്പിച്ചു.
District News
കൊരട്ടി: ജാതിമത ചിന്തകൾക്കതീതമായി ഒരു നാടിന്റെ വിശ്വാസവും ഐക്യവും സംഗമിക്കുന്ന കൊരട്ടിമുത്തിയുടെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.17, 18 തീയതികളിൽ എട്ടാമിടവും 24, 25 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.
മധ്യകേരളത്തിലെ പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കുന്ന തിരുനാളിൽ ദർശനപുണ്യം തേടി നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് പതിനായിരങ്ങളെത്തും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദേവാലയത്തിലും പരിസരങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്നു രാവിലെ 5.30ന് വിശുദ്ധ കുർബാനയും പൂവൻകായ വെഞ്ചരിപ്പും നടക്കും. ഏഴിന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഒൻപതിന് ലത്തീൻ റീത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് ഓലിപ്പറമ്പിൽ കാർമികത്വം വഹിക്കും. 10.30ന് ഇടവകയിലെ വൈദികർ അർപ്പിക്കുന്ന ആഘോഷമായ സമൂഹബലിയും 1.30ന് ഇംഗ്ലീഷിലും മൂന്നിന് സുറിയാനിയിലും വിശുദ്ധ കുർബാനയും നടക്കും. വൈകീട്ട് 5.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. നിഖിൽ പള്ളിപ്പാട്ട് നേതൃത്വം നൽകും. തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം. രാത്രി 8.30ന് വിശുദ്ധ കുർബാന.
പ്രധാന തിരുനാൾ ദിനമായ 11ന് പുലർച്ചെ അഞ്ചിനാണു വർഷത്തിൽ ഒരിക്കൽ മാത്രം മദ്ബഹയിൽനിന്ന് കൊരട്ടിമുത്തിയുടെ അത്ഭുതരൂപം ഭക്തജനങ്ങൾക്ക് വണങ്ങുന്നതിനായി എഴുന്നള്ളിച്ചു പ്രതിഷ്ഠിക്കുന്നത്. വികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യകാർമികനാകും. രാവിലെ ഏഴിനും 8.30നും വിശുദ്ധ കുർബാന. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ടോണി കല്ലംപറമ്പിൽ നേതൃത്വം നൽകും. 1.30ന് തമിഴിൽ വിശുദ്ധ കുർബാന.
വൈകീട്ട് 2.30ന് ഫാ. ജാക്സൺ മാടശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കുശേഷം കൊരട്ടിമുത്തിയുടെ തിരുസ്വരൂപം വഹിച്ചുള്ള നാലങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം. വൈകീട്ട് 4.30നും ആറിനും രാത്രി 9.30നും വിശുദ്ധ കുർബാന. രാത്രി 11ന് അത്ഭുതരൂപം അൾത്താരയിലേക്ക് കയറ്റിവയ്ക്കുന്നതോടെ പ്രധാന തിരുനാൾ ചടങ്ങുകൾക്കു സമാപനമാകും.
12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30, ഏഴ്, ഒമ്പത്, 10.30, ഉച്ചതിരിഞ്ഞ് മൂന്ന്, അഞ്ച് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വൈകീട്ട് ആറിന് ജപമാല പ്രദക്ഷണത്തിനു ശേഷം ദിവ്യബലി ഉണ്ടായിരിക്കും.
12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ രാവില 10.30ന് നടക്കുന്ന ആഘോഷ മായ വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾക്ക് ചോറൂട്ടിനും എഴുത്തിനിരു ത്തിനും അവസരമൊരുക്കിയിട്ടുണ്ട്. 16ന് കുഞ്ഞിപൈതങ്ങളുടെ സമർപ്പണവും ക്രമീകരിച്ചിട്ടുണ്ട്.
District News
ഗുരുവായൂർ: സംസ്ഥാനം വിദ്യഭ്യാസ രംഗത്ത് ഒന്നാമതാണ് എന്നു പറയുമ്പോഴും വിദേശത്തു നിന്നോ സംസ്ഥാനത്തിന് പുറത്തു നിന്നോ ഒരു വിദ്യാർഥിപോലും കേരളത്തിലെ ഒരു യൂണിവേഴ്സിറ്റികളിലും പഠനത്തിനായി എത്തുന്നില്ലെന്നും നമ്മുടെ കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും വിദ്യഭ്യാസത്തിനായി പോകുന്നതായും ഉന്നത വിദ്യഭ്യാസ മന്ത്രി റോജി എം.ജോൺ ഗുരുവായൂരിൽ പറഞ്ഞു. ഗുരുവായൂർ എൽഎഫ് കോളജിൽ നടന്ന ലിറ്റിൽ ഫ്ലവർ എജ്യുക്കേഷണൽ കോൺക്ലേവ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ സിസ്റ്റത്തിൽ എന്തോ പാളിച്ചയുണ്ട്.എവിടെയോ പരാജയപെട്ടിട്ടുണ്ട്.സ്വയം വിമർശനാത്മകമായാണ് ഇത് പറയുന്നത്. യൂണിവേഴ്സിറ്റി സിസ്റ്റത്തിൽ പൊളിച്ചെഴുത്ത് ആവശ്യമായിവരും. പുതിയ നാലു വർഷ ബിരുദ സമ്പ്രദായം തുടരുന്നതോടൊപ്പം, മൂന്ന് വർഷം കഴിഞ്ഞ് ബിരുദം അവസാനിപ്പിക്കുന്നവർക്ക് രണ്ടു വർഷത്തെ പിജി ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോളജിൽ പുതിയതായി തുടങ്ങിയ ബോട്ടണി, ഇംഗ്ലീഷ്, സുവോളജി, ഇക്കണോമിക്സ് റിസർച്ച് കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കോളജ് മാനേജർ സിഫോൺസി മരിയ അധ്യക്ഷയായി. എൻ.കെ.അക്ബർ എംഎൽഎ, ഉന്നത വിദ്യഭ്യാസ രംഗത്തെ വിദഗ്ദ്ധ പ്രതിഭകളായ പ്രഫ.ഡോ.സാബു തോമസ്, പ്രഫ.ഡോ. അച്യുത ശങ്കർ, ഡോ. ഗിരീഷ്കുമാർ, ടി.ജെ.മാർട്ടിൻ, മീര രാജീവൻ, എൽഎഫ് കോളജ് പ്രിൻസിപ്പൽ ഡോ. സി.ജെ.ബിൻസി, ഡോ.സിത്താര കെ. ഉറുമ്പിൽ, ഡോ. ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
District News
തലക്കോട്ടുകര പള്ളിയിൽ
തലക്കോട്ടുകര: സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി തിരുനാൾ കൊടിയേറ്റം വികാരി ഫാ. ക്ലമന്റ് വാഴപ്പറമ്പിൽ നിർവഹിച്ചു. 18നു തിരുനാൾദിനം വരെ ദിവസവും രാവിലെ 6.30നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാൾ ദിനത്തിൽ രാവിലെ 6.30നും 9.30 നും ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികനായിരിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണം, ഊട്ടുനേർച്ച ആശീർവാദം, ഊട്ടുനേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ ജനറൽ കൺവീനർ കെ.എഫ്. ബെന്നി, കൺവീനർമാരായ ജെയ്സൺ കൊള്ളന്നൂർ, റെനി ജോസ്, ജോയ് കെ. ദേവസി എന്നിവർ നേതൃത്വംനൽകി.
ഒരുമനയൂർ പള്ളിയിൽ
ചാവക്കാട്: ഒരുമനയൂർ ചെറുപുഷ്പം പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും. തിരുനാൾ ദീപാലങ്കാരം ഇന്ന ലെ ഫാ. ഏബിൾ ചിറമൽ സ്വിച്ച് ഓൺ ചെയ്തു.
ഇന്നു രാവിലെ ആറിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, അമ്പ്, വള, എഴുന്നള്ളിപ്പ്. വൈകിട്ട് 6.30 ന് വെസ്പര, പ്രസുദേന്തി വാഴ്ച്ച, രൂപം എഴുന്നള്ളിച്ചു വെയ്ക്കൽ മെഗാ ബാൻഡ്. നാളെ രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. കാർമികൻ ഫാ. പ്രിജോവ് വടക്കേത്തല. ഫാ. ലിജോ ചിറ്റിലപ്പള്ളി സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. രാത്രി എഴുന്നള്ളിപ്പ് സമാപനം, വർണ മഴ.
വികാരി ഫാ. അഗസ്റ്റിൻ കുളപ്പുറം, തിരുനാൾ ജനറൽ കൺവീനർ കെ.ജെ. ചാക്കോ, കൈക്കാരന്മാരായ ഇ.വി. ജോയ്, ഇ.കെ. റൈജു, ബോബി സേവിയർ, കൺവീനർമാരായ ജീജു ആളൂർ, ഷെലിനോവ് എബ്രഹാം, ഇ.കെ.ജോസ്, ഇ.എഫ്. ജോഷി, സെബി പൗലോസ്, എ.കെ. തോമസ്, സി.കെ. തോമസ്, ജിന്റോ പൂത്തൂർ, ഇ.സി. ഫ്രാൻസിസ് നേതൃത്വം നൽകും.
അരിമ്പൂർ പള്ളി തിരുനാൾ
അരിമ്പൂർ: സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. പള്ളി പ്രദക്ഷിണ വഴി കുടകൊണ്ട് വിതാനം ഒരുക്കി. പള്ളിമന്ദിരവും ദീപാലങ്കൃതമാക്കി. ഇന്നു വൈകിട്ട് 5.30 ന് തിരുക്കർമ്മങ്ങൾക്കുശേഷം കൂടുതുറക്കൽ ചടങ്ങ് നടക്കും. തുടർന്ന് രൂപം എഴുന്നള്ളിയ്ക്കും. 11 ന് പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ 5.30 നും ഏഴിനും 8.30 നും വിശുദ്ധ കുർബാന, രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും. വൈകിട്ട് നാലിന് കുർബാന, പ്രദക്ഷിണം, വർണ്ണമഴ, എട്ടിന് കുന്നത്തങ്ങാടി കൂട്ടായ്മയുടെ വള എഴുന്നള്ളിപ്പ്, ബാൻഡ് വാദ്യവും. 12 മുതൽ എട്ടാമിടം വരെ വൈകീട്ട് 5. 30ന് വിശുദ്ധ കുർബാനയും നടക്കും. 18ന് എട്ടാമിടം തിരുനാൾ.
വെള്ളാരംപാടം പള്ളിയിൽ
മുപ്ലിയം: വെള്ളാരംപാടം ലിറ്റിൽ ഫ്ലവർ ഇടവക പള്ളിയിലെ വിശുദ്ധകൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ അമ്പെഴുന്നള്ളിപ്പ്, മുടിവച്ച് വാഴൽ എന്നിവ നടക്കും. തുടർന്ന് നടക്കുന്ന കുർബാനയ്ക്കും രൂപം എഴുന്നള്ളിപ്പിനും ഫാ.ജോസഫ് സണ്ണി മണ്ടകത്ത് കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും, വൈകിട്ട് അമ്പ് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. രാത്രിയിൽ ബാന്റ് വാദ്യവും നൃത്താവിഷ്കാരവും നടക്കും.
ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ജിന്റേഷ് മാളിയേക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ പത്രോസ് അമരത്തുപറമ്പിൽ പങ്കെടുത്തു.
വടക്കാഞ്ചേരി ഫൊറോന പള്ളി തിരുനാൾ ഇന്നും നാളെയും
വടക്കാഞ്ചേരി: സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ 186-ാം ദർശനതിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് രാവിലെ ആറിനും, 6.45 നും വിശുദ്ധ കുർബാനകൾ. വൈകീട്ട് 4.30 ന് നേർച്ച ഊട്ട് വെഞ്ചരിപ്പ്, വി.കുർബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷ എന്നീ തിരുകർമ്മങ്ങൾക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനാകും. വൈകീട്ട് 6.30 ന് വിശുദ്ധ കുർബാന, രാത്രി 7.30 ന് കിരീടം എഴുന്നള്ളിപ്പ്.
തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും, ഏഴിനും, എട്ടിനും, ഒന്പതിനും വിശുദ്ധ കുർബാനകൾ. 10.30ന് ആഘോഷമായ തിരുനാൾപാട്ടുകുർബാനക്ക് ഫാ. ജോബ് വടക്കൻ മുഖ്യ കാർമികനാകും. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ വചന സന്ദേശം നൽകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ 6.30ന് മരിച്ചവർക്കു വേണ്ടിയുള്ള തിരുകർമങ്ങൾ. ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി.വികാരി ഫാ. ആൽവിൻ അക്കരപട്ട്യക്കൽ തുടങ്ങിയവർ നേതൃത്വം നൽകും
District News
പാലക്കാട്: കാലിൽ ഷൂസില്ലെങ്കിലും മനസിൽ വിജയത്തിന്റെ കുതിപ്പുണ്ടായിരുന്നു. പരിമിതികളെ തോൽപ്പിച്ച് ഉയരങ്ങൾ കീഴടക്കിയപ്പോൾ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ഹൈജംപിൽ രണ്ടാംസ്ഥാനം നേടി താരമായത് ജിഎച്ച്എസ്എസ് വെള്ളിനേഴിയിലെ എ. ആദിത്യനാണ്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് 1.72 മീറ്ററാണ് ആദിത്യൻ ചാടിയത്. ഒന്നാംസ്ഥാനം ലഭിച്ച മത്സരാർഥി ഫൈനലിൽ ആദ്യ അവസരത്തിൽ തന്നെ 1.72 മീറ്റർ ചാടി. ആദിത്യൻ രണ്ടാംഅവസരത്തിലാണ് 1.72 മീറ്റർ ചാടിയത്. അതിനാൽ രണ്ടാം സ്ഥാനത്തായി.
കനത്ത ചൂടിലും പൊള്ളുന്ന ഗ്രൗണ്ടിൽ ഷൂ പോലുമില്ലാതെയായിരുന്നു ആദിത്യന്റെ മത്സരം. വിജയം ഉറപ്പിച്ചുള്ള ഓരോ ചാട്ടത്തിലും ആ കണ്ണുകളിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. കടുത്ത മത്സരമാണ് സീനിയർ വിഭാഗം ഹൈജംപ് മത്സരത്തിൽ നടന്നത്.
സ്കൂളിലെ യുപി വിഭാഗം കായികാധ്യാപകനായ ഷാഹുലിന്റെ കീഴിലാണ് പരിശീലനം. ബേക്കറി ജീവനക്കാരായ സുനിൽകുമാറിന്റെയും ഷൈലജയുടെയും മകനാണ്.
അഞ്ജനയാണ് സഹോദരി. തന്റെ അവസാന സ്കൂൾ കായികമേളയിൽ ലഭിച്ച വെള്ളിമെഡലിന് സ്വർണത്തേക്കാൾ തിളക്കമുണ്ടെന്ന് തെളിയിച്ചാണ് ആദിത്യൻ മൈതാനം വിട്ടത്.
District News
പാലക്കാട്: ജാവലിൻ എറിയുന്നത് ഒരു കൈ കൊണ്ടാണെങ്കിലും കൂടുതൽ ദൂരം കണ്ടെത്തുന്നതിനും ഓട്ടത്തിന് വേഗത ലഭിക്കുന്നതിനും ഇരുകൈകളും ഒരേതാളത്തിൽ പ്രവർത്തിക്കണം. എന്നാൽ പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അജ്മൽ റഹ്്മാന് മെഡൽ എത്തിപ്പിടിക്കാൻ ഒരു കൈ ധാരാളം.
