National
ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബക്രീദിന്റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.
Kerala
കൊച്ചി: നിക്കോട്ടിന്, ടാര്‍ എന്നിവയുടെ അളവ് സിഗരറ്റ് പായ്ക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി പ്രഭാകര്‍ ഹൈക്കോടതിയില്‍.
ഇവയുടെ അളവ് നാമമാത്രമാണെന്നു കണ്ടാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യത കുറവാണെന്ന തെറ്റിദ്ധാരണ ഉപയോക്താക്കളില്‍ ഉണ്ടാക്കാനിടയുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളും ഇത്തരം കണക്കുകള്‍ രേഖപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
പുകയില ഉത്പന്നങ്ങളില്‍ നിലവില്‍ നല്കുന്ന ചിത്രങ്ങള്‍ സഹിതമുള്ള മുന്നറിയിപ്പുകള്‍ ഫലപ്രദമാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമത്തിലെ ചില വ്യവസ്ഥകള്‍ വിജ്ഞാപനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്കു കഴിയില്ല.
സിഗരറ്റ് പായ്ക്കറ്റുകളില്‍ ഇവയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നത് പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലിന മുഖേന കേന്ദ്രം മറുപടി നല്‍കിയത്.
പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എം.സങ്കീര്‍ത്തന നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഹര്‍ജി വീണ്ടും 30ന് പരിഗണിക്കും.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.
ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ ആര്.ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പരാതി മജിസ്ട്രേറ്റ് പോലീസിന് കൈമാറിയതെന്ന് ശ്രീലേഖ ഹര്‍ജിയില്‍ പറയുന്നു.
സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് സൊസൈറ്റി നല്കിയ പരാതിയിൽ മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ശ്രീലേഖയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി മ്യൂസിയം പോലീസിനോട് റിപ്പോര്‍ട്ട് തേടി.
അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് ശ്രീലേഖയ്ക്ക് വ്യക്തമായി അറിയാം. അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
Kerala
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് നിരന്തരം പരോള്‍ നൽകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. 12-ാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
അച്ഛന്റെ സഹോദരന്റെ മകന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പത്തുദിവസത്തെ പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. എന്നാൽ ഈ അപേക്ഷ തള്ളിക്കൊണ്ടാണ് രൂക്ഷ വിമർശനവുമായി കോടതി രംഗത്തെത്തിയത്.
ടി.പിക്കേസ് പ്രതികൾക്ക് മാത്രം എന്തിനാണ് നിരന്തരം പരോൾ നൽകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ജ്യോതി ബാബു. പത്തു ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാ തടവുകാരനെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ല. അപേക്ഷ നൽകുന്നതിൽ ഇതല്ല ശരിയായ രീതിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കഴിഞ്ഞ 22ന് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോള്‍ അനുവദിച്ചിരുന്നു.
വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് നൽകിയത്. ഇതിന് ഏതാനം ദിവസങ്ങൾക്കു മുമ്പ് കേസിലെ മറ്റൊരു പ്രതിയായ ടി.കെ.രജീഷിനും പരോള്‍ അനുവദിച്ചിരുന്നു.
ഈ കേസിലെ പ്രതികൾക്ക് തുടർച്ചയായി പരോൾ ലഭിക്കുന്നതിൽ അന്വേഷണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
Kerala
തിരുവനന്തപുരം: മേയർ, ഡെപ്യൂട്ടി മേയർ സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടലംഘനം നടന്നെന്ന് ആരോപിച്ച് സിപിഎം ഹൈക്കോടതിയെ സമീപിക്കും. വിവിധ ദൈവങ്ങളുടെ പേരില്‍ ചിലർ സത്യപ്രതിജ്ഞ ചെയ്തു.
ഇത്തരത്തിൽ 20 പേരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ആരോപിച്ചു. നഗരസഭയെ കാവിവത്കരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ നടന്നത്.
