District News
കോട്ടയം: കേരള സർക്കാർ, കേരള പോലീസ്, കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന -ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്- മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സേ നോ ടു ഡ്രഗ്സ് - ടുഗദർ ഫോർ എ ഡ്രഗ് ഫ്രീ കേരളം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ജില്ലാ പോലീസ് മേധാവി സാബു മാത്യു, കാരിത്താസ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് എന്നിവർ നേതൃത്വം നൽകും. സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ, വിദ്യാർഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
District News
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികളെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പൂനൈ-കന്യാകുമാരി എക്സ്പ്രസില്‍ എത്തിയവരില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇറങ്ങിയ ഇവരിൽനിന്ന് പോലീസിന്റെ തൂഫാന് പരിശോധനയിലാണ് നാല് ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റൂബെല്‍ മണ്ഡല് (28), എസ്.കെ. ഹസിബുള്‍ (20) എന്നിവര്‍ക്കൊപ്പം പതിനേഴുകാരനുമാണ് പിടിയിലായത്. വസ്ത്രങ്ങളുടെ ഇടയില്‍ ഒളിപ്പിച്ച നിലയില്‍ നാലു ബാഗുകളിലായാണ് കഞ്ചാവ് എത്തിച്ചത്.
റെയില്‍വേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു സംഘത്തെ പിടികൂടിയത്. തിരുപ്പതിയില്‍നിന്നാണ് ട്രാവല്‍ ബാഗില്‍ ചെറിയ കിറ്റുകളാക്കി സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്.
പൂനെയില്‍നിന്ന് തിരുപ്പതി വഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ-കന്യാകുമാരി എക്സ്പ്രസിൽ സംഘം കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെയും തൊണ്ടിമുതലും കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
District News
കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കായംകുളം കീരിക്കാട് കണ്ണമ്പള്ളി തെക്കതിൽ വീട്ടിൽ അനന്തു(25)വിനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. നരഹത്യാശ്രമം, മയക്കുമരുന്ന് കടത്ത്, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന പ്രധാന കണ്ണിയായ ഇയാളെ കാപ്പ നിയമപ്രകാരം 2025 ഫെബ്രുവരിയിൽ ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നതായും പോലീസ് പറഞ്ഞു .
Kerala
തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്നും, മുഴുവൻ ജനങ്ങളും ഇതിനോട് അണിചേരണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.
എസ്എൻഡിപി മുഖപത്രമായ ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്നിനെതിരെയുള്ള സർക്കാർ നടപടി അഭിനന്ദനാർഹമാണ്. എന്നാൽ ഇപ്പോഴത്തെ നടപടി പുത്തനച്ചിപുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി.
നേരത്തെ വി.ഡി സതീശന് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം വെള്ളാപ്പള്ളി നടേശന് ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന് തന്നെ രംഗത്തെത്തുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എസ്എൻഡിപി പ്രവർത്തകർ ഈ ദൗത്യത്തിന്റെ ഭാഗമായി ഒത്തുചേരണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
District News
കായംകുളം: കുപ്രസിദ്ധ ഗുണ്ടയും കഞ്ചാവ് വിൽപ്പനക്കേസിലെ പ്രതിയുമായ കായംകുളം ചേരാവള്ളി മുല്ലശേരിൽ ഷെമീറിനെ (മാങ്ങാണ്ടി ഷെമീർ-40) കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി കായംകുളം, നൂറനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനി പ്പെടുത്തൽ, അതിക്രമിച്ച് കയറൽ, കാപ്പാ നിയമലംഘനം മുതലായ കേസുകളിൽ മാങ്ങാണ്ടി ഷെമീർ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മൂന്നുതവണ നാടുകടത്തൽ ഉൾപ്പെടെ ഇയാൾക്കെതിരേ മുമ്പ് കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി കഞ്ചാവ് എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയായ ഇയാളെ 2025 ജൂണിൽ താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരേ കാപ്പാ ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
District News
കുറ്റിപ്പുറം: ലഹരി നിർമാർജനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരിസംഘങ്ങൾക്കായി വലവിരിച്ച് പോലീസ്.
പരിശോധനയെത്തുടർന്ന് കുറ്റിപ്പുറം മറവഞ്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. മറവഞ്ചേരി അംബേദ്കർ കോളനിയിൽ താമസിച്ചിരുന്ന പാലക്കപ്പറന്പിൽ ശരവണൻ (35), കാലടി ചാലപ്പുറം കോളനിയിലെ അമയത്ത് ശ്രീനിവാസൻ (32)എന്നിവരെയാണ് കുറ്റിപ്പുറം സിഐ മണികണ്ഠന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീം പിടികൂടിയത്.
ഇവരിൽനിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വിപണനം നടത്തുന്നതിനുള്ള സാമഗ്രികളും പിടികൂടി. കൂടാതെ മടക്കി സൂക്ഷിക്കുന്ന കത്തിയും പെപ്പർ സ്പ്രേയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വില്പന നടത്തുന്നവരാണ് പിടിയിലായവർ.
കഞ്ചാവ് വാങ്ങി ഉപയോഗിച്ച വിദ്യാർഥികളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മറവഞ്ചേരി അങ്ങാടി മുതൽ ഗവണ്മെന്റ് കോളജ് വരെയുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തന്പടിച്ച് ലഹരി വില്‍ക്കുന്ന സംഘത്തെ തേടി ദൂരെ സ്ഥലങ്ങളിൽനിന്നു വരെ ആളുകൾ എത്തിയിരുന്നെന്നും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.
കുറ്റിപ്പുറം സിഐ മണികണ്ഠൻ, തിരൂർ ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ രാജേഷ്, സിപിഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പാണ്ടിക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരി വേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെല്ലിക്കുത്ത് മുക്കം സ്വദേശികളായ നന്പിയത്ത് ജാബിർ (31), പാലിയംക്കുന്നത്ത് മുഹമ്മദ് റിയാസ് (31) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുടിക്കോട് പാലം പരിസരത്ത് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഇവർ പിടിയിലാവുകയായിരുന്നു. ഇവർക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശൻ, എഎസ്ഐ അനൂപ് കുമാർ, എസ്സിപിഒമാരായ ഹാരിസ് ആലുംതറയിൽ, അജയൻ, സിപിഒ സജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.