പരിക്കിന്റെ വേദനയിലും തളരാത്ത പോരാട്ടവീര്യവുമായി മത്സരക്കളത്തിലെത്തി എറിഞ്ഞുവീഴ്ത്തിയത് വെള്ളിമെഡൽ. കൊല്ലത്ത് നടന്ന ജൂനിയർ അത്ലറ്റിക് മീറ്റിൽ മത്സരിക്കുന്പോഴാണ് ബാലൻസ് തെറ്റി വീണ് ഇടതുകൈമുട്ടിന് പരിക്കേൽക്കുന്നത്. തുടർച്ചയായി മത്സരിക്കേണ്ടിവന്നതാണ് പരിക്കേൽക്കാൻ കാരണമായതെന്ന് അജ്മലിന്റെ പരിശീലകൻ കെ. യൂസഫും സഹപരിശീലകൻ കെ.പി. ശരതും പറഞ്ഞു. എങ്കിലും കൊല്ലത്ത് 44 മീറ്റർ ജാവലിൻ എറിഞ്ഞ് നാലാംസ്ഥാനം നേടി.
പരിക്കേറ്റെങ്കിലും ജില്ലാ കായികമേളയിൽ മത്സരിക്കാതിരിക്കാൻ അജ്മലിന് മനസുവന്നില്ല. തന്റെ വ്യക്തിഗത മികച്ച ദൂരമായ 44.88 മീറ്റർ എറിഞ്ഞാണ് രണ്ടാംസ്ഥാനം നേടിയത്. ഷോട്ട്പുട്ട് മത്സരത്തിലും പങ്കെടുക്കേണ്ടതുണ്ടെങ്കിലും പരിക്ക് ഗുരുതരമാകുമെന്ന ഭയത്താൽ അജ്മൽ പിന്മാറി. കഴിഞ്ഞവർഷം ജൂനിയർ അത്ലറ്റിക് മീറ്റിൽ സംസ്ഥാനത്ത് മൂന്നാംസ്ഥാനം നേടിയിരുന്നു. ഈ വർഷം ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ചു. മുജീബ് റഹ്്മാൻ-ബിയുട്ടി ദന്പതികളുടെ മകനാണ്. ഷഹ്ന റഹ്മാൻ, ഷഫ്ന റഹ്മാൻ എന്നിവരാണ് സഹോദരങ്ങൾ.
District News
പാലക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയ്ക്കുവേണ്ടി തുടർച്ചയായി മൂന്നാംതവണയും സ്വർണം നേടാനൊരുങ്ങി അഭിഷേക്.
സീനിയർ ആണ്കുട്ടികളുടെ ജാവലിനിലാണ് ജില്ലാ കായികമേളയിൽ തുടർച്ചയായ മൂന്നാംവർഷവും വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ പി.എസ്. അഭിഷേക് സ്വർണമണിഞ്ഞത്.
സംസ്ഥാനത്തും കഴിഞ്ഞ രണ്ടുതവണയും അഭിഷേകിനായിരുന്നു സ്വർണം. ഇത്തവണ 54 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് എതിരാളികളെ അഭിഷേക് ബഹുദൂരം പിന്നിലാക്കിയത്. ജൂനിയർ അത്ലറ്റിക് മീറ്റിലും സംസ്ഥാനതലത്തിൽ കഴിഞ്ഞ മൂന്നുവർഷമായി ജാവലിനിൽ ചാന്പ്യനാണ് അഭിഷേക്.
ആദ്യം ഷോട്ട്പുട്ട് കരിയറായി തുടങ്ങിയെങ്കിലും ജാവലിനാണ് തന്റെ ഇനമെന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു.
സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായ കെ. അരവിന്ദാണ് പരിശീലകൻ. മായന്നൂർ ചിറങ്കര സ്വദേശിയും വെൽഡിംഗ് തൊഴിലാളിയുമായ പി.എം. സുനിലിന്റെയും ഒ. ശാരികയുടെയും മകനാണ് അഭിഷേക്. സഹോദരി അലീന.
District News
അഗളി: കഴിഞ്ഞദിവസം അട്ടപ്പാടിയിൽ തകർത്തു പെയ്ത പേമാരിയിൽ എൺപതോളം വീടുകൾക്കു കേടുപാടുകളുണ്ടായതായി ബന്ധപ്പെട്ട ജനപ്രതിനിധികൾ അറിയിച്ചു. അഗളി പഞ്ചായത്തിൽ മുപ്പതും ഷോളയൂർ പഞ്ചായത്തിൽ അന്പതും വീടുകളിലാണ് നാശനഷ്ടമുണ്ടായത്.
കൂടുതൽ വീടുകളുടെയും പിൻഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. കുത്തൊഴുക്കിൽപ്പെട്ടും മണ്ണിടിഞ്ഞും നിരവധി കൾവർട്ടുകൾ തകരുകയും ഓടകൾ മൂടുകയും ചെയ്തിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് റോഡിലെ മണ്ണും മറ്റു തടസങ്ങളും നീക്കി.
ശിർവാണിപ്പുഴക്ക് കുറുകെ നൂറേക്കറിലേക്കുള്ള പാലത്തിലെ തടസങ്ങൾ മാറ്റി വാഹന ഗതാഗതയോഗ്യമാക്കി. ഷോളയൂരിൽ ഡക്കയ്യൻ കോളനിയും മരുതൻചാള ഊരും ഒറ്റപ്പെട്ട നിലയിലാണന്ന് പഞ്ചായത്ത് അംഗം സിജി ജോസഫ് പറഞ്ഞു.
ഊരുവാസികൾക്ക് ഷോളയൂർ ജംഗ്ഷനിലെത്താൻ പത്തുകിലോമീറ്റർ കാൽനട വേണം. റോഡും ഉന്നതിയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, റവന്യൂ- കെഎസ്ഇബി ഉൾപ്പെടെയുള്ള വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും നാട്ടുകാരും പ്രതിസന്ധികൾ മറികടക്കാൻ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
District News
വടക്കഞ്ചേരി:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വടക്കഞ്ചേരി ഫയർ ആൻഡ് റെസ്ക്യു സിവിൽ ഡിഫൻസിന്റെ ആഭിമുഖ്യത്തിൽകടപ്പാറ, തളികക്കല്ല് വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
വടക്കഞ്ചേരി സ്റ്റേഷൻ ഓഫീസർ പ്രദീപ്, എസ്ടിഒ ചന്ദ്രകാന്ത്, സിവിൽ ഡിഫൻസ് കോ- ഓർഡിനേറ്റർമാരായ ഒ. രമേഷ്, ഒ. ശ്രീജിത്ത്, പോസ്റ്റ് വാർഡൻ എൻ.എസ്. ഫാരിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
District News
പാലക്കാട്: കാശ്മീരിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത് മടങ്ങിയെത്തിയ താരങ്ങൾക്ക് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം സ്വീകരണം നൽകി.
ജില്ലാ ആം റസ്ലിംഗ് അസോസിയേഷൻ, ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ റണ്ണർഅപ്പായ ടീമംഗങ്ങളെ ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ് പുരസ്കാരം നൽകി ആദരിച്ചു.
പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
ദേശീയ റഫറി എം.ഡി. റാഫേൽ, എം. സുബൈർ, സൗമ്യ തൃശൂർ, സിദ്ദിഖ് ഇരുപ്പശേരി, ഷെറീഫ് പാലക്കാട് എന്നിവർ പ്രസംഗിച്ചു.
District News
കോയമ്പത്തൂർ: ലോക അധ്യാപക ദിനത്തിൽ അധ്യാപകർക്കായി വമ്പൻ ആദരമൊരുക്കി കോയമ്പത്തൂർ കാരുണ്യ സർവകലാശാല വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (യുകെ) ഇടംനേടി. 7,000 വിദ്യാർഥികൾ ഒരുമിച്ച് അണിനിരന്നാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ഇതോടൊപ്പം പ്രത്യേകമായി തയാറാക്കിയ പ്രശംസാ കാർഡുകളിൽ 60 സെക്കൻഡിനുള്ളിൽ വിദ്യാർഥികൾ ഒപ്പുവച്ച് അധ്യാപകരോടുള്ള തങ്ങളുടെ സ്നേഹവും ആദരവും പ്രകടിപ്പിച്ചു.
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ചാർട്ടേഡ് ഓഫീസർ അങ്കിത ഷാ കാരുണ്യ സർവകലാശാല അധികൃതർക്ക് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി.
വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിന്റെ മികച്ച അടിത്തറയാണ് സർവകലാശാലയുടെ വിജയമെന്നും നാൽപതാം വാർഷികത്തിൽ തേടിയെത്തിയ അംഗീകാരം മികച്ചതാണെന്നും ചാൻസലറും സ്ഥാപകനുമായ ഡോ. പോൾ ദിനകരൻ പറഞ്ഞു. കാരുണ്യ സർവകലാശാല, റോട്ടറാക്ട് ക്ലബ്ബ്, എൻഎസ്എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
District News
അഗളി: രാമപുരം മാർ ആഗസ്തിനോസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എംഎസ്ഡബ്ല്യു, ബിഎസ്ഡബ്ല്യു വിദ്യാർഥികൾക്കായി അഗളിയിൽ സംഘടിപ്പിച്ച ഗ്രാമിക പഞ്ചദിന സഹവാസ ക്യാന്പിന്റെ ഭാഗമായി ഗായിക നഞ്ചിയമ്മയെ സന്ദർശിച്ചു. നഞ്ചിയമ്മയുമായി വിദ്യാർഥികൾ സംവദിച്ചു.
ആദിവാസി കലയും സംസ്കാരവും സംഗീതാനുഭവങ്ങളും വിദ്യാർഥികൾ നഞ്ചിയമ്മയിൽ നിന്ന് നേരിട്ട് മനസിലാക്കി. ക്യാന്പിന്റെ ഭാഗമായി സംഘടിപ്പിച്ച സന്ദർശനം വിദ്യാർഥികൾക്ക് വ്യത്യസ്തമായ അനുഭവമായി.
District News
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മുണ്ടക്കുന്ന് ഹോളിഫാമിലി കോണ്വന്റ് യുപി സ്കൂളിലുമായി നടന്ന മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.
ഓവറോൾ പോയിന്റ് നിലയിൽ 876 പോയിന്റ് നേടിയ പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. 667 പോയിന്റോടെ ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ്പ് രണ്ടാം സ്ഥാനവും 585 പോയിന്റുമായി ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ എടത്തനാട്ടുകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ മേളകളിൽ വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാലയങ്ങളെ അനുമോദിച്ചു. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
സമാപനസമ്മേളനം അഡ്വ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
District News
അഗളി: കൃഷിയിൽ പ്രതീക്ഷയർപ്പിച്ചു മുന്നോട്ടുവന്ന നവകർഷകനെ വരവേറ്റത് കൊടിയ നഷ്ടം. താവളം കൂക്കംപാളയത്തെ ഷാജി കുമാറിനാണ് വാനരശല്യത്തിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടമായത്. ആയിരത്തോളം കപ്പയും മറ്റു പച്ചക്കറികളുമാണ് കുരങ്ങുകൾ തകർത്തെറിഞ്ഞത്.
സംരക്ഷണവലയം തീർത്ത് കഷ്ടപ്പെട്ടു നട്ടുനനച്ചു വളർത്തിയ കൃഷികൾ ഇത്തരത്തിൽ നശിപ്പിക്കപ്പെടുമ്പോഴാണ് കാർഷികരംഗത്തുനിന്ന് കർഷകർ പിന്മാറുന്നത്.
വന്യമൃഗങ്ങളും പക്ഷികളുമെല്ലാം കർഷകന് അപകടകാരികളാണെങ്കിലും ഏറ്റവും നാശകാരിയാകുന്നത് കുരങ്ങുകളാണെന്ന് കർഷകർ പറഞ്ഞു. എല്ലാതരം കൃഷികളും കുരങ്ങുകൾ തല്ലി തകർക്കുന്നുഎന്നതാണ് പ്രത്യേകത.
തേങ്ങ പോലും പറിക്കാനാകാത്ത തെങ്ങിൻതോട്ടം അട്ടപ്പാടിയിലുണ്ട്. ഏലം, ഇഞ്ചി തുടങ്ങിയ കൃഷികൾ കീറിനശിപ്പിക്കുകയാണ് ചെയ്യുന്നത്. അടയ്ക്ക, ജാതി, കൊക്കോ, കാപ്പി തുടങ്ങി എല്ലാത്തരം കായവർഗങ്ങളും കുരങ്ങുകൾ വ്യാപകമായി പറിച്ചു നശിപ്പിക്കുന്നു.
മരത്തിലൂടെ ഊർന്നിറങ്ങിയാണ് കുരുമുളക് ചെടികൾ നശിപ്പിക്കുന്നത്. ഒരുതരത്തിലുള്ള പച്ചക്കറികളും വളരാൻ അനുവദിക്കില്ല. വീടുകയറിയുള്ള അക്രമവും കുരങ്ങുകൾ പതിവാക്കിയിട്ടുണ്ട്. വീടിനു മുകളിൽ കയറി ഓട് ഇളക്കി എറിഞ്ഞും വീടിനുള്ളിൽ ഭക്ഷണപാത്രങ്ങളും വസ്ത്രങ്ങളും വലിച്ചെറിഞ്ഞും ഹോസുകൾ കടിച്ചു പൊട്ടിച്ചും നാശം വിതയ്ക്കുന്നു.
പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്ന സ്വഭാവവും കുരങ്ങുകൾക്കുണ്ട്. മുൻവർഷങ്ങളിലൊന്നും എത്തിപ്പെടാത്ത എല്ലാ കൃഷിയിടങ്ങളിലേക്കും ഇപ്പോൾ കുരങ്ങുകൾ എത്തിക്കഴിഞ്ഞു. വന്യമൃഗശല്യം നിമിത്തം ബഹുഭൂരിപക്ഷംപേരും അട്ടപ്പാടിയിൽ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
District News
പാലക്കാട്: ലോക കാഴ്ചദിനം 2026 ന്റെ ഭാഗമായി നേത്രാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഒഴിവാക്കാവുന്ന അന്ധത തടയുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പാലക്കാട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണ വാക്കത്തണും ഫ്ളാഷ് മോബും സംഘടിപ്പിച്ചു.