ഇതു സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്കി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞതെന്നും എസ്.പി. ദീപക് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി അനുമതി ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി റദ്ദാക്കിയത്.
വാട്ടർ അഥോറിറ്റിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതി കൊടുത്തത്. എന്നാൽ പിന്നീട് വാട്ടർ അഥോറിറ്റി അതിൽ നിന്ന് പിൻമാറിയെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ തന്നാൽ സർക്കാരിന് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. ബ്രൂവറിക്ക് അനുമതി നല്‍കിയത് അബ്കാരി അക്ടിന് എതിരെന്ന വാദം കോടതി അംഗീകരിച്ചില്ല. അനുമതിക്ക് പഞ്ചായത്തിന്റെ അംഗീകാരം വേണമെന്ന വാദവും കോടതി തള്ളിയെന്ന് മന്ത്രി പറഞ്ഞു.
ബ്രൂവറിക്ക് പ്രാഥമിക അനുമതി നല്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിശദമായ പഠനം നടത്താതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
Kerala
കൊച്ചി: എലപ്പുള്ളി ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. കാര്യമായ പഠനം നടത്താതെയാണ് അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് അനുമതി റദ്ദാക്കിയത്.
വിശദമായ പഠനം ഇക്കാര്യത്തിൽ വേണം. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2008 ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ബ്രൂവറി നിർമിക്കുന്നതിനായി എലപ്പുള്ളിയിൽ 26 ഏക്കർ സ്ഥലമാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ജലക്ഷാമം ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരെ നാട്ടുകാർ രംഗത്ത് വന്നതോടെയാണ് വിഷയം വിവാദമായത്.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ പോലീസ് കൺട്രോളറുടെ നിയമനത്തിൽ നിർദേശവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണം.
സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. പുതിയതായി നിയമിച്ച ആർ. കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്.
ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായ എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങളും നൽകണം.
തുടർച്ചയായി രണ്ട് വർഷത്തിലേറെ ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മുഴുവൻ വിവരങ്ങളും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകൾക്കും രാസ കുങ്കുമത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. പ്ലാസിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം
എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കോടതി കർശന നിർദേശം നൽകി. മണ്ഡല മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിനു നിർദേശം നൽകി.
ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസൺ 15ന് ആരംഭിക്കും.
Kerala
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോംഗ് റൂമിലുള്ള വാതിൽപ്പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
കണ്ടെടുത്ത സ്വര്‍ണപ്പാളി യഥാര്‍ത്ഥമാണോയെന്നും അല്ലെങ്കിൽ അതും ഉണ്ണികൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയോയെന്നും അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വര്‍ണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണം പൂശി നൽകിയത് 34 ഗ്രാം മാത്രമുള്ള വാതിൽപ്പാളിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കാനാണ് നിർദേശം.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തുകയാണ് ഹൈക്കോടതി. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യം വെച്ചത് രാജ്യാന്തര വിഗ്രഹ കടത്തെന്ന സംശയവും ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. 2019 ലെ ഭരണസമിതിക്കെതിരെയും അതിരൂക്ഷ വിമര്‍ശനമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി കൈവശം വെച്ചിട്ടും ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയുടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്റെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നേരത്തെയുള്ള കണ്ടെത്തൽ.
Kerala
കൊച്ചി: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി. പൊതുസേവകർ ഉൾപ്പെട്ട വഞ്ചനാക്കേസുകൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
ലഹരിമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1990 ലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്.
ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലായിരുന്ന അടിവസ്ത്രത്തിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഡാലോചന, വഞ്ചന, തെളിവുകൾ അപ്രത്യക്ഷമാക്കൽ, തെറ്റായ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ നെടുമങ്ങാട് കോടതിയിൽ വിചാരണ നടന്നത്.
ഐപിസി 409-ാം വകുപ്പ് കൂടി ചുമത്തണമെന്നാണ് ഹൈക്കോടതി നിർദേശം. നവംബർ ഇരുപതിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു.