District News
മുക്കം: മുക്കം പൂളപ്പൊയിലിൽ വീടിന് നേരേ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.പൂളപ്പൊയിൽ സ്വദേശി അഹമ്മദ് കുട്ടിയുടെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെയോടെ കല്ലേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻവശത്തെ ചില്ലും തകർന്നു.
പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന് നേരെ വ്യാപകമായി കല്ലെറിയുകയായിരുന്നു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും കിടന്നിരുന്ന മുറിയുടെ ജനൽ ചില്ലുകളാണ് തകർന്നത്. ജനൽ ചില്ലുകൾ തകർന്ന് മുറിക്കകത്തേക്ക് കല്ല് തെറിച്ചുവീണെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് അഹമ്മദ് കുട്ടി മുക്കം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും, ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ മറ്റ് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇന്സ്പെക്ടര് ധന്യ ജയറാമിനാണ് പരിക്കേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയതായിരുന്നു സ്ത്രീ.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയിൽപ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
ഓഫീസിലെ ഫയലുകൾ ഇവർ വലിച്ചെറിയുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകൾക്കും പരിക്കേറ്റിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയില് കുളിക്കാനിറങ്ങിയവർക്ക് നീര് നായയുടെ കടിയേറ്റു. കുട്ടികള് ഉള്പ്പെടെ മൂന്ന് പേര്ക്കാണ് നീര് നായയുടെ കടിയേറ്റത്. മൂന്ന് പേര്ക്കും കാലില് ആഴത്തില് മുറിവേറ്റു.
മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയില് താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തില് അനീഷിന്റെ മകന് ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടില് എത്തിയ കാരശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദല് അഹമ്മദ്(9) എന്നിവര്ക്കാണ് പരിക്കേറ്റത്.
പുഴയിലെ തുമ്പോണ കടവില് കുളിക്കാന് ഇറങ്ങിയതായിരുന്നു ഇവര്. ഇവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേഖലയിൽ നീര് നായയുടെ സാന്നിധ്യം വര്ധിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.
Kerala
കോഴിക്കോട്: മുക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്. മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പില് മുഹമ്മദ് ഹനീഫ(36)യാണ് പിടിയിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ മുക്കം മിനി സിവില് സ്റ്റേഷന് സമീപത്തുള്ള ബസ് സ്റ്റോപ്പില് വച്ചാണ് 500 ഗ്രാം എംഡിഎംഎയുമായി ഇയാളെ കോഴിക്കോട് റൂറല് എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാന്സാഫ് സംഘം പിടികൂടിയത്.
കേരളത്തിലെ മൊത്ത വിതരണക്കാരില് പ്രധാനിയായ ഹനീഫയെ ഡാന്സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇയാള് ഡല്ഹില് നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.
തുടര്ന്ന് വില്പ്പനക്കായി ലഹരിവസ്തുക്കള് കൊണ്ട് പോവുന്നതിനിടെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇയാള് ഡല്ഹി കേന്ദ്രീകരിച്ച് വന്തോതില് ലഹരി കേരളത്തില് എത്തിക്കുന്ന ആളാണന്ന് പോലീസ് പറഞ്ഞു.
Kerala
കൊഴിക്കോട്: മുക്കത്ത് അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരിക്ക്. മണാശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷയ്ക്കാണ് നായയുടെ കടിയേറ്റത്.
അഭിഷയയുടെ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.
മറ്റൊരു വിദ്യാർഥിനിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
District News
മുക്കം: കാട്ടുപന്നി വേട്ടയുമായി ബന്ധപ്പെട്ട് കർഷകരും നഗരസഭാധികൃതരും തമ്മിൽ ഭിന്നത രൂക്ഷമായതിനിടെ മുക്കം നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. മണാശേരി കയ്യേരിക്കൽ, പള്ളിപ്പുറം, എടോനിമ്മൽ ഭാഗങ്ങളിൽ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുങ്ങ്, കപ്പ തുടങ്ങിയവയാണ് നശിപ്പിച്ചത്.