കേരള പൊലിസിന്റെ തൂഫാൻ, പാലക്കാട് പിഎംജി സ്കൂൾ, മോയൻ എച്ച്എസ്എസ്, കണ്ണാടി ജിഎച്ച്എസ്എസ് എന്നിവയുടെ എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പാലക്കാട് ടൗണ് നോർത്ത് പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിരണ് വാക്കത്തണ് ഫ്ളാഗ് ഓഫ് ചെയ്തു. ട്രിനിറ്റി ഹെൽത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. സുനിൽ ശ്രീധർ, ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. മൃദുല സുനിൽ, ഡോ. രമ വേണുഗോപാൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ.എം. ജാസ്മിൻ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.സി. ശ്രീനാഥ്, ജനറൽ മാനേജർ ബിജു ബാലചന്ദ്രൻ, അസിസ്റ്റന്റ് ജനറൽ മാനേജർമാരായ പ്രദീപ് ബാലകൃഷ്ണൻ, വിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാലക്കാട് മണലി ജംഗ്ഷനിലെ കണ്ണാശുപത്രിയിൽ നിന്ന് ആരംഭിച്ച വാക്കത്തോണ് സ്റ്റേഡിയം ബസ് സ്റ്റാൻഡ്, സുൽത്താൻപേട്ട ജംഗ്ഷൻ, കൊപ്പം ജംഗ്ഷൻ, കോഴിക്കോട് ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ആശുപത്രിയിൽ സമാപിച്ചു. വിവിധ സ്കൂളുകളിലെ എൻഎസ്എസ് വോളന്റിയർമാർ, അധ്യാപകർ, ഡോക്ടർമാർ, ആശുപത്രിയിലെ മാർക്കറ്റിംഗ് ടീം അംഗങ്ങൾ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വാക്കത്തണിന്റെ ഭാഗമായി പാലക്കാട് പിഎംജി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്ളാഷ് മോബും സംടിപ്പിച്ചു. കാഴ്ച സംരക്ഷിക്കാം, അന്ധത തടയാം എന്ന സന്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
District News
മംഗലംഡാം: മംഗലംഡാം റിസർവോയറിൽ കടത്തുവഞ്ചി തടഞ്ഞുള്ള ഇറിഗേഷൻ വകുപ്പിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായി. ഡാമിന്റെ മറുകരയായ അട്ടവാടി പ്രദേശത്തെ വീട്ടുകാരുടെ ഏക ആശ്രയമാണ് കടത്തുവഞ്ചി.
അതല്ലെങ്കിൽ ഡാമിൽനിന്ന് രണ്ടാംപുഴ വഴി പത്തിലേറെ കിലോമീറ്റർ കാൽനടയായി ചുറ്റിക്കറങ്ങി സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലൂടെ വേണം വീടുകളിലെത്താൻ. മംഗലംഡാം റിസർവോയർ പ്രാവർത്തികമായതു മുതൽ കടത്തുവഞ്ചിയിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്.
എന്നാൽ കടത്തുവഞ്ചിയുടെ ലൈസൻസ് പുതുക്കി കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണുള്ളത്.
ഇതിനിടെയാണ് വഞ്ചി സർവീസ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളതെന്ന് പഞ്ചായത്ത് മെംബർ ഷാജു പുളിക്കൽ പറഞ്ഞു. മറുകരയിലുള്ള സ്കൂൾ കുട്ടികളടക്കം കടത്തുവഞ്ചികളിലാണ് സ്കൂളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും.
ആറ് പതിറ്റാണ്ടിലേറെയായി ഇല്ലാത്ത നിയമങ്ങളും പേടിപ്പെടുത്തലുകളും വഴി യാത്രമാർഗം ഇല്ലാതാക്കിയാൽ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുമെന്ന് പ്രദേശവാസികൾ പറഞ്ഞു. യാത്രാമാർഗം തടയുന്നവർ ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
District News
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് 14-ാം വാർഡിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെംബർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.
വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം മുഖ്യാതിഥിയായി. വെള്ളരിക്കുണ്ട് സ്റ്റേഷനിലെ സിപിഒ സഞ്ജയ് പദ്ധതി വിശദീകരിച്ചു. ഫാ.ഡോ. സന്തോഷ് പീറ്റർ, കൃഷി ഓഫീസർ നിഖിൽ നാരായണൻ, എഎസ്ഐ സുരേശൻ, എം. മധു, യു.പി. രാകേഷ്, ജോണി തോമസ് എന്നിവർ പ്രസംഗിച്ചു. സെന്റ് ജുഡ്സ് സ്കൂളിലെ വിദ്യാർഥികളും ഗ്രാമസഭയിൽ പങ്കാളികളായി.
District News
കാഞ്ഞങ്ങാട്: കഥ ജീവിതത്തെ തൊട്ടറിയാനുള്ള മാര്ഗമാണെന്നും അതു കാലത്തെ അതിജീവിക്കുമെന്നും കഥാകൃത്ത് തന്നിലേക്ക് തന്നെ നോക്കിയാണ് എഴുതേണ്ടതെന്നും കഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്.
കണ്ണൂര് സര്വകലാശാല വിദ്യാര്ഥികള്ക്കായി പടന്നക്കാട് നെഹ്റു ആര്ട്സ് ആന്ഡ് സയന്സ് കോളജ് സാഹിത്യവേദിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന കഥാഗതം ദ്വിദിന കഥാക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്സിപ്പല് ഡോ. പി.വി. റീജ അധ്യക്ഷതവഹിച്ചു.
സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.പി. ഷീജ, വൈസ് പ്രസിഡന്റ് ഡോ. ധന്യ കീപ്പേരി, ഡോ.കെ. ഉദയ, പി.വി. ജിതിന്, പി. അപര്ണ, സഹല യാസ്മിന്, പി.യു. മിഥുന് എന്നിവര് സംസാരിച്ചു. വിവിധ സെഷനുകളിലായി അംബികാസുതന് മാങ്ങാട്, വി.എം. മൃദുല്, കെ.എസ്. ആര്ദ്ര, എം.വി. രഞ്ജു, വി. സുരേഷ്കുമാര്, ഹരീഷ് പന്തക്കല്, ബേബി കാര്ത്തിക, അമ്പുരാജ്, സീതാദേവി കരിയാട്ട്, നാരായണന് അമ്പലത്തറ എന്നിവര് സംസാരിച്ചു.
District News
കാഞ്ഞങ്ങാട്: ജെസിഐ ഇന്ത്യ സോണ് 19 സംഘടിപ്പിക്കുന്ന എക്സോറ 2026 ബിസിനസ് എക്സ്പോ കാഞ്ഞങ്ങാട് രാജ് റെസിഡന്സി ഗ്രൗണ്ടില് രാജ്മോഹന് ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു.
സോണ് 19 പ്രസിഡന്റ് എന്. അരുണ് പ്രഭു അധ്യക്ഷതവഹിച്ചു. എ.വി. വാമനകുമാര്, വാര്ഡ് കൗണ്സിലര് സൗമ്യ സുനില് എന്നിവര് സംസാരിച്ചു. സോണ് ഡയറക്ടര് (മാനേജ്മെന്റ്) മുഹമ്മദ് ജെബ്രൂദ് സ്വാഗതവും സോണ് സെക്രട്ടറി ഡോ. നിതാന്ത് ബാല്ശ്യാം നന്ദിയും പറഞ്ഞു. തുടര്ന്ന് ഉറുമി ബാന്ഡിന്റെ സംഗീത പരിപാടി അരങ്ങേറി. നിരവധി സ്റ്റാളുകളിലായി ബിസിനസ് എക്സ്പോ, ബിസിനസ് കോണ്ക്ലേവ്, ഫുഡ് കോര്ട്ട്, അമ്യൂസ്മെന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല് രാത്രി 10 വരെയാണ് എക്സ്പോയുടെ പ്രവര്ത്തന സമയം.
വൈകുന്നേരം ഏഴുമുതല് രാത്രി വരെ സംഗീതപരിപാടി അരങ്ങേറും. ഇന്ന് ഇല്ലം ബാന്ഡ്, നാളെ ഡിജെ സന, സിത്താര എന്നിവരുടെ സംഗീതപരിപാടികള് ഉണ്ടാകും. എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സംഗീത പരിപാടികള്ക്ക് പാസ് മൂലമായിരിക്കും പ്രവേശനം.
District News
കാസര്ഗോഡ്: കാസര്ഗോഡ്-തലപ്പാടി ദേശീയപാതയില് ഒരേസമയം നാലു വാഹനങ്ങള് അപകടത്തില്പ്പെട്ടു. ഇന്നലെ പുലര്ച്ചെ 2.30ഓടെ കല്ലങ്കൈയിലെ മൊഗ്രാല്പുത്തൂര് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് അപകടമുണ്ടായത്. റോഡിന്റെ സംരക്ഷണഭിത്തിയില് ഇടിച്ചതിനെ തുടര്ന്ന് തൊട്ടുപുറകില് ഉണ്ടായിരുന്ന ലോറി കാറില് ഇടിച്ചു. ഇതിന്റെ പുറകില് ഉണ്ടായിരുന്ന മൂകാംബികയിലേക്ക് പോകുകയായിരുന്ന ബസ് ലോറിയില് ഇടിച്ചു.
ബസിന്റെ ചില്ലുകള് പൊട്ടി റോഡില് ചിതറി വീണു. ആ സമയത്ത് അതിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനാല് നിയന്ത്രണം വിട്ടു ചില്ലുകളിലേക്ക് മറിയുകയും യാത്രക്കാരനായ ഒരാള്ക്ക് പരിക്കേല്ക്കുകയും ചെയ്തു. കാസര്ഗോഡ് അഗ്നിരക്ഷാ നിലയത്തില് നിന്നും ആക്സിഡന്റ് റെസ്ക്യൂ ടെണ്ടര് വാഹനം എത്തുകയും ചില്ലുകള് നീക്കാന് തുടങ്ങുകയും കൂടാതെ ഒരു യൂണിറ്റ് വാഹനം കൂടി എത്തി വെള്ളം ചീറ്റിച്ച് പൊട്ടിയ ചില്ലുകള് റോഡ് സൈഡിലേക്ക് നീക്കം ചെയ്തു. ഇടിച്ച ബസില് ഉണ്ടായിരുന്ന യാത്രക്കാര്ക്ക് ബസിന്റെ മുന്വശ വാതിലിലൂടെ പുറത്തിറങ്ങാന് സാധിക്കാത്തതിനാല് അഗ്നിരക്ഷാ സേനയുടെ ഏണി വെച്ചു എമര്ജൻസി ഡോറിലൂടെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.
District News
തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുന്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും.
കഴിഞ്ഞ രണ്ടു ദിവസമായി ദിവസമായി 16 വേദികളിൽ അരങ്ങേറിയ കലാമത്സരങ്ങളിൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ 79 വിദ്യാലയങ്ങളിൽനിന്നായി 5,000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. നൃത്തച്ചുവടുകളും സംഗീതത്തിന്റെ മാധുര്യവും അഭിനയമികവും സർഗാത്മകതയുടെ നേർക്കാഴ്ചയുമായി വിദ്യാർഥികൾ
വേദികൾ കീഴടക്കി. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്യും. സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായി പങ്കെടുക്കും.
മൂവാറ്റുപുഴ നിർമലയുടെ തേരോട്ടം
തൊടുപുഴ: സെൻട്രൽ കേരള സഹോദയ കലോത്സവത്തിൽ നാല് കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഓവറോൾ കിരീടത്തിനായി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളും വാഴക്കുളം കാർമൽ പബ്ലിക് സ്കൂളും വാശിയേറിയ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. ഇന്നലെ വൈകുന്നേരം ആറിന് പുറത്തു വന്ന മത്സര ഫലങ്ങൾ അനുസരിച്ച് മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിന് 627 പോയിന്റും വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിന് 576 പോയിന്റുമാണ് ലഭിച്ചിരിക്കുന്നത്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ 476 പോയിന്റുമായി മൂന്നാം സ്ഥാനത്തും തൊടുപുഴ വിമല പബ്ലിക് സ്കൂൾ 475 പോയിന്റുമായി തൊട്ടുപിന്നിലുമുണ്ട്. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ, തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ എന്നിവരും ശക്തമായി മത്സര രംഗത്തുണ്ട്.
നേട്ടം കൊയ്ത് ഋതിയും ഋതുബാലയും
തൊടുപുഴ: നൃത്തത്തോടുള്ള ഇഷ്ടവും കഠിനപരിശീലനവും വിജയത്തിലേക്ക് നയിച്ചപ്പോൾ ഗുരുവിന്റെ ശിക്ഷണത്തിൽ ഒരുമിച്ച് നൃത്തം അഭ്യസിക്കുന്ന രണ്ട് പ്രതിഭകൾക്ക് ഇരട്ടനേട്ടം.
മോഹിനിയാട്ടത്തിലും കുച്ചിപ്പുഡിയിലും ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി സെൻട്രൽ കേരള സഹോദയ കലോത്സവത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് ഋതി മേനോനും ഋതുബാല എൻ. നായരും കാഴ്ചവച്ചത്. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ ഋതി മേനോൻ കാറ്റഗറി 3 മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും കാറ്റഗറി 3 കുച്ചുപ്പുടിയിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയപ്പോൾ, കനാഡിയൻ സെൻട്രൽ സ്കൂളിലെ ഋതുബാല എൻ. നായർ കാറ്റഗറി 3 കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും കാറ്റഗറി 3 മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും നേടി.
കലാമണ്ഡലം അഞ്ജലി സുനിലിന്റെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നേടുന്നത്.
District News
കൂത്താട്ടുകുളം: വിദ്യാർഥികൾക്കും അധ്യാപകർക്കും ഹൃദയത്തിനും മനസിനും അറിവും ആശ്വാസവും പരിചരണവും സമ്മാനിച്ച് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ദേവമാതാ ഹാർട്ട് മിഷൻ പദ്ധതി. ദേവമാതാ ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഹൃദയാരോഗ്യം സംബന്ധിച്ച സെമിനാർ നടത്തിയത്. ജീവൻ രക്ഷാ പ്രവർത്തനപരിശീലനത്തിന്റെ ഭാഗമായി സിപിആർ പരിശീലനവും വിദ്യാർഥികൾക്ക് നൽകി. മാനസിക ആരോഗ്യദിനാചരണത്തോടനുബന്ധിച്ച് തെറാപ്പികളും സെമിനാറും നടത്തി.
ദേവമാതാ ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി സിസ്റ്റർ ഡോ. അൽഫോൻസ് ഹൃദയാരോഗ്യ സെമിനാറിന് നേതൃത്വം നൽകി. മാനസിക ആരോഗ്യം സംബന്ധിച്ച് ദേവമാതാ ആശുപത്രി സൈക്കോളജി വിഭാഗത്തിലെ സിസ്റ്റർ ഗ്രേസ് ക്ലാസ് നയിച്ചു. സിപിആർ പരിശീലനത്തിന് ജയദേവൻ നേതൃത്വം നൽകി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സ്നോബി ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ശൗര്യാംകുഴിയിൽ അധ്യക്ഷത വഹിച്ചു. വിൻസൺ മാത്യു, ജൂഡ് ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നഗരത്തിലെ അനധികൃത കൈയേറ്റങ്ങള് ഒഴിപ്പിക്കും. മാത്യു കുഴല്നാടന് എംഎല്എ വിളിച്ചു ചേര്ത്ത ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പെരുമറ്റം, വെള്ളൂര്ക്കുന്നം, നെഹ്റു പാര്ക്ക് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന റോഡിലെ അനധികൃത പാര്ക്കിംഗും നിയന്ത്രിക്കും. യൂറോപ്യന് മാര്ക്കറ്റ് പരിസരത്ത് അന്തര് സംസ്ഥാന ലോറികള് അനധികൃതമായി പാര്ക്ക് ചെയ്യുന്നത് വലിയ കുരുക്കിന് കാരണമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഐടിആര് ജംഗ്ഷന്, വെള്ളൂര്ക്കുന്നം എന്നിവിടങ്ങളിലും വാഹനങ്ങള് അനാവശ്യമായി പാര്ക്ക് ചെയ്യുന്നുണ്ട്. എംസി റോഡിന്റെ ഒരു വശം പൂര്ണമായും ഇത്തരം വലിയ വാഹനങ്ങള് കൈയടക്കുന്നത് ഒഴിവാക്കാന് കര്ശനമായ നടപടികള് സ്വീകരിക്കും.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും കാല്നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൂവാറ്റുപുഴ നഗരത്തിലെ പ്രധാനപ്പെട്ട കവലകളിലും റോഡുകളിലും സീബ്ര ലൈനുകള് കൃത്യമായി വരയ്ക്കും. രാത്രി കാലങ്ങളിലും മഴയത്തും വ്യക്തമായി കാണാന് സാധിക്കുന്ന തെര്മോ പ്ലാസ്റ്റിക് റിഫ്ളക്ടീവ് പോയിന്റുകള് ഉപയോഗിച്ചാണ് സീബ്ര ലൈനുകള് മാര്ക്ക് ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ദിശ ബോര്ഡുകള് സ്ഥാപിക്കും.
