കഞ്ചാവ് റെയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് ചുമന്നു കൊണ്ടുപോകുന്നു.
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാള്‍ സ്വദേശികളെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പൂനൈ-കന്യാകുമാരി എക്സ്പ്രസില്‍ എത്തിയവരില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇറങ്ങിയ ഇവരിൽനിന്ന് പോലീസിന്റെ തൂഫാന് പരിശോധനയിലാണ് നാല് ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റൂബെല്‍ മണ്ഡല് (28), എസ്.കെ. ഹസിബുള്‍ (20) എന്നിവര്‍ക്കൊപ്പം പതിനേഴുകാരനുമാണ് പിടിയിലായത്. വസ്ത്രങ്ങളുടെ ഇടയില്‍ ഒളിപ്പിച്ച നിലയില്‍ നാലു ബാഗുകളിലായാണ് കഞ്ചാവ് എത്തിച്ചത്.
റെയില്‍വേ പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു സംഘത്തെ പിടികൂടിയത്. തിരുപ്പതിയില്‍നിന്നാണ് ട്രാവല്‍ ബാഗില്‍ ചെറിയ കിറ്റുകളാക്കി സംഘം കോട്ടയത്തേക്ക് കഞ്ചാവ് എത്തിച്ചത്.
പൂനെയില്‍നിന്ന് തിരുപ്പതി വഴി കോട്ടയത്തേക്ക് എത്തുന്ന പൂനെ-കന്യാകുമാരി എക്സ്പ്രസിൽ സംഘം കഞ്ചാവുമായി എത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെയും തൊണ്ടിമുതലും കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Tags : Operation Toofan Nattuvishesham District news