കേരളത്തിൽ പൂന്തോട്ടത്തിലും പൂന്തോട്ട സംരംഭത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുയാണ്. പൂച്ചെടികൾ, തണൽമരങ്ങൾ, ഇലച്ചെടികൾ, വെള്ളച്ചാട്ടങ്ങൾ, പ്രതിമകൾ, പുൽത്തകിടികൾ, ഇരുപ്പിടങ്ങൾ എന്നിവയുള്ള പൂന്തോട്ടങ്ങൾ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്.
ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ച് വീട്, ഓഫീസ് എന്നിവിടങ്ങളിൽ വന്പൻ ഉദ്യാനങ്ങൾ സജ്ജീകരിച്ചുകൊടുക്കുന്ന സംരംഭങ്ങൾ നിരവധിയുണ്ട്. സൂര്യപ്രകാരം കടന്നെത്തുന്ന അകത്തളങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതും പുതിയ ട്രെൻഡാണ്.
സ്നേക് പ്ലാന്റ്, പീസ് ലിലി, അലോ, ഫിറ്റോണിയ, അലങ്കാര കള്ളിച്ചെടികൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ചെടികൾക്കും മുറിയുടെ ഭംഗിക്കും ഇണങ്ങുന്ന രീതിയിലുള്ള സെറാമിക്, ഫൈബർ, ഗ്ലാസ്, വിയറ്റ്നാം പോട്ടുകളിലാണ് ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത്.
ഓഫീസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചിട്ടുണ്ട്. മുറികളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ പ്ലാന്റുകൾക്കു സാധിക്കുന്നതിനാൽ വൻ ഡിമാൻഡ് ആണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അലങ്കാരച്ചെടികൾക്കും പൂച്ചെടികൾക്കും ഓർക്കിഡിനും പിന്നാലെ, കടൽ കടന്നെത്തുന്ന ഡിസൈൻഡ് ടോപ്പിയറി വൃക്ഷങ്ങളും പൂന്തോട്ടങ്ങളിൽ പ്രധാനിയാണ്.
ടോപ്പിയറി ചെയ്തു വിവിധ ആകൃതിയിൽ വളർത്തിയെടുക്കുന്ന മാൽപീജിയ, കോണിഫർ, പോഡോകാർപസ്, ബൊഗേൻവില്ല, ഫീക്കസ്, പാംസ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ടോപ്പിയറി ചെയ്ത മൾട്ടി കളേർഡ് ബൊഗേണ്വില്ലയാണ് വിപണിയിലെ താരം. ആൽവർഗത്തിൽപെട്ട ടോപ്പിയറി ചെയ്ത ഫീക്കസ് മരങ്ങൾക്കു ലക്ഷങ്ങളാണ് മാർക്കറ്റ് വില. പുൽത്തകിടിയിൽ പേൾ ഗ്രാസാണ് എല്ലാവരും ഉപയോഗിക്കുന്നത്.
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്തതിനാൽ പരിചരണം കുറച്ചുമതി. മെക്സിക്കൻ ഗ്രാസ്, ബഫലോ ഗ്രാസ് എന്നിവയ്ക്കു പകരമാണ് പേൾ ഗ്രാസ് ഉപയോഗിക്കുന്നത്.
കൂടാതെ, ആർട്ടിഫിഷൽ ഗ്രാസിനും ചെടികൾക്കും നല്ല ഡിമാൻഡുണ്ട്. കൃഷി അനുബന്ധ മേഖലയിൽ ഉദ്യാനപരിപാലനം ലാഭകരമായ സംരംഭമേഖലയാണ്.