കോട്ടയത്ത് നിന്നും എറണാകുളം, ആലുവ, പെരുമ്പാവൂര്, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള് എംസി റോഡില് ഈസ്റ്റ് മാറാടിയില് നിന്ന് കായനാട് ഊരമനയിലൂടെ പെരുവുംമുഴി വഴി ദേശീയ പാതയിലേക്ക് കടക്കണം. പെരുമ്പാവൂരില് നിന്ന് വരുന്ന വാഹനങ്ങള് വാഴപ്പിള്ളിയില് നിന്ന് ജനശക്തി ഇഇസി മാര്ക്കറ്റ് റോഡ് വഴി ടൗണില് പ്രവേശിക്കണം. ഇത് ട്രാഫിക് വിഭാഗവും മോട്ടോര് വെഹിക്കില് വകുപ്പും പൊതുമരാമത്ത് വകുപ്പും പരിശോധിച്ച് റിപ്പോര്ട്ട് തയാറാക്കി നല്കിയതിന് ശേഷം ഉന്നത തല യോഗം അന്തിമ തീരുമാനമെടുക്കും. അനധികൃത ബസ് സ്റ്റോപ്പുകള് ഒഴിവാക്കും. നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക സ്റ്റോപ്പുകളില് അല്ലാതെ ജംഗ്ഷനുകളുടെ മധ്യത്തിലോ തിരിവുകളിലോ ബസുകള് നിര്ത്തുന്നത് കര്ശനമായി നിയന്തരിക്കും. അനധികൃത ബസ സ്റ്റോപ്പുകള് ഒഴിവാക്കുന്നത് വലിയ തോതില് ഗതാഗതക്കുരുക്ക് ഒഴിവാക്കാന് സഹായിക്കും. മാത്യു കുഴല്നാടന് എംഎല്എ യോഗത്തില് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ രജിത സുധാകരന്, ജോജി ജോസ്, ഷാന്റി എബ്രഹാം, ആര്ഡിഒ വി.ഇ. അബ്ബാസ്, ഡിവൈഎസ്പി കെ.ആര്. മനോജ്, പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എന്ജിനീയര് കെ.കെ. ഷാമോന്, മെയിന്റനന്സ് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനീയര് കെ.എന്. രാജേഷ്, ജോയിന്റ് ആര്ടിഒ ടി.എച്ച്. എല്ദോ, ട്രാഫിക് വിഭാഗം സബ് ഇന്സ്പെക്ടര് എസ്. ശിവകുമാര്, ഫയര് റെസ്ക്യൂ സ്റ്റേഷന് ഓഫിസര് കെ.എന്. സതീശന്, കെഎസ്ആര്ടിസി എടിഒ ഷാജി കുര്യാക്കോസ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനിയര് ജൂലിന് ജോസ്, കെആര്എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനിയര് പോള് തോംസണ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
District News
കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായുള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പതാക പ്രയാണം.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട് ഏറ്റുവാങ്ങിയ പതാക, രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെയ്ക്ക് കൈമാറി. രൂപത ചാൻസിലർ ഫാ. ഡോ. ജോസ് കുളത്തൂർ, കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജിയോ ചെമ്പരത്തി, കത്തീഡ്രൽ വികാരി ഫാ. ഡോ . മാത്യു കൊച്ചുപുരയ്ക്കൽ, മുൻ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് തോമസ് പുതുക്കുന്നത്ത്, ജോർജ് കുര്യാക്കോസ് ഓലിയപ്പുറം, ബേബിച്ചൻ നിധീരിയ്ക്കൽ എന്നിവർ പതാക പ്രയാണത്തെ സ്വീകരിച്ചു .
ഫാ. മാത്യു മറ്റപ്പിള്ളിൽ ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഫാ. തോമസ് മക്കോളിൽ, രൂപത വൈസ് പ്രസിഡന്റ് അഡ്വ. യു.വി. ചാക്കോ, സെക്രട്ടറിമാരായ ഷൈജു ഇഞ്ചയ്ക്കൽ, ആന്റണി പുല്ലൻ, ജോർജ് മങ്ങാട്ട്, അബി മാത്യു കാഞ്ഞിരപ്പാറയിൽ, ഫൊറോന പ്രസിഡന്റ് ബിജു വെട്ടിക്കുഴ, സനൽ പാറങ്കിമാലിൽ, സെക്രട്ടറി സോണി പാമ്പയ്ക്കൽ, ജോയി ഉണിച്ചന്തയിൽ, ജോർജ് അമ്പാട്ട്, ടീന മാത്യു എന്നിവർ നേതൃത്വം നൽകി.
District News
കോലഞ്ചേരി: വേനൽ കടുക്കുന്നതിന് മുമ്പ് കുന്നത്തുനാട്ടിലെ കർഷകർക്കും ജനങ്ങൾക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനായി പെരിയാർവാലി കനാൽ ശൃംഖലയിൽ ശുചീകരണവും അറ്റകുറ്റപ്പണികളും അടിയന്തരമായി പൂർത്തിയാക്കാൻ നടപടി. നവംബർ 25ന് പരീക്ഷണ നീരൊഴുക്ക് നടത്താനും ഡിസംബർ ഒന്നിന് ജലവിതരണം ആരംഭിക്കാനും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന കനാൽ ഉപദേശക സമിതി യോഗം തീരുമാനിച്ചു.
കനാൽ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി അഞ്ച് കോടി രൂപ വീതം 10 കോടി രൂപയുടെ അധിക നിർദ്ദേശം സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി. കുന്നത്തുനാട്ടിലെ പെരിയാർവാലി കനാലുകളുടെ നിലവിലെ സ്ഥിതിയും ജലവിതരണത്തിന് തടസമാകുന്ന പ്രശ്നങ്ങളും യോഗത്തിൽ വിശദമായി വിലയിരുത്തി. ഏകദേശം 200 കിലോമീറ്ററോളം വരുന്ന കനാൽ ശൃംഖലയിൽ പല ഭാഗങ്ങളിലും കാടുമൂടിയതും ചെളിയടിഞ്ഞതുമായ അവസ്ഥയാണ്. ചിലയിടങ്ങളിൽ ചോർച്ചയും കനാൽ തകർച്ചയും മൂലം വെള്ളം സുഗമമായി ഒഴുകുന്നതിന് തടസങ്ങളുമുണ്ട്. ഇത്തരം ഭാഗങ്ങളിൽ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
കനാൽ ശുചീകരണത്തിനും ചെളി നീക്കം ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടും സാധ്യമായ മറ്റ് പദ്ധതികളും പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാനും തീരുമാനിച്ചു.
വേനൽ കടുക്കുന്നതിന് മുമ്പായി കനാലുകളുടെ ശുചീകരണവും അടിയന്തര അറ്റകുറ്റപ്പണികളും പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കനാലുകളിൽ തടസമില്ലാതെ വെള്ളമെത്തിക്കുന്നതിനായി ഇറിഗേഷൻ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ എന്നിവയുടെ ഏകോപനം ഉറപ്പാക്കും. എംഎൽഎമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത് ഷിബു തെക്കുംപുറം, മനോജ് മൂത്തേടൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
കുന്നത്തുനാട്ടിലെ കനാൽ ശൃംഖലയുടെ ദീർഘകാലപരിപാലനത്തിനും ആവശ്യമായ സാങ്കേതിക ഇടപെടലുകൾക്കും കൂടുതൽ ഫണ്ട് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഇതിന്റെ ഭാഗമായി നിർമാണ, അറ്റകുറ്റപ്പണികൾക്കായി 10 കോടി രൂപയുടെ അധിക നിർദേശം സർക്കാരിലേക്ക് സമർപ്പിക്കാൻ തീരുമാനിച്ചു.
District News
കാക്കനാട്: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രാപ്തിയുടെ 800-ാം ജൂബിലിയോടനുബന്ധിച്ച് കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ തിരുനാളിന് കൊടിയേറി. പള്ളി വികാരി ഫാ. ആന്റണി മാങ്കുറിയിൽ കൊടിയേറ്റ് നിർവഹിച്ചു.
സഹകാര്മികരായി ഫാ. സെലസ്റ്റിൻ ഇഞ്ചക്കൽ, ഫാ. പോൾ മാടൻ, ഫാ. ആന്റണി പൂതവേലിൽ, ഫാ. ജോർജ് നങ്ങച്ചിവീട്ടിൽ സന്നിഹിതരായിരുന്നു.
District News
കൊച്ചി: എറണാകുളം സെന്റ് മേരീസ് ഓര്ത്തഡോക്സ് കത്തീഡ്രല് ശതാബ്ദിയുടെ നിറവില്. 1926ല് ആരംഭിച്ച പള്ളിയുടെ ശതാബ്ദി സമാപന സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം ടൗണ്ഹാളില് നടക്കും.
കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കൂബ് മാര് ഐറേനിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
ഓര്ത്തഡോക്സ് സഭ തലവന് പരിശുദ്ധ മാര്ത്തോമ്മ മാത്യൂസ് മൂന്നാമന് കാതോലിക്കാബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ശതാബ്ദി സ്മരണികയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും ശശി തരൂര് എംപി നിര്വഹിക്കും.
കൊച്ചി മേയര് വി.കെ. മിനിമോള്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്എ, വികാരി ഫാ. ഡേവിഡ് തങ്കച്ചന്, ട്രസ്റ്റിമാരായ ഫാ. ഡോ. തോമസ് വര്ഗീസ് അമയില്, റോണി വര്ഗീസ് ഏബ്രഹാം, കെ. പൗലോസ് ജേക്കബ് എന്നിവര് പ്രസംഗിക്കും.
1922ല് എറണാകുളം ബോട്ടുജെട്ടിക്കടുത്ത് സഭാസ്നേഹികളായ ഏതാനും പേർ ചേർന്നു വാങ്ങിയ 28 സെന്റ് ഭൂമിയിലാണ് ദൈവമാതാവിന്റെ നാമത്തിൽ പള്ളി നിർമിച്ചത്. 1959 ജനുവരി 15ന് പരിശുദ്ധ ഗീവര്ഗീസ് ദ്വിതീയന് ബാവായുടെപ്രധാന കാര്മികത്വത്തില് പുതിയ പള്ളിക്കു ശിലാസ്ഥാപനം നടത്തി. 1962 ജനുവരി 14,15 തീയതികളിലായി അഞ്ചു ത്രോണോസുള്ള മദ്ബഹായും പള്ളിയും കൂദാശ ചെയ്ത് വിശുദ്ധബലി അര്പ്പിച്ചു.
1963ല് മലങ്കര സഭാ സന്ദര്ശനത്തിനെത്തിയ അര്മീനിയന് കാതോലിക്ക വസ്ക്കന് പ്രഥമന് ബാവയാണു പള്ളിയോടു ചേര്ന്നുള്ള ബഹുനിലക്കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്.
2001 മാര്ച്ച് 25നാണു പള്ളി കത്തീഡ്രലായി ഉയര്ത്തപ്പെട്ടത്. വിദ്യാഭ്യാസ, ചികിത്സാ സഹായ പദ്ധതികളും വിവിധ ജീവകാരുണ്യ സംരംഭങ്ങളും പള്ളിയുടെ നേതൃത്വത്തില് നടത്തിവരുന്നുണ്ടെന്ന് വികാരി ഫാ. ഡേവിഡ് തങ്കച്ചന്, ഫാ. റാൻസ് തോമസ് ചാക്കോ, ഏബ്രഹാം ഓലിക്കൽ, ഡോ. കെ. പൗലോസ് ജേക്കബ്, മനോജ് കുര്യാക്കോസ് എന്നിവർ അറിയിച്ചു.
District News
കാക്കനാട് : മെട്രോ റയിൽ അധികൃതരുടെ അനാസ്ഥ മൂലം തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ വീണ്ടും മലിനജലം കയറി.
ഇതോടെ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും തടസപെട്ടതായതായി ആശുപത്രി അധികൃതർ. ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ആശുപത്രിയിലേക്ക് മലിനജലം ഇരച്ചുകയറിയത്.
മോർച്ചറി, സ്കാനിംഗ്, എക്സ്-റേ മുറികൾ ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങൾ വെള്ളത്തിനടിയിലായത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി.
മാസങ്ങൾക്ക് മുമ്പും ഇവിടെ സമാനമായ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. അന്ന് ഉമ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാമെന്ന് കെഎംആർഎൽ ഉറപ്പുനൽകിയിരുന്നെങ്കിലും, ആ വാഗ്ദാനം പാലിച്ചില്ലെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.
സീപോർട്ട് – എയർപോർട്ട് റോഡിന് അടിയിലുള്ള പഴയ കലുങ്ക് തുറന്നെങ്കിലും മലിനജല ഭീഷണിക്ക് പരിഹാരമായില്ല. ആശുപത്രിക്ക് സമീപം മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമൂലം വെള്ളം ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്ന് കെഎംആർഎൽ അധികൃതർ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റിയാണ് താൽക്കാലിക പരിഹാരം കണ്ടത്. പ്രശ്നം ഏഴു ദിവസത്തിനകം പരിഹരിക്കാമെന്ന് കെഎംആർഎൽ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
മെട്രോയുടെ പൈലിംഗ് അവശിഷ്ടങ്ങളും മണ്ണും തള്ളിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. നഗരസഭയ്ക്കും ആശുപത്രിക്കും ഇടയിലുണ്ടായിരുന്ന നീരൊഴുക്ക് കാന മെട്രോ മാലിന്യങ്ങൾ വീണാണ് അടഞ്ഞുപോയത്.
മൂന്ന് മാസം മുമ്പ് കാന തുറന്നെങ്കിലും, വെള്ളം ഒഴുകിപ്പോകാൻ ശാശ്വതമായ ഒരു സംവിധാനം ഒരുക്കുന്നതിൽ കെഎംആർഎൽ പരാജയപ്പെട്ടതാണ് വീണ്ടും ദുരിതത്തിന് കാരണമായത്.
