Kerala
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുമെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി. പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഒന്നും അറിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു വിഷയം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്തകളിലൂടെയാണ് താൻ വിവരം അറിഞ്ഞതെന്നും, അങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് കെഎംആർഎൽന്റെ ഏകപക്ഷീയമായ പ്രഖ്യാപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയെ 'കേരളം മെട്രോ' റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ട് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് മെട്രോ മാതൃകകൾ പിന്തുടർന്നായിരുന്നു ഈ നീക്കം.
എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരങ്ങൾക്ക് വിധേയമായി മാത്രമേ അന്തിമ പേരുമാറ്റം നടപ്പാക്കാനാകൂ എന്ന് കെഎംആർഎൽ വ്യക്തമാക്കിയിരുന്നു. പേരുമാറ്റം നിലവിലെ സ്വത്തുക്കളെയോ ബാധ്യതകളെയോ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗ് മാറ്റങ്ങൾ നടപ്പാക്കുകയെന്നും എം.ഡി ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാനുള്ള ശിപാർശയ്ക്കെതിരെ കടുത്ത എതിർപ്പുമായി എറണാകുളം എംപി ഹൈബി ഈഡൻ. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് സമർപ്പിച്ച ഈ നിർദ്ദേശത്തിൽ അഭിപ്രായ ഐക്യമില്ലാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊച്ചിക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലെ ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് പേര് മാറ്റാൻ കെഎംആർഎൽ സർക്കാരിനോട് തത്ത്വത്തിലുള്ള അംഗീകാരം തേടിയത്. അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും, നാഗ്പൂർ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് ഈ നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുടെ അംഗീകാരങ്ങളോടെ മാത്രമായിരിക്കും അന്തിമ മാറ്റം.
എന്നാൽ, ചരിത്രബോധമില്ലാതെ എടുക്കുന്ന വിചിത്രമായ തീരുമാനമാണിതെന്നും കൊച്ചി മെട്രോയുടെ ബ്രാൻഡ് മൂല്യത്തെയും വൈദഗ്ധ്യത്തെയും നിലനിർത്തിക്കൊണ്ടുതന്നെ മറ്റ് പദ്ധതികൾ നടപ്പിലാക്കാമെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ഭാവിയിലെ പദ്ധതികൾക്ക് എന്ത് പേരിടണമെന്ന് അത് പൂർത്തിയാകുന്ന ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണെന്നും തിടുക്കത്തിൽ എടുത്തുചാടി പേര് മാറ്റരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേര് 'കേരള മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് മാറ്റാൻ ശുപാർശ. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.
കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് പേര് മാറ്റത്തിനായി സർക്കാരിന് ശുപാർശ നൽകിയത്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇതിന്റെ തുടർനടപടികളിലേക്ക് കടക്കും. അതിനുശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ അന്തിമമായി പേര് മാറ്റം നടപ്പിലാക്കുകയുള്ളൂ.
Kerala
കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട നിർമാണം നടക്കുന്നതിനാൽ കലൂരിൽ വൻ ഗതാഗത കുരുക്ക്. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് മെട്രോ പിങ്ക് ലൈനിന്റെ നിർമാണം പുരോഗമിക്കുന്നത്.
അതിനൊപ്പം റോഡ് നവീകരണവും നടക്കുന്നതിനാൽ കലൂർ മുതൽ പാലാരിവട്ടം വരെ കുരുക്കിൽ അമർന്നിരിക്കുകയാണ്. അതേസമയം മെട്രോയുടെ രണ്ടാംഘട്ടത്തിലെ ആദ്യ സ്ട്രെച്ചിന്റെ നിർമാണം ജൂൺ 30 നുള്ളിൽ പൂർത്തിയായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പൈലിംഗ് പ്രവൃത്തികൾ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തിയെങ്കിലും പ്രധാന ഘടനാ നിർമാണ പ്രവൃത്തികളുടെ വേഗക്കുറവാണ് കാലതാമസത്തിന് കാരണം. സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകൾ.
ഇവയിൽ പാലാരിവട്ടം ജംഗ്ഷൻ മുതൽ പടമുഗൾ വരെയുള്ള ആദ്യ സ്ട്രെച്ചിന്റെ നിർമാണം ജൂൺ 30നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനായിരുന്നു തീരുമാനം.