പള്ളിപ്പുറം അനിൽകുമാറിന്റെ 16 തെങ്ങിൻതൈകൾ 14 കമുങ്ങിൻ തൈകൾ, 30 വാഴത്തൈകൾ എന്നിവയും മണാശേരി നെറ്റിലാമ്പുറത് വിനോദിന്റെ രണ്ട് ഇടങ്ങളായി കൃഷി ചെയ്ത 75 ഓളം വാഴ തൈകൾ മണാശേരി സ്കൂളിന് അടുത്ത് താമസിക്കുന്ന സതീശന്റെ 100 ഓളം കപ്പയും ഏഴ് കമുങ്ങിൻ തൈകളും, ആറ് തെങ്ങിൻ തൈകളും മറ്റ് കർഷകരുടെ കൂർക്ക, ചേന, ചേമ്പ്, വാഴ, കമുങ്ങ്, തെങ്ങ് എന്നിവയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
മണാശേരി, കയ്യേരിക്കൽ, പള്ളിപ്പുറം, എടോനിമ്മൽ ഭാഗങ്ങളിൽ പന്നിവേട്ട നടത്തി കാട്ടുപന്നികളെ പിടികൂടാതെ പന്നിശല്യം കുറവുള്ള ഭാഗങ്ങളിൽ നഗരസഭാ അധികൃതർ കാട്ടുപന്നി വേട്ട നടത്തുന്നതിലും കർഷകർക്ക് പ്രതിഷേധമുണ്ട്. കാട്ടുപന്നി ശല്യത്തിന് എതിരേ മുക്കം നഗരസഭാ അധികൃതർ നടപടി എടുത്തില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുമെന്നും കർഷകർ പറഞ്ഞു.
District News
മുക്കം: കാട്ടുപന്നിവേട്ടയുമായി ബന്ധപ്പെട്ട വിഷയം മുക്കത്ത് രാഷ്ട്രീയ വിഷയമായി മാറുന്നു. മുക്കം നഗരസഭയിലെ വർധിച്ച് വരുന്ന കാട്ടുപന്നി ശല്യത്തിനെതിരേ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ മുക്കത്ത് പ്രതിഷേധ മാർച്ച് നടത്തി.
അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച മാർച്ച് മുക്കം നഗരം ചുറ്റി എസ്കെ പാർക്കിൽ സമാപിച്ചു. മുക്കം പാർക്കിൽ നടന്ന പ്രതിഷേധ സംഗമം കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.
വന്യ മൃഗസംരക്ഷണ നിയമത്തിന്റെ സെക്ഷൻ 11 രണ്ട് പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം കർഷകന് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കം നഗരസഭയിലെ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള് രാഷ്ട്രീയ പ്രേരിതവും കര്ഷകരെ വഞ്ചിക്കുന്നതുമാണെന്ന് മുക്കം നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു പറഞ്ഞു. കാട്ടുപന്നി ശല്യം ചര്ച്ച ചെയ്യുന്നതിനായി മണാശേരിയില് വിളിച്ചു ചേര്ത്ത കര്ഷകരുടെ യോഗത്തിലാണ് പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില് പന്നിവേട്ട നടത്തണമെന്ന ആവശ്യം കര്ഷകരില് നിന്നുയര്ന്നത്. അന്ന് നഗരസഭയില് രജിസ്റ്റര് ചെയ്ത എംപാനല് ഷൂട്ടര്മാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.
തുടര്ന്ന് നഗരസഭ നടത്തിയ പരിശ്രമങ്ങള്ക്കൊടുവില് കൂടുതല് ഷൂട്ടര്മാരെ കണ്ടെത്തുകയും അവര്ക്ക് നഗരസഭാ പരിധിയില് പന്നിയെ വേട്ടയാടാനുള്ള ഉത്തരവ് നല്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് വെസ്റ്റ്മണാശേരി പ്രദേശത്ത് ഞായറാഴ്ച പന്നിവേട്ട നടത്താന് തീരുമാനിക്കുകയും രണ്ടിടങ്ങളിൽ കർഷകരുടെ യോഗം വിളിച്ച് വേട്ടക്കാരെ സഹായിക്കാനുള്ള ഒരുക്കങ്ങള് നടത്തുകയും ചെയ്തിട്ടുണ്ട്. അംഗീകൃത ഷൂട്ടര്മാരാണ് വേട്ടയിൽ പങ്കെടുക്കുന്നത്. നഗരസഭയുടെ അംഗീകൃത ഷൂട്ടര്മാരെ ഉപയോഗിച്ച് ഞായറാഴ്ച പന്നിവേട്ട നടത്തുമെന്നും കര്ഷക പ്രേമം നടിച്ച് വരുന്ന കപട സംഘങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.