District News
ആലുവ: തുരുത്തിലെ ഇറിഗേഷൻ കനാലിലെ കൈയേറ്റം മൂലം വെള്ളം കൃഷിയിടങ്ങളിലെത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ നെൽകൃഷി ആരംഭിക്കുന്നതിനായി പമ്പ് ഹൗസിൽ നിന്നും വെളളം പമ്പ് ചെയ്തപ്പോഴാണ് അനധികൃത കൈയേറ്റം കൃഷിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
കനാലിൽ വെള്ളമൊഴുക്കില്ലാതെ വെള്ളം കവിഞ്ഞ് റോഡിലൂടെ ഒഴുകുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. തുരുത്ത് വീരഭദ്രകാളി ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ നിർമാണം നടക്കുന്ന സ്ഥലത്തേക്ക് എതാനും മാസം മുൻപ് വാഹന ഗതാഗത സൗകര്യത്തിനായി ഇറിഗേഷൻ കനാലിൽ പൈപ്പിറക്കി മണ്ണിട്ട് മൂടി റോഡ് നിർമിച്ചിരുന്നു. ഇത് പൂർവസ്ഥിതിയിലാക്കാൻ തയാറാക്കാത്തതാണ് നീരൊഴുക്കിനെ ബാധിച്ചത്.
നെൽൃഷി തുടങ്ങാനിരിക്കെ, കനത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജലസേചന വെള്ളം തടസമില്ലാതെ കനാലിലൂടെ ലഭ്യമാകുന്നതിന് വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാണ് തുരുത്ത് ഗ്രാമത്തിലെ കർഷകരുടേയും നാട്ടുകാരുടേയും ആവശ്യം.
നെൽകൃഷി , വാഴ, കപ്പ, മറ്റ് പച്ചക്കറി കൃഷികളും ഈ കനാലിലെ വെള്ളത്തെ ആശ്രയിച്ചാണിരിക്കുന്നത്. തുരുത്ത് ഗ്രാമത്തിലെ കിണറുകളിലെ കുടിവെള്ള സ്രോതസും ഈ കനാൽ വെള്ളമാണ്.
District News
അങ്കമാലി: കനത്ത മഴയും കാറ്റും ഇടിമിന്നലും മൂലം അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വ്യപക നാശനഷ്ടങ്ങൾ സംഭവിച്ചു. ദേശീയ പാതയിൽ അങ്കമാലി ടൗൺ, കറുകുറ്റി എന്നിവിടങ്ങളിൽ മഴവെള്ളം പൊന്തി രൂക്ഷമായ ഗതാഗത തടസവും നേരിട്ടു.
മരങ്ങൾ കടപുഴുകിയും മതിലുകൾ അടർന്നു വീണും വൻ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട വൈദ്യുതി സ്തംഭനവും ഉണ്ടായി. ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച ഈ പ്രകൃതി ക്ഷോഭം വൈകിട്ട് ആറ് വരെ നീണ്ടു.
വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കറുകുറ്റിയിൽ താത്കാലിക പന്തൽ തകർന്നു, ആർക്കും പരിക്കില്ല. ഡിവൈഎഫ്ഐയുടെ ഓണനിലാവ് പരിപാടിയുടെ പന്തലാണ് തകർന്നത്. പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുമൂലം യാത്ര ദുരിതപൂർണമായിരുന്നു.
തൃപ്പൂണിത്തുറ: കനത്ത മഴയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. ഇന്നലെ വൈകിട്ട് പെയ്ത മഴയാണ് റോഡുകളെ വെള്ളക്കെട്ടിലാക്കിയത്. സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം പുതിയ റോഡിന് വടക്കുഭാഗത്ത് റോഡ് വെള്ളം നിറഞ്ഞ് പുഴയായി മാറി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് വെള്ളക്കെട്ടിലൂടെ യാത്ര ചെയ്തത്.
വാഹനങ്ങളുടെ പെരുപ്പവും വെള്ളക്കെട്ടും കാരണം കാൽനടക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയായി മാറി. ഇവിടെ
ഒറ്റ മഴ പെയ്താൽ തന്നെ റോഡിൽ വെള്ളം നിറയുന്ന അവസ്ഥയാണ് നാളുകളായി നിലനിൽക്കുന്നതെന്ന് ആക്ഷേപമുണ്ട്. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് - കോൺവന്റ് റോഡ് മുഴുവനായും വെള്ളം നിറഞ്ഞ് പൊങ്ങിയതോടെ ഇവിടെ കാനയും റോഡും വേർതിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയായി. ഈ റോഡിലെ വെള്ളം ഒഴുകിപ്പോകുന്ന തോടുകൾക്ക് സമീപമുള്ള വീടുകളിലെല്ലാം മാലിന്യം നിറഞ്ഞ വെള്ളം കയറി. വടക്കേക്കോട്ട റോഡിലും വെള്ളം കയറി.
ആലുവ: ഇന്നലെ വൈകിട്ട് വീശീയ ശക്തമായ കാറ്റിലും മഴയിലും ആലുവ മേഖലയിലും വൻ നാശം. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകുകയും ശിഖരങ്ങൾ ഒടിയുകയും ചെയ്തു. വൈദ്യുതി ലൈനുകളും പൊട്ടി വീണു. ആലുവ മാർക്കറ്റ് റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം ഗുരുതേജസ് കവലയിൽ കണ്ണിപ്പറമ്പത്ത് ലൈനിൽ എടന്ന മരം കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടി. ഇടിമിന്നലിനെ തുടർന്ന്
കെഎസ്ഇബി ആലുവ ടൗൺ സെക്ഷനിലെ ഏഴ് ഫീഡറുകളിലും വൈദ്യുതി തടസമുണ്ടായി. ആലുവ നഗരത്തിൽ ആറ് മണിയോടെ വൈദ്യുതിയെത്തി. രാത്രി വൈകിയും വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എടയപ്പുറത്ത് നടക്കുകയാണ്.
District News
കൊച്ചി: പുറമേ കൗതുകമുണർത്തുന്ന കൂറ്റൻ കുതിര, ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് സൈബർ ലോകത്തെ ചതിക്കെണി. ഉപകാരപ്രദമെന്ന വ്യാജേന ഡിജിറ്റൽ ഉപകരണങ്ങളിൽ നുഴഞ്ഞുകയറി രഹസ്യവിവരങ്ങൾ ചോർത്തുന്ന ട്രോജൻ ഹോഴ്സിന്റെ ഭീഷണി തുറന്നുകാട്ടി കൊക്കൂൺ 2026-ൽ ഇ-മാലിന്യത്തിൽ തീർത്ത കൂറ്റൻ കുതിരശിൽപ്പം ശ്രദ്ധേയമാകുന്നു. കംപ്യൂട്ടർ കീബോർഡുകൾ, മദർബോർഡുകൾ, ഹാർഡ് ഡിസ്കുകൾ, ചിപ്പുകൾ തുടങ്ങി ഒരു ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങൾ ഉപയോഗിച്ച് ഒന്നരമാസത്തെ അധ്വാനത്തിൽ ഒരുക്കിയ ശിൽപം സൈബർ ഉച്ചകോടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി.
സൈബര് ലോകത്തെ ഏറ്റവും ഭയാനകമായ ഭീഷണികളിലൊന്നാണ് ട്രോജന് ഹോഴ്സ് എന്ന പേരില് അറിയപ്പെടുന്ന മാല്വെയറുകള്. പ്രസ്തുത ഡിജിറ്റല് ഭീഷണിയെ വേറിട്ടൊരു ആര്ട്ട് ഇന്സ്റ്റലേഷനിലൂടെയാണ് കൊക്കൂണ് 2026ല് അവതരിപ്പിച്ചിരിക്കുന്നത്.
കേരള പൊലിസിന്റെ സൈബര് ഡോമിന്റേയും ഇന്ഫര്മേഷന് സെക്യൂരിറ്റി റിസര്ച്ച് അസോസിയേഷന്റേയും നേതൃത്വത്തില് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈബര് സുരക്ഷാ സമ്മേളനമായ കൊക്കൂണ് 2026ലാണ് വ്യത്യസ്തമായ ഈ കലാവിഷ്കാരം ശ്രദ്ധ നേടുന്നത്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെ കലയുടെ ഭാഗമാക്കിയ ശില്പം, സൈബര് സുരക്ഷയ്ക്കൊപ്പം ഇ-മാലിന്യങ്ങളുടെ പുനരുപയോഗത്തിന്റെ പ്രാധാന്യവും ഉയര്ത്തിക്കാട്ടുന്നു.
കലാകാരന് ഡാവിഞ്ചി സുരേഷാണ് ശില്പം രൂപകല്പ്പന ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ശേഖരിച്ച ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കീബോര്ഡുകള്, മദര്ബോര്ഡുകള്, ഹാര്ഡ് ഡിസ്കുകള്, ചിപ്പുകള്, പ്രൊസസറുകള്, കേബിളുകള് എന്നിവ കൂട്ടിയിണക്കിയാണ് കൂറ്റന് കുതിരയ്ക്ക് രൂപം നല്കിയത്.
District News
കൊച്ചി: ആകാശത്തുനിന്ന് തീരത്തെ നിരീക്ഷിക്കാം, കടലിൽ കാണാതായവർക്കായി തിരച്ചിൽ നടത്താം, ജനക്കൂട്ടത്തിനിടയിലും നിരീക്ഷണം ശക്തമാക്കാം. കേരള പൊലിസിന്റെ സൈബർ ഡോം വികസിപ്പിച്ച പുതിയ ഡ്രോണിന്റെ പ്രത്യേകതകൾ നിരവധിയാണ്. 20–25 കിലോമീറ്റർ ദൂരം പറക്കാനും രണ്ടുമണിക്കൂർ വരെ തുടർച്ചയായി നിരീക്ഷണം നടത്താനും ശേഷിയുള്ള ഹൈടെക് ഡ്രോൺ കൊക്കൂൺ 2026 സൈബർ സുരക്ഷാ സമ്മേളനത്തിലെ കൗതുകക്കാഴ്ചയായി.
വിമാനത്തിന്റെ രൂപത്തിലുള്ള ഡ്രോൺ പ്രധാനമായും തീരമേഖലയിലെ നിരീക്ഷണത്തിനാണ് ഉപയോഗിക്കുക.
ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണിന് 50–75 ലക്ഷം രൂപയാണ് വില. ഹൈബ്രിഡ് വിറ്റോൾ (വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) വിഭാഗത്തിൽപ്പെടുന്ന ഡ്രോണിന് ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിയും.
തിരുവനന്തപുരം തീരത്ത് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ വിഭാഗത്തിലുള്ള ഡ്രോൺ ഉപയോഗിച്ചിരുന്നു. കടലിൽ തിരച്ചിൽ നടത്തുന്നതിനും വിശാലമായ തീരപ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും ഡ്രോണിന്റെ ശേഷി പ്രയോജനപ്പെടുത്താനാകും.
കേരള പൊലിസിന്റെ തിരുവനന്തപുരം പേരൂർക്കടയിലുള്ള ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്ററിലാണ് ഡ്രോണുകൾ നിർമിച്ചത്. ബെംഗളൂരു ആസ്ഥാനമായ ഏറോഫോയിൽ ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് വികസനം. ഒരുകാലത്ത് വിവിഐപി സുരക്ഷാ ഡ്യൂട്ടികളിൽ മാത്രം പ്രധാനമായും ഉപയോഗിച്ചിരുന്ന ഡ്രോണുകൾ ഇന്ന് വള്ളംകളി, ജനക്കൂട്ടം കൂടുതലായി എത്തുന്ന ഉത്സവങ്ങൾ തുടങ്ങിയവയുടെ നിരീക്ഷണത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ ഡോം ഉദ്യോഗസ്ഥർ പറഞ്ഞു.
District News
ആലുവ: ഗുരുതര രക്തരോഗം ബാധിച്ച രോഗിക്ക് രക്തമൂലകോശം ദാനം ചെയ്ത് മാതൃകയായി അദ്നാൻ പി. നസീഫ്. അപൂർവ ജനിതകപ്പൊരുത്തത്തിലൂടെ രോഗിക്ക് അനുയോജ്യനായ ദാതാവായി കണ്ടെത്തിയതിനെത്തുടർന്നാണ് അദ്നാൻ ദാനത്തിന് സന്നദ്ധനായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 18ന് എടത്തലയിലെ കോളജിലെ ദേശീയ സേവന പദ്ധതിയുടെ 226, 308 യൂണിറ്റുകളുടെ നേതൃത്വത്തിൽ ഡാട്രി രക്തമൂലകോശ ദാതാക്കളുടെ രജിസ്ട്രി സംഘടിപ്പിച്ച രജിസ്ട്രേഷൻ ക്യാമ്പിലാണ് അദ്നാൻ ദാതാവാകാൻ പേര് ചേർത്തത്. സാമ്പിൾ പരിശോധനയിലാണ് രോഗിയുമായി ജനിതകപ്പൊരുത്തമുണ്ടെന്ന് കണ്ടെത്തിയത്.
അനുയോജ്യനായ ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായതിനാലാണ് ഇത്തരം പൊരുത്തത്തെ ‘ദശലക്ഷത്തിൽ ഒരാൾ’ എന്ന് വിശേഷിപ്പിക്കുന്നത്. കെഎംഇഎ എൻജിനിയറിംഗ് കോളജിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാർഥിയായ അദ്നാന്റെ സേവനത്തെ കോളജ് അധികൃതർ ആദരിച്ചു.
District News
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിലെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നു പരാതി. അതിതീവ്ര പരിചരണം ആവശ്യമായ അർബുദ ബാധിതരെ പ്രവേശിപ്പിക്കുന്ന 12 കിടക്കകളുള്ള ഓങ്കോളജി ഐസിയുവിലാണ് എസി തകരാറിലായത്. കീമോതെറാപ്പിക്കു വിധേയരായവരും പ്രത്യേക പരിചരണം ആവശ്യമുള്ളവരുമാണ് ഇവിടെയുള്ളത്. രോഗത്തിന്റെ വേദനയ്ക്കു പുറമേ കനത്ത ചൂടും സഹിക്കാനാവാതെ ബുദ്ധിമുട്ടുകയാണെന്ന് രോഗികൾ പറയുന്നു.
ജനറൽ ആശുപത്രിയോടു ചേർന്നുള്ള സ്പെഷ്യാലിറ്റി കാൻസർ ബ്ലോക്കിലാണ് ഐസിയു പ്രവർത്തിക്കുന്നത്. അഞ്ചാം നിലയായതിനാൽ ചൂട് കൂടുതലാണ്. മുറിയിൽ ഫാനുകൾ പ്രവർത്തിക്കുന്നുണ്ട്. എസിയുടെ കംപ്രസർ തകരാറിലാണെന്നും സ്പെയർപാർട്സ് ലഭ്യമല്ലെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. കീമോതെറാപ്പി കഴിഞ്ഞു കൗണ്ട് കുറഞ്ഞ രോഗികളെ പ്രവേശിപ്പിക്കുന്ന മുറിയിലെ സൗകര്യങ്ങളെ സംബന്ധിച്ചും നേരത്തേ സമാനമായ പരാതി ഉയർന്നിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കുകയും ചെയ്തു. രണ്ടാഴ്ച പിന്നിട്ടിട്ടും ഓങ്കോളജി ഐസിയുവിലെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തത് അനാസ്ഥയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചു. ആരോഗ്യമേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഉയർന്നു നിൽക്കുന്ന എറണാകുളം ജനറൽ ആശുപത്രിയെ സർക്കാർ പിന്നോട്ടടിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
District News
കിഴക്കമ്പലം: കൊച്ചി മെട്രോ സഹോദയ കലോത്സവത്തിന് തിരശീല വിഴാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ എതിരാളികളെ ഏറെ പിന്നിലാക്കി തേവയ്ക്കൽ വിദ്യോദയ സ്കൂൾ ജൈത്രയാത്ര തുടരുന്നു. 606 പോയിന്റുമായി ഒന്നാമതാണ് വിദ്യോധയ. 571 പോയിന്റുമായി ആതിഥേയരായ താമരച്ചാല് സെന്റ് മേരീസ് പബ്ലിക് സ്കൂള് രണ്ടാമതുണ്ട്. 563 പോയിന്റ് വീതമുള്ള ശ്രീ ശാരദ വിദ്യാലയവും വശ്വജ്യോതി പബ്ലിക് സ്കൂളും മൂന്നും നാലും സ്ഥാനങ്ങളിലാണ്.
ക്ലാസ് അടിസ്ഥാനത്തില് അഞ്ച് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില് കാറ്റഗറി 1: ചിന്മയ വിദ്യാലയ വെസ്റ്റ് കൊച്ചി (61), കാറ്റഗറി 2: ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ (112), കാറ്റഗറി 3: വിദ്യോധയ സ്കൂൾ - 217, കാറ്റഗറി 4: വിശ്വജ്യോതി പബ്ലിക് സ്കൂൾ - 195 എന്നീ സ്കൂളുകൾ ഒന്നാമതാണ്. ഓപ്പണ് കാറ്റഗറിയിൽ 72 പോയിന്റുള്ള നൈപുണ്യ പബ്ലിക് സ്കൂളാണ് ഒന്നാമത്.
കാറ്റഗറി ഒന്ന് പെൺകുട്ടികളുടെ വിഭാഗത്തിൽ പി.എസ്. ശ്വേത (ചിന്മയ വിദ്യാലയ വെസ്റ്റ് കൊച്ചി), ആൺകുട്ടികളുടെ വിഭാഗത്തിൽ ധ്യാൻ ശ്രീകുമാർ (വിദ്യാധിരാജ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ), കാറ്റഗറി രണ്ട് പെൺകുട്ടികളുടെ വിഭാഗത്തിൽ ശ്രിയ വി. രാജീവ് (ശ്രീ നാരായണ പബ്ലിക് സ്കൂൾ പൂത്തോട്ട), ആൺകുട്ടികളുടെ വിഭാഗത്തിൽ വാസുദേവ് ശരത് (നെഗിൾ വിദ്യാഭവൻ), കാറ്റഗറി മൂന്ന് പെൺകുട്ടികളുടെ വിഭാഗത്തിൽ മെറിൻ ജിജോ (റയാൻ ഇന്റർനാഷണൽ സ്കൂൾ), ആൺകുട്ടികളുടെ വിഭാഗത്തിൽ കാർത്തിക് വിജേഷ് (വിദ്യോധയ സ്കൂൾ), കാറ്റഗറി നാല് പെൺകുട്ടികളുടെ വിഭാഗത്തിൽ ബസ്റ്റി പയസ് (സെന്റ് മേരീസ് പബ്ലിക് സ്കൂൾ), ആൺകുട്ടികളുടെ വിഭാഗത്തിൽ എം.എസ്. ദേവ് കൃഷ്ണ (വിശ്വജ്യോതി പബ്ലിക് സ്കൂൾ) എന്നിവർ വ്യക്തിഗത വിഭാഗത്തിൽ ഒന്നാമതാണ്.
കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള 72 സ്കൂളുകളില് നിന്നുള്ള കലാപ്രതിഭകളാണ് കലോത്സവത്തില് മാറ്റുരയ്ക്കുന്നത്. കലോത്സവം ഇന്ന് സമാപിക്കും.
District News
മുണ്ടക്കയം: വെളുത്ത വസ്തുക്കളോടുള്ള കടുത്ത ഇഷ്ടം കൊണ്ട് കൃഷ്ണപിള്ള ചേട്ടൻ ഇന്ന് നാട്ടിൽ അറിയപ്പെടുന്നത് വൈറ്റ് ചേട്ടൻ എന്ന പേരിൽ. ഇദ്ദേഹം ധരിക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം വെളുത്ത വസ്തുക്കൾ. മുണ്ടക്കയംകാരനല്ലെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുണ്ടക്കയത്തും സമീപം മേഖലകളുമാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം.
പത്തനംതിട്ട റാന്നി പെരുമ്പട്ടി സ്വദേശിയായ കൃഷ്ണപിള്ള ഇന്ന് മുണ്ടക്കയത്ത് അറിയപ്പെടുന്നത് വൈറ്റ് ചേട്ടൻ എന്ന പേരിലാണ്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ഇദ്ദേഹത്തിന്റെ ജീവിതവും. സർവതും വൈറ്റാണ്. ഷർട്ട്, പാന്റ്, കുട, ചെരിപ്പ്, ബെൽറ്റ് എന്നുവേണ്ട ഉപയോഗിക്കുന്നതെല്ലാം വെള്ള കളറിലുള്ളത് മാത്രം.
എന്തിന് മുഖത്ത് വച്ചിരിക്കുന്ന കണ്ണടയും ഉപയോഗിക്കുന്ന മൊബൈലും ലാപ്ടോപ്പുമെല്ലാം വെള്ള. സ്വന്തമായിയുള്ള കാറും എയ്സ് ലോറിയും വെള്ള കളറിലുള്ളത്. ഒപ്പം നരച്ച മുടിയും മീശയും. ഇതോടെയാണ് കൃഷ്ണപിള്ള നാട്ടുകാരുടെ സ്വന്തം വൈറ്റ് ചേട്ടനായി മാറിയത്.
1985 മുതൽ മൂന്ന് പതിറ്റാണ്ടായി വെള്ള കളറിനോടുള്ള സ്നേഹം തുടങ്ങിയിട്ട്. മുംബൈയിൽ ഒഎൻജിസിയിൽ ജോലിചെയ്യുന്ന കാലത്ത് വെള്ള കളറിലുള്ള വസ്ത്രം ധരിച്ചാൽ പെട്ടെന്ന് മുഷിയുമെന്ന സഹപ്രവർത്തകർ പറഞ്ഞതോടെ ഇത് തിരുത്താൻ വേണ്ടിയാണ് ആദ്യം പതിവായി വെള്ള കളറിലുള്ള ഡ്രസ് ഇട്ടുതുടങ്ങിയത്.
പിന്നീട് ഉപയോഗിക്കുന്ന വസ്തുക്കൾക്കെല്ലാം വെള്ള കളർ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് കൃഷ്ണപിള്ള പറയുന്നു. പ്ലംബിംഗ്, വയറിംഗ്, ഇന്റീരിയർ ഡെക്കറേഷൻ തുടങ്ങി കല്ലുകെട്ടിന്റെ കോൺട്രാക്ടർ ജോലി വരെ ഇദ്ദേഹം കരാർ എടുത്ത് ചെയ്യുന്നുണ്ട്. നിലവിൽ മുണ്ടക്കയം കള്ളിവയലിൽ ഗ്രൂപ്പിന്റെ ജോലികളാണ് കോൺട്രാക്ട് എടുത്ത് ചെയ്യുന്നത്. മുന്പ് കുട്ടിക്കാനം മരിയൻ കോളജിന്റെയടക്കം ഇന്റീരിയർ ഡെക്കറേഷൻ വർക്കുകളും ചെയ്തത് വൈറ്റ് ചേട്ടനാണ്. ഇദ്ദേഹത്തിന്റെ കീഴിൽ ജോലിക്കായി നിരവധി തൊഴിലാളികൾ ഉണ്ടെങ്കിലും മലയാളികളെ മാത്രമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
ഏറ്റെടുക്കുന്ന ജോലികൾ വളരെ കൃത്യമായും ഭംഗിയായും ചെയ്യുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ സേവനം പലരും ആവശ്യപ്പെടാറുണ്ട്. വെള്ള കളറിലുള്ള ഡ്രസ് കോഡ് ഉപയോഗിക്കുന്നതുകൊണ്ട് സാധാരണക്കാരായ ആളുകൾക്ക് കിട്ടുന്നതിൽ കൂടുതൽ മതിപ്പ് തനിക്ക് സമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് വൈറ്റ് ചേട്ടൻ പറയുന്നു. തുടന്നുള്ള കാലവും വൈറ്റിനെ സ്നേഹിച്ച് മുന്നോട്ട് പോകുവാനാണ് വൈറ്റ് ചേട്ടന്റ തീരുമാനം.
District News
എരുമേലി: പമ്പാവാലി സ്വദേശി മോഷണക്കേസിൽ വടശേരിക്കരയിൽ അറസ്റ്റിൽ. മോഷ്ടിച്ചത് 22,500 രൂപയും സിസിടിവിയുടെ വൈഫൈ മോഡവും വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, ഒരു കത്തി എന്നിവയ്ക്കു. പമ്പാവാലി എരുത്വാപ്പുഴ അണിയറ സുമേഷ് മോഹനൻ (31) ആണ് അറസ്റ്റിലായത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനുകളിലും മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. വടശേരിക്കരയിൽ മണിയാറ്റ് പ്ലാസയ്ക്ക് സമീപം ഫ്രൂട്ട് സ്റ്റാളിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റിലായത്. മോഷണത്തിനിടെ പ്രതിയിൽ നിന്ന് നഷ്ടപ്പെട്ട ചില വസ്തുക്കളാണ് പൊലിസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്.
പെരുനാട് പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മിഥുൻ അശോക്, സീനിയർ സിവിൽ പൊലിസ് ഓഫീസർ വിജേഷ്, സിപിഒമാരായ അക്ഷയ് വേണു, അരുൺ എന്നിവർ അടങ്ങിയ സംഘം എരുമേലിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
District News
എലിക്കുളം: നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ടറിഞ്ഞും വിതയ്ക്കലിൽ പങ്കാളികളായും വിദ്യാർഥികൾ മടങ്ങി. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ എലിക്കുളം മല്ലികശ്ശേരി അമ്പലവയൽ പാടത്താണ് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വോളന്റിയർമാർ പഠനസന്ദർശനം നടത്തിയത്.
പാടമൊരുക്കൽ, നടീൽ, വിള പരിപാലനം, കൊയ്ത്ത്, നെല്ലരിയാക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടവും കർഷകരിൽ നിന്ന് ചോദിച്ചറിഞ്ഞു. വിത്തിടീലിലും കുട്ടികൾ പങ്കാളികളായി. എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗങ്ങളായ ജാൻസി ബേബി ആയിലൂക്കുന്നേൽ, ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ, നെൽ കർഷകരായ റോസമ്മ മാത്യു കോക്കാട്ട്, കെ.പി. സജീവ് പാറക്കടവിൽ, ടി.എൻ. കുട്ടപ്പൻ താന്നിക്കൽ എന്നിവർ ചേർന്ന് പഠനസംഘത്തെ സ്വീകരിച്ചു.
എലിക്കുളം അസിസ്റ്റന്റ് കൃഷി ഓഫിസർ എ.ജെ. അലക്സ് റോയ്, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ധന്യാ ജോബി, പ്രിൻസിപ്പൽ പി. ഓമന, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ജിലു സെബാസ്റ്റ്യൻ, അധ്യാപകരായ സ്റ്റെല്ലാ ജോർജ്, രാജേഷ് തോമസ്, വി.എസ്. സെബാസ്റ്റ്യൻ, ടിബിൻ തോമസ്, വിദ്യാർഥി കൺവീനർമാരായ ദേവിക പി. സുനിൽ, ജ്യോതീന്ദ്രനാഥ് മിഥിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനസംഘമെത്തിയത്.
District News
വാഴൂർ: മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം തേടി നിവേദനം. വാഴൂർ ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ പാനൽ ഇതുസംബന്ധിച്ച് പ്രഫ. റോണി കെ. ബേബി എംഎൽഎയ്ക്ക് നിവേദനം നൽകി.
ചാമംപതാൽ എസ്ബിടി കവല - കാനം റോഡ്, വെട്ടുവേലി -വൈഎംസിഎ പടി വഴി കാനം റോഡ്, നാലാംമൈൽ - ഇളങ്ങോയി പാലം റോഡ് എന്നിവ റീടാർ ചെയ്യണം, ഉള്ളായം, ചാമംപതാൽ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം, കാഞ്ഞിരപ്പാറ കവലയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണം, വാഴൂരിലെ ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിന് ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
District News
എരുമേലി: റോഡരികിൽ വീഴാറായ വനത്തിലെ മരങ്ങൾ എരുമേലി കനകപ്പലം പൊന്തൻപുഴ റൂട്ടിൽ അപകടം സൃഷ്ടിക്കുന്നത് നിരവധി തവണ. കഴിഞ്ഞ ദിവസം രാത്രിയിൽ പൊന്തൻപുഴ പ്ലാച്ചേരി റോഡിൽ വീണത് വൻ മരമാണ്. ഇന്നലെ വൈകുന്നേരം വരെയും ഇതുവഴി ഗതാഗതം ആരംഭിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം കനകപ്പലം റൂട്ടിൽ മരം വീണ് ഗതാഗതം തടസമുണ്ടായത് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി പരിഹരിച്ചിരുന്നു.
മരം വീഴുമ്പോൾ കടന്നുപോയ ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അതേസമയം പൊന്തൻപുഴ - പ്ലാച്ചേരി റൂട്ടിൽ വീണ വൻ മരം നീക്കാനുള്ള ജോലികൾ ഇന്നലെ വൈകുന്നേരത്തോടെയാണ് പൂർത്തിയായതെങ്കിലും ഇനിയും വൈദ്യുതി വിതരണം പൂർണ തോതിലായിട്ടില്ല. കെഎസ്ഇബിക്ക് ഉണ്ടായത് വൻ നഷ്ടമാണ്. പോസ്റ്റുകളും ലൈനുകളും തകർത്താണ് മരം വീണത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രിയിൽ മരം മുറിച്ചുനീക്കാൻ നടത്തിയ ശ്രമം പൂർണമായി സാധിച്ചില്ല. തുടർന്നാണ് ഇന്നലെ രാവിലെ വീണ്ടും മരം മുറിക്കൽ ആരംഭിച്ചത്. തകർന്നുവീണ ലൈനുകളും പോസ്റ്റുകളും കെഎസ്ഇബി ജീവനക്കാർ ഇന്നലെ രാവിലെയോടെ നീക്കാൻ ജോലികൾ തുടങ്ങി. പ്രദേശത്ത് ഒരു ദിവസമായി വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. തകർന്ന ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയായ ശേഷം വൈദ്യുതി വിതരണം സുഗമമാകുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ റോഡിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. റാന്നി വഴി പ്ലാച്ചേരിയിൽ എത്തി വാഹനങ്ങൾ മുക്കട വഴി ചാരുവേലി റൂട്ടിൽ സഞ്ചരിച്ച് പൊന്തൻപുഴ റോഡിൽ പ്രവേശിക്കാം. മണിമല റൂട്ടിൽ പൊന്തൻപുഴയിൽ എത്തുന്ന വാഹനങ്ങൾക്ക് റാന്നി റൂട്ടിൽ പോകാൻ ചാരുവേലി മുക്കട വഴി പ്ലാച്ചേരിയിൽ എത്തി കടന്നുപോകാം. ഈ രീതിയിലാണ് നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അനാസ്ഥ വനം വകുപ്പിൽ
കേടായ മരങ്ങളും ശിഖരങ്ങളും വനം വകുപ്പ് മുറിച്ചുമാറ്റിയാൽ വനപാതയിൽ മരങ്ങൾ വീഴുന്ന അപകടങ്ങൾ തുടരില്ല. മരങ്ങൾ കേടായവ വെട്ടിമാറ്റാൻ ജനപ്രതിനിധികൾ ഉൾപ്പടെ നിവേദനങ്ങൾ പല തവണ വനം വകുപ്പിൽ നൽകി. ഒടുവിൽ മുഖ്യമന്ത്രിക്കും നൽകി. എന്നാൽ, അതിലൊന്നും ഒരു നടപടികളുമുണ്ടായിട്ടില്ല. വനത്തിലൂടെ കടന്നുപോകുന്ന രണ്ട് റോഡാണ് എരുമേലി പൊന്തൻപുഴ റൂട്ടിൽ ഉള്ളത്. ഒന്ന് കനകപ്പലം മുതൽ മുക്കട വരെ നീളുന്ന പാത. മറ്റൊന്ന് മുക്കടയിൽ നിന്ന് പ്ലാച്ചേരിക്കും പ്ലാച്ചേരി മുതൽ പൊന്തൻപുഴ വരെയുമുള്ള പാത. ഈ പാതകളിൽ ഓരോ വൈദ്യുതി പോസ്റ്റിന്റെയും ചുവടിൽ നോക്കിയാൽ തകർന്നു വീണ വൈദ്യുതി പോസ്റ്റുകളുടെ അവശിഷ്ടങ്ങൾ നിരവധി കാണാം. ഒരു പോസ്റ്റിന്റെ ചുവട്ടിൽ കുറഞ്ഞത് മൂന്ന് പോസ്റ്റുകളുടെ എങ്കിലും അവശിഷ്ടങ്ങളുണ്ട്.
കനകപ്പലം, പൊന്തൻപുഴ റൂട്ടുകളിൽ ഭീതിയോടെ അല്ലാതെ യാത്ര ചെയ്യാൻ സാധിക്കില്ല. ഒട്ടേറെ മരങ്ങൾ റോഡിൽ ചെരിഞ്ഞു വീഴാറായ അവസ്ഥയിലാണ്. പലതിന്റെയും ശിഖരങ്ങൾ മുറിച്ചാൽ അപകട സാധ്യതയ്ക്ക് കുറവുണ്ടാകും. എരുമേലി, മണിമല കെഎസ്ഇബി സെക്ഷൻ ഓഫിസുകളിൽനിന്ന് കത്തുകൾ നൽകിയതാണ്. പലപ്പോഴായി നൂറിൽ പരം പോസ്റ്റുകൾ കെഎസ്ഇബിക്ക് ഈ പാതകളിൽ മരങ്ങൾ വീണ് തകർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ആണ് അപകട മരങ്ങൾ മുറിച്ചുമാറ്റാൻ വനം വകുപ്പിന് കെഎസ്ഇബി കത്തുകൾ നൽകിയത്. ഒരു കത്തിന് പോലും വനം വകുപ്പ് മറുപടി നൽകിയിട്ടല്ലെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.
District News
പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മാര് സ്ലീവാ മെഡിസിറ്റിയില് പതിവായി രക്തദാനം നടത്തുന്ന ജീവനക്കാര്ക്കു ആദരവ് നല്കി. ആശുപത്രി മാനേജിംഗ് ഡയറക്ടര് ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല് അധ്യക്ഷത വഹിച്ചു. കൃത്യമായ ഇടവേളകളില് രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവര്ത്തനങ്ങള് മാതൃകയും അഭിമാനകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാലാ ഡിവൈഎസ്പി ടി.എം. വര്ഗീസ് ഉദ്ഘാടനവും ആദരവും നിര്വഹിച്ചു.
രക്തദാനം ചെയ്യാന് സന്നദ്ധരായ ജീവനക്കാരെ ഉള്പ്പെടുത്തി എംഎസ്എം ബ്ലഡ് ഡോണേഴ്സ് സോണ് എന്ന വാട്സ്അപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും നടത്തി. കൃതൃമായ ഇടവേളകളില് അഞ്ചു തവണയില് കൂടുതല് രക്തം ദാനം ചെയ്ത ആശുപത്രിയിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. ചീഫ് ഓഫ് മെഡിക്കല് സര്വീസസ് എയര്കോമഡോര് ഡോ.പോളിന് ബാബു സന്ദേശം നല്കി. പബ്ലിക് റിലേഷന്സ് സീനിയര് മാനേജര് ജീസ്മോന് ബേബി, ഹ്യൂമന് റിസോഴ്സസ് അസി. മാനേജര് മാഗി മാത്യു എന്നിവര് പ്രസംഗിച്ചു.
District News
പാലാ: നൂതന സാങ്കേതികവിദ്യകള് കര്ഷകര്ക്ക് ലഭ്യമാക്കി ഉത്പാദന ക്ഷമത വര്ധിപ്പിക്കാനും മൂല്യ വര്ധിത ഉല്പന്ന നിര്മാണത്തിലൂടെ വരുമാന വര്ധനവ് ഉറപ്പുവരുത്താനും കൃഷി വിജ്ഞാന കേന്ദ്രങ്ങള്ക്ക് സാധിക്കുന്നതായും ഇവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്ഡിനേറ്റര് ഡോ. എലിസബത്ത് ജോസഫ്. രൂപതയുടെ കര്ഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യല് വെല്ഫെയര് സൊസൈറ്റി സംഘടിപ്പിച്ച വാഴ കര്ഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പാലാ ഷാലോം പാസ്റ്ററല് സെന്ററില് സഘടിപ്പിച്ച വാഴ കര്ഷക സംഗമത്തില് പിഎസ്ഡബ്ലിയുഎസ് ഡയറക്ടര് ഫാ. ജോസഫ് വാട്ടപ്പിള്ളില് അധ്യക്ഷത വഹിച്ചു. ഡോ. ആശ വി. പിള്ള, ഫാ. ജോര്ജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. മാത്യു പുളിക്കപ്പറമ്പില്, ഫാ. ഫ്രാന്സിസ് ഇടത്തിനാല്, ഡാന്റീസ് കൂനാനിക്കല്, പി.വി. ജോര്ജ് പുരയിടം, ടോണി സണ്ണി, ഷീബാ ബെന്നി, തോമസ് ജോര്ജ്, സൗമ്യ ജെയിസ്, ടോണി കണിപറമ്പില് എന്നിവര് പ്രസംഗിച്ചു.
ഏത്തക്കായ്ക്കും ചെറുപഴങ്ങള്ക്കും വര്ധിച്ചുവരുന്ന ആവശ്യങ്ങള്ക്കനുസരിച്ച് ഉത്പാദനവും ന്യായവിലയും ഉറപ്പുവരുത്താനും വാഴയില, വാഴച്ചുണ്ട്, വാഴത്തട, വാഴപിണ്ടി എന്നിവ ഉപയോഗിച്ചുള്ള സമഗ്രമായ സംരംഭക പദ്ധതി വിഭാവനം ചെയ്യുന്നതിനുമായിട്ടാണ് വാഴ കര്ഷകരുടെ സംഗമം സംഘടിപ്പിച്ചത്.
ഗുണമേന്മയുള്ള വിത്തും വളവും കീടനാശിനിയും യഥാസമയം കര്ഷകര്ക്ക് ലഭ്യമാക്കി പന്ത്രണ്ടു മാസവും വിളവെടുക്കാന് കഴിയുന്ന സമഗ്രവും സുസ്ഥിരവുമായ പദ്ധതിയാണ് ലക്ഷ്യംവയ്ക്കുന്നത്. കൂട്ടായ്മയില് അംഗങ്ങളാകുന്ന കര്ഷകരുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില് കൊടുക്കല് വാങ്ങല് നടത്താനും രൂപതയുടെ ആഭിമുഖ്യത്തിലുള്ള പാലാ സാന്തോം ഫുഡ് ഫാക്ടറിയില് നിന്ന് മൂല്യവര്ധിത ഉത്പന്നങ്ങളുണ്ടാക്കി പാലനോവ ബ്രാൻഡില് ആഭ്യന്തര, വിദേശ വിപണിയിലെത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.
District News
പാലാ: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല് സംവിധാനം നിലവില്വരുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്ത്തിക്കുന്ന ആഡ്ന്യൂസ് ഇന്ത്യ എന്ന സിഗ്നല് മാനുഫാക്ചറിംഗ് കമ്പനിയാണ് നഗരത്തിലെ വിവിധ ജംഗ്ഷനുകളില് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല് സംവിധാനം സ്ഥാപിക്കുന്നത്. ഇതിനായി ഏകദേശം 50 ലക്ഷം രൂപ നഗരസഭ ചെലവഴിക്കും.
പദ്ധതിയുടെ ഭാഗമായി സിവില് സ്റ്റേഷന് ജംഗ്ഷനില് പത്ത് ദിവസത്തിനുള്ളില് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല് സ്ഥാപിക്കുമെന്ന് നഗരസഭാ ചെയര്പേഴ്സണ് മായാ രാഹുൽ, അഡ്ന്യൂസ് ഇന്ത്യ സിഗ്നല് മാനുഫാക്ചറിംഗ് കമ്പനി പ്രൊപ്രൈറ്റര് ഡാനിയല് തോമസ്, പാലാ ട്രാഫിക് എസ്ഐ ബി. സുരേഷ് കുമാര് എന്നിവര് പറഞ്ഞു.
നേരത്തേ ആര്വി ജംഗ്ഷനിലും മഹാറാണി ജംഗ്ഷനിലും സിഗ്നല് സംവിധാനം സ്ഥാപിച്ചിരുന്നു. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനവും രണ്ടാഴ്ചയ്ക്കുള്ളില് നടത്തും. വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ഗതാഗതം നിയന്ത്രിക്കാന് പുതിയ സംവിധാനത്തിന് കഴിയും
പരിശോധന നടത്തി
സിഗ്നല് സംവിധാനത്തിന്റെ പ്രവര്ത്തനങ്ങള് ആരംഭിക്കുന്നതിന്റെ ഭാഗമായി ആഡ് ന്യൂസ് ഇന്ത്യയുടെ പ്രവര്ത്തകര് കഴിഞ്ഞ ദിവസം വൈകുന്നേരം നഗരത്തിലെ വിവിധ സ്ഥലങ്ങളില് പരിശോധന നടത്തി.
ശബരിമല പാതയില് സുരക്ഷ ഉറപ്പാക്കും
പാലാ മേഖലയിലൂടെ കടന്നുപോകുന്ന ശബരിമല തീര്ഥാടന പാതയിലെ അപകടസ്ഥലങ്ങളില് വാണിംഗ് ഫ്ലാഷര് അഥവാ ബ്ലിങ്കര് സംവിധാനം സ്ഥാപിക്കും. അപകടസാധ്യതയുള്ള വളവുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും വാഹനയാത്രക്കാര്ക്ക് മുന്നറിയിപ്പ് നല്കുകയാണ് ലക്ഷ്യം. കോട്ടയം, ചങ്ങനാശേരി, പൊന്കുന്നം മേഖലകളില് ട്രാഫിക് സിഗ്നല് സംവിധാനങ്ങള് സ്ഥാപിച്ചിട്ടുള്ള കമ്പനിയാണ് ആഡ്ന്യൂസ് ഇന്ത്യ. ഇതേ മാതൃകയിലാണ് പാലായിലും സംവിധാനം ഒരുക്കുന്നത്.
District News
അരുവിത്തുറ: ഉന്നത വിദ്യാഭ്യാസരംഗത്ത് നൂതനാശയങ്ങൾ, സർഗാത്മകത, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത തെളിയിച്ച അരുവിത്തുറ സെന്റ് ജോർജ്സ് കോളജിന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ 2024-25 അക്കാദമിക് വർഷത്തെ ത്രീ സ്റ്റാർ റേറ്റിംഗ് ലഭിച്ചു.
നൂതനാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സമൂഹത്തിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള കോളജിന്റെ ശ്രമങ്ങൾക്കുള്ള അംഗികാരമാണ് ത്രീ സ്റ്റാർ പദവി ലഭ്യമായത്. ഉയർന്നുവരുന്ന സാമൂഹിക, സാങ്കേതിക, വ്യാവസായിക രംഗങ്ങളിൽ സർഗാത്മക ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും സംരംഭകത്വ സംരംഭങ്ങളിൽ പങ്കെടുക്കാനും ഭാവിയിലേക്ക് ആവശ്യമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കാനുമുള്ള ഒരു വേദിയാണ് കോളജിന്റെ ഐഐസി വിദ്യാർഥികൾക്ക് നൽകുന്നത്.
കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ, പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കോളജ് ഐഐസി കൺവീനർ ഡോ. അനു തോമസ്, ഐക്യൂഏസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക് കോ-ഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം സാധ്യമായത്. സംസ്ഥാനത്ത് ഏതാനും സ്ഥാപനങ്ങൾക്ക് മാത്രമാണ് ത്രീ സ്റ്റാർ പദവി ലഭ്യമായിട്ടുള്ളത്. കാമ്പസിൽ ഒരുക്കിയിട്ടുള്ള ഗവേഷണ സൗകര്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ പുതിയ കണ്ടുപിടുത്തങ്ങളിലേക്കും സംരംഭകത്വങ്ങളിലേയും കടന്നുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം അരുവിത്തുറ കോളജിന് സ്വന്തമായത്.
District News
കോട്ടയം: ദീപികയുടെ വിവിധ വിഭാഗങ്ങളിൽ ദീർഘകാലമായി സേവനം അനുഷ്ഠിച്ചശേഷം വിരമിച്ച നാലു പേർക്ക് യാത്രയയപ്പ് നൽകി. റിപ്പോർട്ടർ എം.ജെ. ജോസ്, ഓൺലൈൻ വിഭാഗത്തിലെ ടോമി കെ. ജോർജ്, ഇലക്ട്രിക്കൽ വിഭാഗത്തിലെ തോമസ് കെ. ജോർജ്, ഹൗസ് കീപ്പിംഗ് വിഭാഗത്തിൽനിന്നുള്ള ജോർജ് ജേക്കബ് എന്നിവരാണ് വിരമിച്ചത്.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടും ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിലും ചേർന്ന് മെമന്റോയും ഉപഹാരവും സമ്മാനിച്ചു.
District News
പുത്തൂർ: പഞ്ചായത്തിന്റെയും പുത്തൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.
പുത്തൂർ സെന്റ് തോമസ് ഫെറോന പള്ളി ഹാളിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക സനീഷ് അധ്യക്ഷത വഹിച്ചു. നാളെവരെ സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്തയിൽ സൗജന്യ പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം, ഗുണമേന്മയേറിയ ടിഷു കൾച്ചർ വാഴത്തൈകൾ, തെങ്ങിൻതൈകൾ, വിവിധയിനം നടീൽ വസ്തുക്കൾ, വിവിധ മൂല്യവർധിത വസ്തുക്കളുടെ വിപണനം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. തിലകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. മാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ശ്രീനിവാസൻ, പഞ്ചായത്ത് അംഗങ്ങളായ ജയ ഗോപി, എം.എം. സേതുമാധവൻ, വി.ആർ. രമേഷ്, രേഖാ ചാക്കോ, മനു പുഴക്കൽ, സിബി അജി വാരപ്പെട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
District News
മണ്ണുത്തി: ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ കലാകായിക സാഹിത്യ ക്ലബുകളുടെ ഉദ്ഘാടനം പീച്ചി പോലീസ് സിഐ അമീർ അലി ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ആൻഡ് മാനേജർ ഫാ. ജോയ്സ് തോണിക്കുഴിയിൽ എസ്ഡിബി അധ്യക്ഷനായിരുന്നു.
ഡോൺ ബോസ്കോ പ്രിൻസിപ്പൽ ഫാ.ടോമി ചിറക്കൽ എസ്ഡിബി, ബ്രഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിന്നി മാനുവൽ എസ്ഡിബി, ഒ.ജെ. ലറ്റീഷ, രാഘേഷ്, ടി.പി. ഷീബ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ സംഗീതപരിപാടികളും നടന്നു.
District News
പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ തർപ്പണത്തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ. ഡേവിസ് കണ്ണമ്പുഴ അറിയിച്ചു.
കഴിഞ്ഞവർഷം ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകിയിരുന്നു. ഇത്തവണയും അതുപോലെ ഒരു കുടുംബത്തിന് വീട് നൽകുമെന്ന് ട്രസ്റ്റി സേവ്യർ വാകയിൽ, കൺവീനർ സി.എൽ. ജേക്കബ് എന്നിവർ പറഞ്ഞു.
പള്ളി അങ്കണത്തിൽ നടത്തുന്ന ദീപക്കാഴ്ചയ്ക്ക് പുറമെ ഇത്തവണ ഇടവകാതിർത്തിയിലെ റോഡുകളിൽ ദീപാലങ്കാരംനടത്തും. ഏതാണ്ട് ഏഴുകിലോമീറ്റർ ദൂരത്തിൽ നടത്തുന്ന വൈദ്യുതി പ്രഭയുടെ മുഴുവൻ ചെലവും ഇടവകക്കാരാണ് വഹിക്കുന്നതെന്ന് കൺവീനർ ബിജു മുട്ടത്ത് പറഞ്ഞു.
ദുക്റാന ഊട്ടിന് അരലക്ഷം വിശ്വാസികളെയാണ്പ്രതീക്ഷിക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കംനടത്തുണ്ടെന്ന് ജനറൽ കൺവീനർ ടി.ജെ. ഷാജു, ഊട്ട് കൺവീനർ കെ.ജെ. പോൾ എന്നിവർ അറിയിച്ചു.
District News
തൃശൂർ: സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥികളുടെ യുഎഇ ചാപ്റ്റർ രജത ജൂബിലി സ്മരണിക സ്മൃതിത്താളുകളുടെ ഇന്ത്യയിലെ വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ ഫാ.കെ.എ. മാർട്ടിൻ നിർവഹിച്ചു. സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.വി. അജി, യുഎഇ ചാപ്റ്റർ ഭാരവാഹികളായ മഹേഷ് പൗലോസ്, ബൈജു ജോസഫ്, സുഭാഷ് മേനോൻ, ആന്റോ കരോക്കാരൻ, സെയ്ഫി റാഫേൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി, ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്സുമാരുടെ അത്യാഹിത ശുശ്രൂഷാ നൈപുണ്യം പോഷിപ്പിക്കുക എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, അസി. ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, റിസർച്ച് കോ-ഓർഡിനേറ്റർ ഡോ.പി.ആർ. വർഗീസ്, ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി എസ്ഐസി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ, ജൂബിലി മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ സിജി ജോസ് എന്നിവർ പ്രസംഗിച്ചു.
ഡോ.പി.സി. രാജീവ്, ഡോ. ഡിയോ മാത്യു, ഡോ. ശ്രീകല രാധാകൃഷ്ണൻ, സിസ്റ്റർ ഡോ. ജൂഡി എസ്ഐസി, അനുഷ സെൽവിൻ മേരി എന്നിവർ ക്ലാസെടുത്തു.
District News
വാടാനപ്പിള്ളി: കടൽക്ഷോഭം രൂക്ഷം. പഞ്ചായത്തിലെ ഫസൽനഗർ മുതൽ പൊക്കാഞ്ചേരി ബീച്ചുവരെ 25 ഓളം വീടുകളിൽ വെള്ളംകയറി. ഇവിടത്തുകാരുടെ ആശ്രയമായ സീവാൾ റോഡ് തിരയടിച്ച് തകർന്നതോടെ യാത്രയും ദുരിതമായി. നിരവധി തെങ്ങുകളും വൈദ്യുതിത്തൂണും കടപുഴകി. വേലിയേറ്റത്തിലാണ് തിരയടിച്ച് കരയിലേക്ക് കയറി നാശംവിതച്ചത്. അഞ്ചുദിവസമായി കടലാക്രമണം തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ വേലിയേറ്റമാണ് സീവാൾ റോഡ് തകരാൻ കാരണമായത്. ഒരു ഭാഗത്തുമാത്രം നേരിയ തോതിൽ കരിങ്കല്ലടിക്കുക മാത്രമാണ് അധികൃതർചെയ്തത്. അപകടഭീഷണി നേരിടുന്ന ഭാഗത്ത് കരിങ്കല്ല് നിരത്താതിരുന്നതാണ് സീവാൾ റോഡ് ഒലിച്ചുപോകാൻ കാരണമായത്. റോഡിന് മുകളിലൂടെ വെള്ളം അടിച്ചുകയറിയാൽ പരിസരത്തെ നിരവധി വീടുകൾ തകരുമെന്ന അവസ്ഥയാണ്. റോഡ് തകർന്നതോടെ സ്കൂൾ ബസുകൾക്ക് ഇവിടേയ്ക്ക് എത്താൻ കഴിയാത്തതിനാൽ കുട്ടികളും രക്ഷിതാക്കളും പ്രയാസത്തിലാണ്. മേഖലയിൽ ശാസ്ത്രീയമായി കടൽഭിത്തി നിർമിക്കാതിരുന്നതാണ് കടലാക്രമണം ശക്തമായി നാശംവിതയ്ക്കാൻ കാരണമായത്. ഓരോ വർഷവും കടലാക്രമണം മൂലം വൻ നാശമാണുണ്ടാകുന്നത്.
കടലാക്രമണം തടയാൻ പുലിമുട്ടോ, ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തിയോ നിർമിക്കണമെന്നാണ് കടലോര നിവാസികളും മത്സ്യത്തൊഴിലാളികളും വർഷങ്ങളായി ആവശ്യപ്പെടുന്നത്. എന്നാൽ മാറിവരുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളൊന്നും വേണ്ട നടപടികൾ കൈകൊള്ളുന്നില്അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്ന് ഒന്നാം വാർഡ് അംഗം പി.കെ. സുധർമൻ ആവശ്യപ്പെട്ടു. 25 വീടുകളിൽ വെള്ളം കയറിയതായും സുധർമൻ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: നാഷണല് സ്കൂളില് വിജയോത്സവവും എംഎല്എ എക്സലന്സ് അവാര്ഡ് ദാനവവും സംഘടിപ്പിച്ചു. അഡ്വ. തോമസ്് ഉണ്ണിയാടന് എംഎല്എ പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു.
District News
ഇരിങ്ങാലക്കുട: പകര്ച്ചവ്യാധികള്ക്കെതിരെയുള്ള പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച മാസ് ക്ലീനിംഗ് ഡ്രൈവ് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വാര്ഡ് കൗണ്സിലര് ഡെലി സിജു യോഹന്നാന് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.എ. പോള്, റോണി പോള് മാവേലി, കൗണ്സിലര്മാരായ കെ.എസ്. പ്രസാദ്, എം.എസ്. ദാസന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് ഷാജു പാറേക്കാടന്, ഷൈജോ ജോസ്, ക്ലീന് സിറ്റി മാനേജര് എസ്. ബേബി, എ. നിസാര്, വി.എ. ഇംന എന്നിവര് നേതൃത്വം നല്കി.
District News
കൊരട്ടി: കൊരട്ടി ലിറ്റിൽഫ്ലവർ കോൺവന്റ്് ഹൈസ്കൂളിൽ 2026 - 27 അധ്യയനവർഷത്തെ സാഹിത്യ സമാജത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ എൽസ ജോസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണിഗായികയും സംഗീത സംവിധായകയുമായ സോണി സായ് മുഖ്യാതിഥിയായി.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ റാണിറ്റ്, പിടിഎ വൈസ് പ്രസിഡന്റ് മനോജ് ജോസഫ്, എംപിടിഎ പ്രസിഡന്റ്് ദീപ ജോഷി, സ്റ്റാഫ് പ്രതിനിധി ബിജോയ് ജെയ്സൺ എന്നിവർ പ്രസംഗിച്ചു.
District News
മാരാംകോട്: സെന്റ് ജോസഫ് ദേവാലയം കൂർക്കമറ്റം സെന്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുനാളിന് വികാരി ഫാ. ജിനോജ് കോലഞ്ചേരി കൊടിഉയർത്തി. ഇന്നു വൈകീട്ട് ആറിന് നോവേന നടക്കും. നാളെ വൈകിട്ട് 5.30 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ആന്റണി നമ്പളം കാർമികത്വംവഹിക്കും. കൈക്കാരൻമാരായ ജെയിംസ് വടാശേരി, നെൽസൻ ജോസ് കാളഞ്ചേരി, ജോസ് മാളക്കാരൻ, കൺവീനർമാരായ നിധിൻ ബോബൻ നെല്ലൻകുഴിയിൽ, ജോജി പടിഞ്ഞാക്കര എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.
District News
കൂരിക്കുഴി: കയ്പമംഗലത്ത് രണ്ട് സ്ത്രീകൾക്ക് തെരുവ് നായയുടെ കടിയേറ്റു. പള്ളത്ത് നിർമല, കൈതവളപ്പിൽ സനേഹ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കയ്പമംഗലം ബീച്ചിലെ കോഴിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് തളിക്കുളം അനിമൽ സ്ക്വാഡിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വാർഡ് മെമ്പർ പി.ടി.രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടി.
നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കയ്പമംഗലം പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ഏതാനും ആഴ്ചകൾക്കു മുൻപേ മൂന്നുപീടികയിൽ ബസ് കാത്തു നിന്നിരുന്ന അമ്മയെയും മകനെയും ഉൾപ്പെടെ ആറുപേരെ കടിച്ചിരുന്നു. കൂടാതെ പല ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായ്ക്കൾ ഓടിച്ചു ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. വീട്ടിൽ വളർത്തിക്കൊണ്ടിരിക്കുന്ന ആടുകളെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
ഇതേതുടർന്ന് പഞ്ചായത്ത് അധികൃതരുടേയും മൃഗസംരക്ഷണ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇറച്ചി വ്യാപാര സ്ഥാപന ഉടമകൾക്കും പൊതു ജനങ്ങൾക്കും മറ്റും കർശന നിർദേശങ്ങൾ ആരോഗ്യ വകുപ്പും പുറത്തിറിക്കിയിരുന്നു.
കൂട്ടില് കെട്ടിയ എട്ട് ആടുകള് ചത്തു
കരൂപ്പടന്ന: കരൂപ്പടന്ന മേഖലയില് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഇടവഴിക്കല് സുഹറയുടെ വീട്ടിലെ എട്ട് ആടുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്ക്കുള്ളില് തെരുവുനായ്ക്കളുടെ ആക്രമണത്തില് ചത്തത്. അവശേഷിക്കുന്ന നാലെണ്ണത്തില് ഒരെണ്ണത്തിന് ചെറിയ കടിയേറ്റിട്ടുണ്ട്. ഈ ആട് നിരീക്ഷണത്തിലാണ്.
ഒരാഴ്ചമുന്പ് പുലര്ച്ചെ രണ്ടോടെയാണ് കൂട്ടമായെത്തിയ തെരുവുനായ്ക്കള് കൂട് തകര്ത്ത് കയറി ആടുകളെ ആക്രമിച്ചത്. ഒച്ചകേട്ട് വീട്ടുകാര് എഴുന്നേറ്റതോടെ തെരുവുനായ്ക്കള് ഓടിപ്പോയി. നാല് ആടുകള് അപ്പോള്ത്തന്നെ ചത്തു. രണ്ട് ആട്ടിന്കുഞ്ഞുങ്ങളെ നായ്ക്കള് കടിച്ചുകൊണ്ടുപോയി.
പത്തിലധികം നായ്ക്കള് ഉണ്ടായിരുന്നതായി വീട്ടുകാര് പറഞ്ഞു. കൂടാതെ കൂട്ടിലുണ്ടായിരുന്ന പ്രസവിക്കാറായ ഒരു ആടിനെ കടിച്ച് പരിക്കേല്പ്പിച്ചിരുന്നു. ഈ ആട് രണ്ടു ദിവസത്തിനകം ചത്തു.
വെള്ളിയാഴ്ച വീണ്ടും നായ്ക്കള് വരുകയും ഒരു തെരുവുനായ കൂട്ടില് കയറി ഒരാടിനെ കൂടി കടിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ ദിവസം രാവിലെ ചത്തു. ഇതിന് പേവിഷബാധയേറ്റതായി സംശയിക്കുന്നുണ്ട്.
20 വര്ഷമായി ആട്, കോഴി എന്നിവയെ വളര്ത്തിയാണ് സുഹറ ഉപജീവനം കണ്ടെത്തുന്നത്. സുഹറയുടെ ഭര്ത്താവ് സിറാജുദ്ദീന് ഹോട്ടല് ജോലിക്കാരനാണ്. വിവരം അറിയിച്ചതിനെത്തുടര്ന്ന് വെറ്ററിനറി ഡോക്ടര് എത്തിയിരുന്നതായി വീട്ടുകാര് പറഞ്ഞു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു മാസം മുന്പ് ഇവരുടെ 15 കോഴികള് തെരുവുനായ്ക്കളുടെ ആക്രമണത്തില് ചത്തതായും സുഹറ പറഞ്ഞു.
കരൂപ്പടന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരുന്ന എബിസി യൂണിറ്റ് പ്രവര്ത്തിക്കാത്ത സ്ഥിതിയാണെന്നും വെള്ളാങ്കല്ലൂര് മുന് പഞ്ചായത്തംഗം എം.എച്ച്. ബഷീര് പറഞ്ഞു.
District News
ഇരിങ്ങാലക്കുട: ഒാസ്ട്രേലിയന് എംപിയും മുന് മന്ത്രിയും മേയറുമായിരുന്ന ഡേവിഡ് ഹോഡ്ജെറ്റ് ബിഷപ് മാര് പോളി കണ്ണൂക്കാടനെ സന്ദര്ശിച്ചു. വിദ്യാഭ്യാസ രംഗത്ത് പുരോഗതിക്കാവശ്യ ഇടപെടല് നടത്തി രണ്ട് രാജ്യങ്ങള്ക്കും ഗുണപ്രദമാക്കുന്നതിന് പാര്ലിമെന്റില് ഇടപെടല് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയിലെ മെല്ബണ് രൂപത മുന്ബിഷപ് മാര് ബോസ്കോ പുത്തൂരുമായും അദ്ദേഹം ചര്ച്ച നടത്തി.
ആര്ജെഡി സംസ്ഥാന ജനറല് സെക്രട്ടറി യൂജിന് മോറേലി, സിഎഫ്ഐ ലോ കോളജ് മാനേജര് പി.ജെ. മാത്യു, തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.